ഫ്ളോറിഡയിൽ മകനെ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ
by depika.comമയാമി, ഫ്ളോറിഡ: സ്വന്തം മകനെ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. മേയ് 21നാണ് സംഭവം.
ഒട്ടിസം ബാധിച്ച തന്‍റെ മകനെ ആരോ കാറിൽ തട്ടിക്കൊണ്ടു പോയതായി മാതാവ് പട്രീഷ റിപ്ളെ പോലീസിനെ അറിയിച്ചു. ഉടൻതന്നെ ആംബർ അലർട്ട് പ്രഖ്യാപിക്കുകയും പോലീസ് കുട്ടിയെ കണ്ടെത്തുന്നതിന് ഊർജിതമായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടർന്നു നടന്ന അന്വേഷണത്തിനൊടുവിൽ രാത്രി 7.30 നു അവന്യു ആൻഡ് കെന്‍റൽ ഡ്രൈവിലുള്ള കനാലിലേക്ക് കുട്ടിയെ മാതാവ് തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. ഇതേ സമയം അവിടെ എത്തിയ അപരിചതൻ കുട്ടിയെ കനാലിൽനിന്നും രക്ഷപെടുത്തി മാതാവിനെ ഏൽപ്പിച്ചു. കുട്ടി കനാലിൽ വീണതാണെന്നാണ് മാതാവ് അപരിചിതനോട് പറഞ്ഞത്. തുടർന്നു കുട്ടിയുമായി അവിടെനിന്നും മടങ്ങിയ മാതാവ് രാത്രി 8.30 നു സൗത്ത് വെസ്റ്റ് 62 സ്ട്രീറ്റിലുള്ള മറ്റൊരു കനാലിൽ തള്ളിയിടുകയും അവിടെ വച്ചു കുട്ടി മരിക്കുകയുമായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന റിപ്പോർട്ടു ചെയ്തതിനുശേഷം മാതാവിന്‍റെ നീക്കത്തിൽ സംശയം തോന്നിയ പോലീസ് തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുൾ അഴിയുന്നത്.
മാതാവിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിന് കേസെടുത്തതായി മയാമി സ്റ്റേറ്റ് അറ്റോർണി കാതറിൻ ഫെർണാണ്ടസ് പറഞ്ഞു. ജാമ്യം അനുവദിക്കാഞ്ഞതിനെതുടർന്നു ടർണർ ഗിൽഫോർഡ് നൈറ്റ് കറക്ഷണൽ സെന്‍ററിലടച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