https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2020/5/25/mala-parvathy-aashiq-abu.jpg

വിവരം കെട്ട കൂട്ടം, ഇവരെ ഒറ്റപ്പെടുത്തണം: പ്രതിഷേധവുമായി മലയാള സിനിമാലോകം

by

മിന്നൽ മുരളിയുടെ സെറ്റ് അക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി മലയാള സിനിമാ ലോകം.  ഒരു സിനിമാ സെറ്റ്‌ പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗീയതയുടെ വൈറസ്‌ എത്ര മാരകമാണെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും സിനിമാലോകം പറയുന്നു. പ്രമുഖരുടെ പ്രതികരണങ്ങള്‍ താഴെ കൊടുക്കുന്നു.

മാലാ പാർവതി: എല്ലാവരും അറിഞ്ഞു കാണുമല്ലോ അല്ലേ? 'മിന്നൽ മുരളി' എന്ന സിനിമയ്ക്കg വേണ്ടി നിർമിച്ച പള്ളിയുടെ സെറ്റ്, അമ്പലത്തിന്റെ മുമ്പിലായത് കൊണ്ട്, അത് തല്ലി തകർക്കപ്പെട്ടു.. കാലടിയിലാണ് സംഭവം.ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന സിനിമയാണ് 'മിന്നൽ മുരളി'.

ആ സിനിമയുടെ ക്ലൈമാക്സ് ഭാഗം ഷൂട്ട് ചെയ്യാൻ നിർമിച്ച പള്ളിയാണ് ഇപ്പോൾ തകർക്കപ്പെട്ടത്. ലോക്ഡൗൺ ആയതിനാലാണ് ഷൂട്ടിങ് നടക്കാതിരുന്നത്. ഗവൺമെന്റിന്റെ ഉത്തരവിന് കാത്തിരിക്കുമ്പോഴാണ് ചിലർ ഈ അതിക്രമം കാട്ടിയത്. സിനിമ വ്യവസായം തന്നെ പ്രശ്നത്തിലാണ്. സിനിമാ തിയറ്ററുകൾ എന്ന് തുറക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ്. 

ഒരു സിനിമ നിർമിക്കുന്നതിന്റെ പിന്നിലെ അധ്വാനം വളരെ വലുതാണ്. പെട്ടിക്കകത്ത് വെറുതെ ഇരിക്കുന്ന കാശ് കൊണ്ടല്ല, സിനിമ നിർമിക്കുന്നത്. സിനിമയോട് ആത്മാർത്ഥതയുള്ള, നല്ല നിർമാതാക്കൾ തന്നെയാണ് മലയാള സിനിമയെ ഈ നിലയിൽ നിലനിർത്തുന്നത്. സോഫിയ പോൾ നിർമിക്കുന്ന ഈ ചിത്രവും വ്യത്യസ്തമല്ല. രണ്ട് കൊല്ലത്തെ പ്ലാനിങുണ്ട് ഈ ടൊവീനോ ചിത്രത്തിന്. 

കലാസംവിധായകരുടെ ഏറെ കാലത്തെ, കഠിനാധ്വാനത്തിന്റെ ഫലമാണ്, തകർക്കപ്പെട്ട പള്ളിയുടെ സെറ്റ്. മഴയും വെയിലും വക വയ്ക്കാതെ അവർ കെട്ടിപൊക്കിയത്. ആ സിനിമയിൽ പ്രവർത്തിച്ച മുഴുവൻ പേരുടെയും സ്വപ്നം ആ പള്ളിയിൽ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണ് ലോക്ഡൗൺ വന്നത്. ക്ലൈമാക്സ് ഷൂട്ട് ചെയ്യേണ്ട ഇടത്തോടൊപ്പം, ഇവരുടെ സ്വപ്നവും തല്ലി പൊട്ടിച്ചിരിക്കുകയാണ് ചില സാമൂഹ്യ വിരുദ്ധർ.

