https://assets.doolnews.com/2020/05/kamal-nath-1-399x227.jpg

വിട്ടുകൊടുക്കാന്‍ മനസില്ലാതെ കോണ്‍ഗ്രസ്; സിന്ധ്യയുടെ ശക്തി കേന്ദ്രങ്ങളിലേക്ക് കമല്‍ നാഥ് യാത്ര തുടങ്ങുന്നു

by

ഭോപാല്‍: ജ്യോതിരാദിത്യ സിന്ധ്യയുടെയും എം.എല്‍.എമാരുടെയും രാജിക്ക് പിന്നാലെ അധികാരം നഷ്ടപ്പെട്ട കമല്‍ നാഥ് മധ്യപ്രദേശില്‍ ശക്തി പ്രകടിപ്പിക്കാന്‍ ഒരുങ്ങുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് പ്രചരണം മുന്‍ നിര്‍ത്തി യാത്ര ചെയ്യാനൊരുങ്ങുകയാണ് ഇദ്ദേഹം.

ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രങ്ങളായ ഗ്വാളിയാര്‍-ചമ്പല്‍ മേഖലകളില്‍ത്തന്നെ ആദ്യമെത്താനാണ് കമല്‍ നാഥിന്റെ നീക്കം. മത്സരം നടക്കുന്ന 24 സീറ്റുകളില്‍ 16 എണ്ണവും ഇവിടെയാണ്.

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിന്ധ്യ കുടുംബത്തില്‍നിന്നും അംഗങ്ങളില്ലാതെ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പി.വി നരസിംഹ റാവുവിന്റെ കാലത്ത് ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് കോണ്‍ഗ്രസില്‍നിന്നും കൂറുമാറിയിരുന്നെങ്കിലും ആ സമയത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളൊന്നും നടന്നിരുന്നില്ല.

ബിജെപിയിലേക്ക് ചേക്കേറിയ ശേഷം ജ്യോതിരാദിത്യ സിന്ധ്യയുടെ ആദ്യ തെരഞ്ഞെടുപ്പുമാണ് ഇത്. അതോടൊപ്പം തന്റെ ശക്തി കേന്ദ്രങ്ങളില്‍ പരമാവധി സീറ്റുപിടിക്കേണ്ട അഭിമാനപ്രശ്‌നവും സിന്ധ്യയ്ക്കുണ്ട്.

അതേസമയം, ജ്യോതിരാദിത്യ സിന്ധ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥിനെയും മകനും എം.പിയുമായ നകുല്‍ നാഥിനെയും കാണാനില്ലെന്ന പോസ്റ്ററുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സിന്ധ്യയെയും ‘കാണാതായിരിക്കുന്നത്’.

സിന്ധ്യയെ കണ്ടെത്തുന്നവര്‍ക്ക് 5,100 രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചാണ് പോസ്റ്ററുകള്‍. സിന്ധ്യയുടെ ഗ്വാളിയാറിലെ ജയ് വിലാസ് പാലസിനു പുറത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക