പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് തകര്‍ന്നില്ല; രാജ്യത്തിനും ലോകത്തിനും കേരളം മാതൃക- മുഖ്യമന്ത്രി

https://www.mathrubhumi.com/polopoly_fs/1.4735866.1589025055!/image/image.jpg_gen/derivatives/landscape_894_577/image.jpg

തിരുവനന്തപുരം: മാറിമാറി വന്ന പ്രതിസന്ധി ഘട്ടങ്ങളിലും വികസ രംഗത്ത് കേരളം തകര്‍ന്നില്ലെന്നും അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളില്‍ ഭൂരിഭാഗവും സര്‍ക്കാരിന് നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം വിവിധ മേഖലകളില്‍ ആര്‍ജിച്ച പുരോഗതിയാണ് കോവിഡ് പ്രതിരോധത്തില്‍ നമുക്ക് തുണയായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളില്‍ ഭൂരിഭാഗവും സര്‍ക്കാരിന് നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. എന്നാല്‍ തടസങ്ങള്‍ ധാരളമായിരുന്നു. തുടരെ തുടരെ വന്ന പ്രകൃതി ക്ഷോഭവും മഹാമാരികളും കേരളത്തിന്റെ വികസന രംഗത്തെ സാധാരണ നിലയ്ക്ക് വലിയ തോതില്‍ പ്രതികൂലമായി ബാധിക്കണ്ടതാണ്. പക്ഷേ അഭിമാനപൂര്‍വം പറയാന്‍ കഴിയുന്ന ഒരു കാര്യം നമ്മുടെ വികസന രംഗം തളര്‍ന്നില്ല എന്ന് തന്നെയാണ്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 2017 നവംബര്‍ അവസാനമാണ് ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് 2018 മെയ് മാസമായപ്പോള്‍ നിപ്പ വൈറസ് ബാധയുണ്ടായി. രണ്ട് ദുരന്തങ്ങളേയും അതിജീവിക്കുന്നതിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. 2018 ല്‍ വന്ന പ്രളയം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളമെന്ന നിലക്ക് എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിക്കുന്നതായിരുന്നു. നമ്മുടെ വികസന പ്രക്രിയകള്‍ക്കും കുതിച്ച് ചാട്ടത്തിനും സ്വാഭാവിമായും അത് വിഘാതം സൃഷ്ടിച്ചു. ആ ഘട്ടത്തില്‍ ലോകത്താകെയുള്ള കേരളീയ സമൂഹം ഒറ്റക്കെട്ടായി സഹായ ഹസ്തവുമായ മുന്നോട്ട് വന്നു.

പ്രളയ ദുരന്തത്തില്‍ നിന്ന് അതിജീവിക്കാന്‍ നമ്മള്‍ ഒത്തു ചേര്‍ന്ന് ശ്രമിക്കുമ്പോളാണ് തൊട്ടടുത്ത വര്‍ഷം വീണ്ടും പ്രളയം വന്നത്. അതുണ്ടാക്കിയ ദുരന്തം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നാം തുടര്‍ന്ന് കൊണ്ടിരിക്കെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് കോവിഡ് രംഗത്ത് വന്നു.എന്നാല്‍ ഈ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം വ്യത്യസ്ത മേഖലകളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞു.- മുഖ്യമന്ത്രി പറഞ്ഞു. 

നാല് വര്‍ഷവും വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തോടൊപ്പം ദുരന്ത നിവാരണ ചുതമല കൂടി ഏറ്റെടുക്കേണ്ടി വന്നു എന്നതാണ് അനുഭവം. ഓരോ വര്‍ഷവും പുതിയ പ്രതിസന്ധിയോട് പൊരുതിയാണ് നാം കടന്നു വന്നത്. എന്നാല്‍ ഒരു ഘട്ടത്തിലും നാം പകച്ചു നിന്നില്ല. ലക്ഷ്യങ്ങളില്‍ നിന്ന് തെന്നി മാറിയിട്ടുമില്ല. നമ്മുടെ ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് നമ്മുടെ സംസ്ഥാനത്തിന്റെ അതിജീനത്തിന്റെ പ്രധാന ശക്തി സ്രോതസായി മാറിയത്. തിരഞ്ഞെടുപ്പ് പ്രകടന പത്രിക ചിലര്‍ക്ക് തിരഞ്ഞെടുപ്പ് രംത്ത് വാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് വോട്ട് നോടാനുള്ള ഒരു അഭ്യാസം മാത്രമാണ്. അതിന്റെ ഭാഗമായാണ് ചിലര്‍ക്ക് വാഗ്ദാനങ്ങള്‍ പാലിക്കാനുളളതല്ല എന്ന് തുറന്നു പറയേണ്ട അവസ്ഥയുണ്ടാക്കിയത്. എന്നാല്‍ എല്‍.ഡി.എഫ് തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കുള്ളതാണ്. അതു കൊണ്ടാണ് എല്ലാ വര്‍ഷവും ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് നജങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്നത്. സർക്കാരിന്റെ നാലാം വര്‍ഷത്തേയും പ്രോഗ്രസ് റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം പ്രസിദ്ധീകരിക്കും.- മുഖ്യമന്ത്രി അറിയിച്ചു.

 

content highlights: cm pinarayi vijayan on ldf government