അമ്പലത്തിന്റെ മുന്നിൽ പള്ളി കണ്ടാൽ അസ്വസ്ഥരാകുന്ന മനസ്സുളള സാമൂഹ്യ വിരുദ്ധർ. ഇവർ ഇത് ചെയ്തിരിക്കുന്നത് മിന്നൽ മുരളി എന്ന ചിത്രത്തോടൊ, അവരുടെ അണിയറ പ്രവർത്തകരോടൊ അല്ല. കേരളത്തോടാണ്. മുസ്‌ലിം പള്ളിയും, ക്രിസ്ത്യൻ പള്ളിയും, അമ്പലവും എല്ലാം കാരുണ്യവാനായ ദൈവത്തിന്റെ ആലയങ്ങളാണെന്ന് ബോധ്യമുള്ള കേരളത്തോട്.നടപടിയുണ്ടാവണം. ഇത് ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി കൊടുപ്പിക്കണം. അവരെ കൊണ്ട് പണിയിച്ച് കൊടുക്കാനും കൂടെ പറയണമെന്നുണ്ട്. പക്ഷേ ഇവർക്ക് പണിതുണ്ടാക്കാൻ അറിയില്ലല്ലോ.. തകർക്കാനല്ലേ അറിയു ! എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ബി. ഉണ്ണികൃഷ്ണൻ: വാങ്ങിക്കേണ്ട മുഴുവൻ അനുമതികളും വാങ്ങിച്ചുകൊണ്ട്‌, ലക്ഷങ്ങൾ മുടക്കി നിർമിച്ച മിന്നൽമുരളി എന്ന സിനിമയുടെ സെറ്റാണ്‌ സാമൂഹിക വിരുദ്ധർ തകർത്തത്‌. ലോകം മുഴുവനും, വർഗ- വർണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോൾ, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ്‌ പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗീയതയുടെ വൈറസ്‌ എത്ര മാരകമാണ്‌?! ഇവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് സർക്കാരിനോട്‌ ആവശ്യപ്പെടുന്നു. ബേസിലിനും, സോഫിയാ പോളിനും, മിന്നൽ മുരളി ടീമിനും ഐക്യദാർഢ്യം.

ലിജോ ജോസ് പെല്ലിശ്ശേരി: അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം . പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോ.

മധുപാൽ: ഒരു കൂട്ടം കലാകാരന്മാരുടെ ആത്മാർത്ഥമായ പ്രവർത്തനത്തെയാണ് നശിപ്പിച്ചത്. ഈ കോവിഡ് കാലത്തും അതിനേക്കാൾ ഭീകരമായ കീടാണുക്കൾ ഈ ഭൂമിയിലുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ കൃത്യം. മിന്നൽ മുരളി എന്ന ചിത്രത്തിനു വേണ്ടി നിർമിച്ച സെറ്റാണ് ഇല്ലാതാക്കപ്പെട്ടത്. കലാപരമായ പ്രവർത്തനങ്ങളെ തിരിച്ചറിയാനാവാത്തവർക്കെതിരെ പ്രതികരിക്കേണ്ടത് ബോധമുള്ള മനുഷ്യരാണ്.

 

എം. പത്മകുമാർ: "മിന്നല്‍ മുരളി" എന്ന സിനിമയുടെ സെറ്റ് തകര്‍ത്ത വര്‍ഗീയ തെണ്ടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഹിന്ദുവിന്റെ അവകാശം സംരക്ഷിക്കാന്‍ ഇവനെഒന്നും ആരും ഏല്പിച്ചു കൊടുത്തിട്ടില്ല.. കക്ഷിഭേദമന്യേ എല്ലാ കലാ സ്നേഹികളും ഇതിനെതിരെ പ്രതികരിക്കണം.. ഇത്തരം തെമ്മാടിങ്ങളുടെ ആദ്യവും അവസാനവും ഇത് ആയിരിക്കണം.

ഡോ. ബിജു: മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ്, ബജ്റംഗദൾ പ്രവർത്തകർ തകർത്തിരുന്നു. കേരളത്തിൽ ആണ് .. ഇനിയും നേരം വെളുത്തിട്ടില്ലാത്ത നിഷ്പക്ഷർ ഉറക്കം ഉണരുന്നത് നന്ന്. 

