വാഗ്ദാനങ്ങള്‍ പാലിക്കുക എന്നതാണ് ലക്ഷ്യം; വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ആത്മവിശ്വാസവും ഹരിതാഭയുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഓഖി, നിപ്പ, പ്രളയം എന്നീ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം വ്യത്യസ്ത മേഖലകളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പത്രികയില്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ കാര്യങ്ങള്‍ പാലിക്കുക എന്നതില്‍ സര്‍ക്കാര്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഇതില്‍ മിക്ക കാര്യങ്ങളും നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വരും ദിവസങ്ങള്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ആത്മവിശ്വാസവും ഹരിതാഭയുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഓഖി, നിപ്പ, പ്രളയം എന്നീ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം വ്യത്യസ്ത മേഖലകളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓഖി, നിപ്പ, പ്രളയം എന്നീ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം വ്യത്യസ്ത മേഖലകളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞു എന്നതാണ് കാണാന്‍ സാധിക്കുക. നാലു വര്‍ഷവും വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തോടൊപ്പം ദുരന്തനിവാരണം എന്ന സുപ്രധാന ചുമതല കൂടി ഏറ്റെടുക്കേണ്ടി വന്നു എന്നതാണ് നമുക്കുണ്ടായ അനുഭവം. ഓരോ വര്‍ഷവും പുതിയ പ്രതിസന്ധിയോട് നേരിട്ടുകൊണ്ട് പൊരുതിയാണ് നാം കടന്നുവന്നത്.
എന്നാല്‍ ഒരു ഘട്ടത്തിലും നാം പകച്ചുനിന്നില്ല. ലക്ഷ്യങ്ങളില്‍നിന്നു തെന്നിമാറിയിട്ടുമില്ല. നമ്മുടെ ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് നമ്മുടെ സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ പ്രധാന ശക്തി സ്രോതസ്സായി മാറിയത്. തെരഞ്ഞെടുപ്പ് പ്രകടന പത്രിക ചിലര്‍ക്ക് തിരഞ്ഞെടുപ്പിന്റെ രംഗത്ത് ജനങ്ങള്‍ക്കുമേല്‍ വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് താല്‍കാലികമായി കബളിപ്പിച്ച് വോട്ട് നേടാനുള്ള ഒരു അഭ്യാസം മാത്രമാണ്. അതിന്റെ ഭാഗമായാണ് ചിലര്‍ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല എന്ന അവസ്ഥ തന്നെ ഉണ്ടായത്.
എന്നാല്‍ എല്ലാവര്‍ക്കും അറിയാം എല്‍.ഡി.എഫിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കാനുള്ളതാണ്. അതുകൊണ്ടാണ് എല്ലാ വര്‍ഷവും ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ നാലാം വര്‍ഷം പൂര്‍ത്തിയായി. നാലാം വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് വരുംദിവസങ്ങളില്‍ തന്നെ പ്രസിദ്ധീകരിക്കും. ഇത്തരത്തില്‍ സുതാര്യമായ ഭരണനിര്‍വഹണം ഇടതുസര്‍ക്കാരിന്റെ സവിശേഷതയാണ്.
ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ആത്മവിശ്വാസവും ഹരിതാഭയുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതു നേടാനായി നാല് സുപ്രധാന മിഷനുകള്‍ നേരത്തേ ആരംഭിച്ചിട്ടുണ്ട് ഇപ്പോള്‍ ലൈഫ് മിഷനിലൂടെ 219154 വീടുകള്‍ നിര്‍മിക്കാനായി. അതിന്റെ അര്‍ത്ഥം അത്രയും കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള പാര്‍പ്പിടം ലഭ്യമായി എന്നതാണ്.
ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങള്‍ക്ക് പാര്‍പ്പിട സമുച്ചയങ്ങള്‍ ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം കൊണ്ട് അത് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രാണഭയമില്ലാതെ അന്തിയുറങ്ങാന്‍ 2450 കോടി രൂപയുടെ പുനര്‍ഗേഹം പദ്ധതി ആവിഷ്‌കരിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ മികച്ച ഒരു നേട്ടമായി തന്നെയാണ് കരുതുന്നത്.
സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നത് അഞ്ചു വര്‍ഷത്തിനിടെ രണ്ടു ലക്ഷം പട്ടയം നല്‍കും എന്നാണ്. ഇതുവരെയുള്ള നില പരിശോധിച്ചാല്‍ 143000 പട്ടയം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച തടസ്സമാണ് ഈ ഘട്ടത്തില്‍ പൂര്‍ത്തിയാകുന്നതിന് വിഷമമുണ്ടാക്കിയത്. എന്നാല്‍ 35000 പട്ടയം കൂടി ഈ വര്‍ഷം തന്നെ നല്‍കാന്‍ കഴിയും.
ഒഴുക്ക് നിലച്ചു പോയ പുഴകളെ 390 കിലോമീറ്റര്‍ നീളത്തില്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഹരിത കേരള മിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. അതില്‍ എടുത്ത് പറയത്തക്ക ഒന്നാണ് ഇത്. കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, ജലാശയങ്ങള്‍ എന്നിവയെല്ലാം ശുദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 546 പുതിയ പച്ചതുരുത്തുകള്‍ സൃഷ്ടിച്ചു. പരിസ്ഥിതി സംരക്ഷണം കേരളീയന്റെ ജീവിതചര്യ തന്നെയാക്കാന്‍ ഹരിത കേരള മിഷനിലൂടെ കഴിഞ്ഞു എന്നതാണ് പ്രത്യേകത.
ഗ്രീന്‍ പ്രോട്ടോകോള്‍ ജനങ്ങളാകെ ഏറ്റെടുത്തിരിക്കുന്നു. കോവിഡ് 19-നെ പ്രതിരോധിക്കാന്‍ കരുത്ത് നല്‍കിയ ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ആര്‍ദ്രം മിഷന്‍. നമ്മുടെ സംസ്ഥാനത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ആര്‍ദ്രം മിഷന്‍ നടപ്പാക്കിയതിലൂടെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു.
കുടുംബാരോഗ്യകേന്ദ്രങ്ങള്‍, ലാബ്, ഫാര്‍മസി, സജീവമായ ഓ.പികള്‍, സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ഇവയെല്ലാം ഇന്ന് ലോകം ഉറ്റുനോക്കുന്ന നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു. നിപ്പ വൈറസ് ഉയര്‍ത്തിയ ഭീഷണി നേരിക മാത്രമല്ല നമ്മള്‍ ചെയ്തത്. അത്തരം പ്രശ്‌നങ്ങളെ നേരിടാന്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനും നമുക്ക് കഴിഞ്ഞു. ഇക്കഴിഞ്ഞ നാളുകളില്‍ കേരളം നേരിട്ട ദുരന്തങ്ങള്‍ ചെറുതല്ല.
content highlight: 4 year completion of ldf government in kerala cm pinaravi vijayan counts development progress