എവിടെ ട്രെയിനുകളുടെ പട്ടിക? രാത്രി 2 മണിക്ക് താക്കറെയോട് പീയുഷ് ഗോയലിന്റെ ചോദ്യം

'നിങ്ങള്‍ക്കാവശ്യമുള്ള ട്രെയിനുകള്‍ ലഭ്യതയ്ക്കനുസരിച്ച് കേന്ദ്രം അനുവദിക്കുമെന്ന് ഉറപ്പു നല്‍കുന്നു, പക്ഷെ നേരത്തെ സംഭവിച്ചതു പോലെ ആളില്ലാതെ ട്രെയിനുകള്‍ സ്‌റ്റേഷനില്‍ നിന്ന് മടങ്ങാന്‍ ഇടവരരുത്'. മഹാരാഷ്ട്രയില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ ട്രെയിനുകള്‍ ഒഴിവാക്കി ട്രക്കുകളിലും കാല്‍നടയായും നാടുകളിലേക്ക് മടങ്ങുന്നതിനെ സൂചിപ്പിച്ചാണ് ഗോയല്‍ ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത്.

https://www.mathrubhumi.com/polopoly_fs/1.4750026.1590215736!/image/image.jpg_gen/derivatives/landscape_894_577/image.jpg
Representative Image

ന്യൂഡല്‍ഹി: ഒരു മണിക്കൂറിനുള്ളില്‍ ട്രെയിനുകളുടെയും യാത്രക്കാരുടെയും എത്തിച്ചേരേണ്ട സ്ഥലങ്ങളുടേയും പൂര്‍ണവിവരം നല്‍കിയാല്‍ മാത്രമേ റെയില്‍വെ മന്ത്രാലയത്തിന് രാത്രിയിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. ആവശ്യപ്പെട്ടതിന്റെ പകുതി ട്രെയിനുകളാണ് കേന്ദ്രം അുവദിച്ചത് എന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ആരോപണത്തിനുള്ള മറുപടിയായാണ് ഗോയല്‍ ഇക്കാര്യം അറിയിച്ചത്. 

കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ട്രെയിനുകള്‍ക്കായി താക്കറെയും കേന്ദ്രവും തമ്മില്‍ വാഗ്വാദം തുടരുന്നതിനിടെയാണ് പീയുഷ് ഗോയല്‍ ട്വിറ്ററിലൂടെ പ്രതികരണവുമായെത്തിയത്. 'മഹാരാഷ്ട്രയില്‍നിന്നുള്ള 125 ട്രെയിനുകളുടെ പട്ടികയെവിടെ? രണ്ടു മണി വരെ ലഭിച്ചത് 46 ട്രെയിനുകളുടെ പട്ടികയാണ്. ഇതില്‍ പശ്ചിമ ബംഗാളിലേക്കും ഒഡിഷയിലേക്കുമുള്ള അഞ്ച് ട്രെയിനുകള്‍ ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഓടിക്കാന്‍ സാധ്യമല്ല. 125 ട്രെയിനുകള്‍ക്കായി ഒരുങ്ങുന്നതിന് പകരം 41 ട്രെയിനുകളുടെ വിവരം മാത്രമേ റെയില്‍വെ പുറത്തു വിടുകയുള്ളൂ'. തിങ്കളാഴ്ച പുലര്‍ച്ചെ 2.11 ന് ഗോയല്‍ ട്വീറ്റ് ചെയ്തു. 

കുടിയേറ്റ തൊളിലാളികള്‍ക്കായി 80 പ്രത്യേക ട്രെയിനുകള്‍ ആവശ്യപ്പെട്ടെങ്കിലും 40 എണ്ണം മാത്രമാണ് അനുവദിച്ചതെന്നും ട്രെയിനുകള്‍ക്കായി 85 കോടി രൂപ സംസ്ഥാനം ഇതു വരെ നല്‍കിയതായും ഞായറാഴ്ച താക്കറെയുമായി നടത്തിയ വീഡിയോ കോളിനിടെ താക്കറെ പറഞ്ഞിരുന്നു. തുടര്‍ന്ന്  താക്കറെയ്ക്കുള്ള മറുപടിയായി ഗോയല്‍ നിരവധി ട്വീറ്റുകള്‍ ചെയ്തു. ഒഴിഞ്ഞ നിലയില്‍ മടങ്ങിവരില്ലെന്നുറപ്പുണ്ടെങ്കില്‍ മാത്രമേ മഹാരാഷ്ട്രയിലേക്ക് ട്രെയിന്‍ അനുവദിക്കുകയുള്ളുവെന്ന് ഗോയല്‍ ട്വീറ്റ് ചെയ്തു. 

'നിങ്ങള്‍ക്കാവശ്യമുള്ള ട്രെയിനുകള്‍ ലഭ്യതയ്ക്കനുസരിച്ച് കേന്ദ്രം അനുവദിക്കുമെന്ന് ഉറപ്പു നല്‍കുന്നു, പക്ഷെ നേരത്തെ സംഭവിച്ചതു പോലെ ആളില്ലാതെ ട്രെയിനുകള്‍ സ്‌റ്റേഷനില്‍ നിന്ന് മടങ്ങാന്‍ ഇടവരരുത്'. മഹാരാഷ്ട്രയില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ ട്രെയിനുകള്‍ ഒഴിവാക്കി ട്രക്കുകളിലും കാല്‍നടയായും നാടുകളിലേക്ക് മടങ്ങുന്നതിനെ സൂചിപ്പിച്ചാണ് ഗോയല്‍ ഇത്തരത്തില്‍ ട്വീറ്റ് ചെയ്തത്. 

'മഹാരാഷ്ട്രയ്ക്കായി 125 ശ്രമിക് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ട്രെയിനുകളെ സംബന്ധിച്ച പൂര്‍ണവിവരം അടുത്ത ഒരു മണിക്കൂറിനുള്ളില്‍ സെന്‍ട്രല്‍ റെയില്‍വെ ജനറല്‍ മാനേജര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുന്നു. അത് ലഭിച്ചാല്‍ മാത്രമേ ട്രെയിനുകളുടെ യാത്രയെ കുറിച്ച് അന്തിമപദ്ധതി തയ്യാറാക്കാനാവൂ'. ഗോയല്‍ ട്വീറ്റിലൂടെ അറിയിച്ചു. 

അതിന് ശേഷമാണ് ആവശ്യമായ വിവരം രണ്ടര മണിക്കൂറിന് ശേഷവും മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും പൂര്‍ണവിവരം ലഭ്യമാകാതെ ട്രെയിനുകള്‍ വെറുതെ ഓടിക്കാന്‍ സാധിക്കില്ലെന്നും ഗോയല്‍ അറിയിച്ചത്. കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒരുക്കിയ യാത്രാസൗകര്യം മഹാരാഷ്ട്ര സര്‍ക്കാര്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഗോയല്‍ പറഞ്ഞു. 

Content Highlights: Railway Minister Piyush Goyal vs Maharashtra about special trains for migrants