ഇത് ക്രിമിനൽ പ്രവർത്തനം ആണ്. അതിൽ കുറഞ്ഞ മറ്റൊന്നുമല്ല. ഈ അക്രമികൾക്ക് എതിരെ സംസ്ഥാന സർക്കാർ കടുത്ത നടപടികൾ ഉടൻ തന്നെ സ്വീകരിക്കും എന്നാണ് കരുതുന്നത്. സിനിമയുടെ പ്രവർത്തകരിൽ നിന്നും ഫോർമൽ കംപ്ലയിന്റ് കിട്ടാൻ പോലും കാത്തിരിക്കരുത്. തങ്ങൾ എന്ത് ചെയ്താലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തങ്ങളെ ഒന്നും ചെയ്യില്ല എന്ന ഈ ക്രിമിനലുകളുടെ ബോധ്യവും ഹുങ്കും ആണ് ഇത്ര പരസ്യമായി ഇത്തരത്തിൽ ഒരു പ്രവർത്തിക്ക് അവർ മുതിർന്നത്. കടുത്ത നടപടികൾ തന്നെ എടുത്തില്ലെങ്കിൽ നാളെ അവർ യഥാർഥ പള്ളികൾക്ക് നേരെയും തിരിയും. ഇമ്മാതിരി തോന്നിവാസങ്ങൾ മതത്തിന്റെ പേരിൽ വെച്ചുപൊറുപ്പിക്കാനാവില്ല എന്ന കർശന നിലപാട് അടുത്ത മണിക്കൂറുകളിൽ തന്നെ സർക്കാരിൽ നിന്നും ഉണ്ടാകണം. ഭാവിയിൽ പൊളിക്കപ്പെടാനിടയുള്ള ക്രിസ്ത്യൻ , മുസ്‌ലിം പള്ളികളെ സംരക്ഷിക്കണമെങ്കിൽ നടപടികൾ തുടക്കത്തിലേ ഉണ്ടാകണം.നിർമാതാവ് സോഫിയ പോളിനും , സംവിധായകൻ ബേസിൽ ജോസഫിനും ഒപ്പം ..നിങ്ങളുടെ സെറ്റ് മാത്രമേ ഈ ക്രിമിനൽ കൂട്ടത്തിനു തകർക്കാൻ പറ്റൂ .. നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ ഒന്ന് തൊടാൻ പോലും ഇമ്മാതിരി വിവരംകെട്ട കൂട്ടത്തിനു സാധിക്കില്ല ...

അരുൺരാജ് മനോഹർ: ഒന്നും കെട്ടിപ്പണിഞ്ഞ ചരിത്രമില്ലാത്ത,എല്ലാം തച്ചുടയ്ക്കുന്ന സംഘപരിവാർ രാഷ്ട്രീയം ഇപ്പോൾ ആയുധമെടുത്തിരിക്കുന്നത് 'മിന്നൽ മുരളി' എന്ന ചിത്രത്തിനായി അണിയറപ്രവർത്തകർ ഒരുക്കിയ സെറ്റ് തച്ചുടയ്ക്കുന്നതിനാണ്. ഈ വർഗീയവാദികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. 'മിന്നൽ മുരളി' സിനിമ പ്രവർത്തകർക്ക് ഐക്യദാർഢ്യം

അരുൺ ഗോപി: ഇത്രയേറെ വിഷചിന്തകളുമായി ഈ നാട്ടിലും ആളുകൾ ജീവിക്കുന്നു എന്നറിയുന്നത് തന്നെ വേദനയാണ്!! ചെയ്ത നെറികേടിനു കൂട്ടു പിടിക്കുന്നതോ മഹാദേവനെ.. പുള്ളിക്ക് അമ്പലവും പള്ളിയുമെല്ലാം ഒന്നാണെന്നും,പേരുകൾക്ക് മാത്രമാണ് മാറ്റമെന്നും, ദൈവത്തിനു മാറ്റമില്ലെന്നും ഇവർക്കാരാ ഒന്ന് പറഞ്ഞുകൊടുക്കുക!!

