രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സര്‍ക്കാര്‍ നടപടികളോട് സഹകരിക്കണം- മുഖ്യമന്ത്രി

https://www.mathrubhumi.com/polopoly_fs/1.4279709.1573733085!/image/image.jpg_gen/derivatives/landscape_894_577/image.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും സര്‍ക്കാര്‍ നടപടികളോട് പൂര്‍ണമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണനേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

ലോക്ക്ഡൗണ്‍ അനന്തമായി തുടരാന്‍ ആവില്ല. വാഹനഗതാഗതം കൂടുതല്‍ സജീവമാകുന്നുണ്ട്. പുതിയതായി രോഗം പിടിപെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. സംസ്ഥാനത്തേക്ക് പുറത്തുനിന്ന് എത്തുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ നാലു ദിവസം കൊണ്ട് 181 പുതിയ രോഗികള്‍ ഉണ്ടായി. കൂടുതല്‍ യാത്രാമാര്‍ഗങ്ങള്‍ തുറക്കുമ്പോള്‍ അത് ഇനിയും വര്‍ധിച്ചേക്കാം- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ നാടിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് നേരെ ആരും വാതില്‍ കൊട്ടിയടക്കില്ല. അവര്‍ വരുന്നത് വൈറസ് ബാധയുള്ള സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമാണ്. അപ്പോള്‍ ഇവിടെ അതിനാവശ്യമായ മുന്‍ കരുതല്‍ വേണ്ടിവരും. അതിന് ഇവിടേക്ക് വരുന്നവരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ജൂണില്‍ മഴ കൂടുമ്പോള്‍ മഴക്കാല രോഗങ്ങള്‍ പെരുകുകയും ചെയ്യും. അപ്പോള്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണ്ടിവരും. ഇതിനെല്ലാം ആവശ്യമായ ആസുത്രണം സര്‍ക്കാര്‍ നടത്തുകയാണ്.

സംസ്ഥാനത്തേക്ക് ആരും വരേണ്ടതില്ല എന്ന സമീപനം സര്‍ക്കാരിനില്ല. എന്നാല്‍ ജാഗ്രതയോടെയുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. വരുന്നവരെക്കുറിച്ചുള്ള പൂര്‍ണ വിവരം വേണം. അല്ലങ്കില്‍ അനിയന്ത്രിതമായ രോഗവ്യാപനം ഉണ്ടാകും. മറ്റ് പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ ക്വോറന്റീനില്‍ പോകണം. അക്കാര്യത്തില്‍ സര്‍ക്കാരുമായി പൂര്‍ണമായി സഹകരിക്കണം. ഈ ഘട്ടത്തില്‍ മറ്റൊന്നിലും താല്‍പര്യം കാണിക്കരുത്. നാടിന്റെ ഭാവിയുടെ പ്രശ്‌നമാണ്. രോഗവ്യാപനം തടയാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. എല്ലാവരും സര്‍ക്കാരിനോട് ഒന്നിച്ച് നില്‍ക്കണം.- മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

content highlights: everybody should cooperate with government-CM,covid-19