ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞു; സംരക്ഷകരായി ആരെങ്കിലും എത്താന്‍ ഇനി കാത്തിരിപ്പ്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398298/cat.gif

ചെന്നൈ: ചൈനയില്‍ നിന്ന് കളിപ്പാട്ടങ്ങളുമായി എത്തിയ കണ്ടെയ്‌നറിനുള്ളില്‍ കണ്ടെത്തിയ പൂച്ച മൂന്നുമാസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി. ചെന്നൈ തുറമുഖത്തെത്തിയ കളിപ്പാട്ടങ്ങള്‍ നിറച്ച കണ്ടെയ്‌നറിനുള്ളില്‍ ഫെബ്രുവരി 17നാണ് പൂച്ചയെ കണ്ടെത്തിയത്. പൂച്ചയെ തിരികെ ചൈനയിലേക്കുതന്നെ അയയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും മൃഗസംരക്ഷണ സംഘടനയായ പെറ്റ പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു.

ഇതോടെ ചെന്നൈ കസ്റ്റംസ് അധികൃതര്‍ അതിനെ പൂച്ചകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കാറ്റിറ്റിയൂഡ് ട്രസ്റ്റിന് കൈമാറി.
അതിനിടെ, ഏപ്രില്‍ 19 ന് പൂച്ചയെ ചെന്നൈയിലെ അനിമല്‍ ക്വാറന്റീന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് (എക്യുസിഎസ്) കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 30 ദിവസം പൂച്ചയെ ക്വാറന്റീനില്‍ സൂക്ഷിക്കാനായിരുന്നു നിര്‍ദ്ദേശം.

പൂച്ചയെ ആരെങ്കിലും ദത്തെടുക്കുന്നതുവരെ സംരക്ഷിക്കാന്‍ സമ്മതമാണെന്ന് പെറ്റ ഇന്ത്യ വെറ്ററിനറി സര്‍വീസസ് മാനേജര്‍ രശ്മി ഗോഖലെ അറിയിച്ചിരുന്നു. ഏതായാലും ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയിരിക്കുകയാണ് പൂച്ചയിപ്പോള്‍.