ഇതിനെന്തായാലും മഹാദേവൻ അനുഗ്രഹിക്കും അത് വിയൂർ ആണോ പൂജപ്പുരയിലാണോ എന്ന് അറിയില്ല എന്തായാലും അനുഗ്രഹം ഉറപ്പു..!! ബേസിലിന്റെ സ്വപ്നം ഒരുപാട് പേരുടെ അന്നം സിനിമയ്ക്കൊപ്പം നിന്ന നിർമാതാവിന്റെ പണം ഇതിനൊക്കെ ഉത്തരം പറയുക തന്നെ ചെയ്യും!!

ആഷിക്ക് അബു: സിനിമ സെറ്റുകണ്ടാൽപോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുകതന്നെ വേണം. മലയാള സിനിമ ഒറ്റകെട്ടായി ഈ ഭീകരപ്രവർത്തനത്തെ പ്രതിരോധിക്കും. മിന്നൽ മുരളി ടീമിന് ഐക്യദാർഢ്യം.

രഞ്ജിത് ശങ്കർ: മിന്നൽ മുരളിയുടെ സെറ്റ് തകർത്തവരിൽ നിന്നു തന്നെ നഷ്ട പരിഹാരം ഈടാക്കി സർക്കാർ മാതൃക കാണിക്കണം.

മുസ്തഫ: തച്ചു തകർക്കുമ്പോൾ ഓർക്കണം.... ഇതുമൊരു തൊഴിലിടമാണ്. ഒരുപാട് പേരുടെ, മാസങ്ങളുടെയോ... വർഷങ്ങളുടെയോ...രാവും പകലുമില്ലാത്ത അധ്വാനമാണ് ഓരോ സിനിമയും....പ്രവചിക്കാനാവാത്ത പ്രതിസന്ധിയിലൂടെയാണ് നമ്മളോരോരുത്തരും കടന്നു പോകുന്നത്.

കടമെടുത്തും ലോണെടുത്തും സിനിമാ വ്യവസായത്തിലേക്കെത്തിയ പല നിർമാതാക്കളും... നിലച്ചു പോയ ഈ മേഖല തിരിച്ചു പിടിക്കാൻ പാട്‌പെടുകയാണ്....(മനസ്സിലാകാത്തവരുണ്ടെങ്കിൽ ) ഒരിക്കൽ കൂടി പറയുന്നു...ഇതുമൊരു തൊഴിലിടമാണ്.

ലക്ഷങ്ങൾ മുടക്കി..എല്ലാ അനുമതികളോടും കൂടി പണിതുയർത്തിയ ആ സെറ്റ്......തച്ചു തകർത്തവരെ........നിങ്ങൾ ഏതു ലോകത്താണ് ജീവിക്കുന്നത്...എന്തു മാങ്ങാത്തൊലിയാണ് നിങ്ങൾ ഇതു കൊണ്ടുദ്ദേശിക്കുന്നത്...?? ഇവർക്കെതിരെ ഉടൻ നടപടി എടുക്കുക.

മിന്നൽ മുരളി ടീമിന് ഐകദാർഢ്യം. സിനിമ

ബൈജു കൊട്ടാരക്കര: ഈ സിനിമ സെറ്റ് നശിപ്പിച്ച മത തീവ്രവാദികളെ ഉടനെ അറസ്റ്റ് ചെയ്യണം. ഈ കാര്യത്തിലെങ്കിലും സിനിമാക്കാർ ഒരുമിച്ച് നിൽക്കണം. ഈ മാതിരി തന്തക്കു പിറക്കാത്ത പണി ഇനി കേരളത്തിൽ നടക്കരുത്.

