ഞാന്‍ ചെയ്തിട്ടില്ല അച്ഛാ... കരഞ്ഞുപറഞ്ഞ് സൂരജ്; മകനെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതെന്ന് അമ്മ
കൊല്ലം/പത്തനംതിട്ട: ഉത്ര വധക്കേസില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതി സൂരജ്. ഉത്രയുടെ കിടപ്പുമുറിയില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് 'ഞാന്‍ ചെയ്തിട്ടില്ല അച്ഛാ, ഞാന്‍ ചെയ്തിട്ടില്ല' എന്ന് പ്രതി സൂരജ് കരഞ്ഞുകൊണ്ട് പറഞ്ഞത്. തെളിവെടുപ്പിനിടെ ഉത്രയുടെ അമ്മയും പ്രതിക്കെതിരെ ക്ഷോഭിച്ചു. മകളെ കൊന്നവനെ വീട്ടില്‍ കയറ്റരുതെന്നായിരുന്നു ഉത്രയുടെ അമ്മ പൊട്ടിക്കരഞ്ഞ് കണ്ട് പറഞ്ഞത്. ഏറെ വൈകാരികമായ രംഗങ്ങള്‍ക്കാണ് ഉത്രയുടെ അഞ്ചലിലെ വീട് തിങ്കളാഴ്ച സാക്ഷിയായത്.
അതേസമയം, മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സൂരജിന്റെ അമ്മ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മകനെ പോലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും അവന്‍ ഒന്നും ചെയ്തിട്ടില്ല എന്നല്ലേ ഇന്നും കരഞ്ഞു പറഞ്ഞതെന്നും അവര്‍ പറഞ്ഞു.
അടൂരും പരിസരപ്രദേശങ്ങളിലും ചോദിച്ചാലറിയാം. അവന്‍ ഒരിക്കലും അത്തരക്കാരനല്ല. അവനെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണ്. തെളിവെടുപ്പിനിടെ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ കിട്ടിയെന്ന് പറയുന്നു. അത്ര വലിയ ക്രിമിനല്‍ ബുദ്ധിയുള്ള ആള്‍ ആണെങ്കില്‍ ആ ജാര്‍ അവിടെ ഇട്ട് പോകുമോ?- സൂരജിന്റെ അമ്മ ചോദിച്ചു.
ഉത്രയുടെ സഞ്ചയനത്തിന്റെ അന്നു മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. ഒരു സെന്റ് ഭൂമി പോലും വേണ്ടെന്നാണ് മകന്‍ പറഞ്ഞത്. കാറും വേണ്ടെന്ന് പറഞ്ഞു. അന്ന് മുതല്‍ ഉത്രയുടെ സഹോദരനാണ് കാര്‍ ഉപയോഗിക്കുന്നത്. സഞ്ചയനത്തിന്റെ അന്ന്, ഇന്ന് മുതല്‍ സൂരജ് മരുമകനല്ല ശത്രുവാണെന്ന് ഉത്രയുടെ അച്ഛന്‍ പറഞ്ഞിരുന്നു. കള്ളക്കേസില്‍ കുടുക്കുമെന്നും അതിനുള്ള ലക്ഷങ്ങള്‍ തന്റെ കൈയിലുണ്ടെന്നും അയാള്‍ പറഞ്ഞു. സ്വര്‍ണം മുഴുവന്‍ തന്റെ മകന്‍ കട്ടുതിന്നു എന്നാണ് അവര്‍ പറയുന്നത്. എല്ലാ സത്യങ്ങളും ഉത്രയുടെ മാതാപിതാക്കള്‍ക്ക് അറിയാം. ദൈവം എന്നൊരാള്‍ മുകളില്‍ ഉണ്ടല്ലോ എന്നും സൂരജിന്റെ അമ്മ പ്രതികരിച്ചു.
ഉത്രയുടെയും സൂരജിന്റെയും കുഞ്ഞിന്റെ കാര്യത്തില്‍ അധികൃതരുടെ കൈക്കൊള്ളുന്ന തീരുമാനം അനുസരിക്കുമെന്നും അവര്‍ വ്യക്തമാക്കി. മൂന്നാം മാസം തൊട്ട് ആ കുഞ്ഞിനെ നോക്കുന്നതും ഭക്ഷണം കൊടുക്കുന്നതും താനാണെന്നും ഉത്രയുടെ വീട്ടില്‍ കുഞ്ഞ് കരച്ചിലും മറ്റുമായിട്ടാണ് അധികൃതര്‍ കുഞ്ഞിനെ തങ്ങള്‍ക്ക് കൈമാറിയതെന്നും സൂരജിന്റെ അമ്മ പറഞ്ഞു.
Content Highlights: uthra snake bite murder case kollam anchal; husband sooraj's response