സന്തോഷ് രാമൻ: ഇത്തരത്തിൽ പെരുമാറിയവർ ആരായാലും, വികലമായ മനസ്സുള്ള ഇവർ ഇപ്പോൾ നമ്മൾ ഒറ്റക്കെട്ടായി നേരിടുന്ന കോവിഡ് വൈറസ്സിനെക്കാൾ ഭീകരരാണ് ഇത്തരക്കാർ നാട്ടിനും സമൂഹത്തിനും ആപത്താണ് ഇവരെ നിയമത്തിനു മുൻപിൽ കൊണ്ട് വന്ന് വേണ്ട ശിക്ഷ നടപ്പിലാക്കുക......ഇത്തരക്കാരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുക........,അല്ല.......പൂർണമായും തുടച്ചുമാറ്റുക.

എം.എ. നിഷാദ്: ഇത് തീവ്രവാദ പ്രവർത്തനമല്ലാതെ പിന്നെന്ത് ?

ഒരു സിനിമയുടെ സെറ്റ് തച്ചുടക്കുക, അത് ഒരാഘോഷമായി, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക,വർഗീയ പ്രചാരണങ്ങളിലൂടെ ഈ വിഷയത്തെ മറ്റൊരു തരത്തിൽ എത്തിക്കാനുളള ശ്രമം ആരംഭിക്കുക...ഇത്തരം പ്രകടനങ്ങളേയും,പ്രവർത്തികളേയും,തീവ്രവാദം എന്ന് തന്നെ പറയണം...പണ്ടേ കലാകാരന്മാരേയും,കലാസൃഷ്ടികളേയും,ഭയവും,ചതുർത്ഥിയുമാണ്,ഈ വർഗ്ഗീയ വിഷങ്ങൾക്ക്...എന്തിനേയും പൊളിക്കുക എന്നുളളതാണ് അവരുടെ അജണ്ട...അത്തരം കലാപരിപാടികളൊക്കെ അങ്ങ് ഉത്തരേന്ത്യയിൽ നടക്കുമായിരിക്കും,ഇത് നാട് വേറെയാണ്,ഈ വക അഭ്യാസങ്ങളൊക്കെ നാലായിട്ട് ചുരുട്ടി സ്വന്തം കീശയിൽ തിരുകിയാൽ മതി...

നിയമപരമായ എല്ലാ അനുമതിയോടെയുമാണ്, മിന്നൽ മുരളി എന്ന ബേസിൽ സംവിധാനം ചെയ്യുന്ന ടൊവീനൊ അഭിനയിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രീകരണാവശ്യത്തിനായി,ഒരു സെറ്റ് അവിടെ പണിയിച്ചത്...എത്ര പേരുടെ കഷ്ടപ്പാടുകളുണ്ട് അതിന്റെ പുറകിൽ എന്ന് മനസ്സിലാക്കാതെയൊന്നുമല്ല, ഈ വർഗീയ ഭ്രാന്ത് മൂത്ത വിഡ്ഢികൂട്ടങ്ങൾ,ഈ പ്രവർത്തി ചെയ്തത്...അത് വ്യകതമായ ആസൂത്രണത്തോടെ തന്നെയാണ്...ഇതിന്റെ പുറകിൽ പ്രവർത്തിച്ച കറുത്ത കരങ്ങൾ ആരുടേതാണെന്ന് പാഴൂർ പടിപ്പുരവരെ,പോയി കവടി നിരത്തി അറിയേണ്ടതല്ല...''ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ'' കുട്ടി കുരങ്ങന്മാരെ കൊണ്ട് ചൂടു ചോറ് വാരിപ്പിച്ച,ആ ''തല''യുണ്ടല്ലോ,നാളുകളായി ഈ നാട്ടിൽ വർഗീയത മാത്രം വിളമ്പുന്ന തീവ്രവാദി, AHP യുടെ നേതാവ്,അയാളെ ചോദ്യം ചെയ്യണം...

ഇത്തരം തീവ്രവാദികൾ,ഈ നാടിന്റെ ശാപമാണ്...നിലക്ക് നിർത്തണം ഇവരെ..ഈ വിഷയത്തിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കണം...