രാജ്യത്തെ ഗ്രാമങ്ങളില്‍ നാലിലൊരാള്‍ക്ക് തൊഴിലില്ലാതായി

ലോക്ക് ഡൗണില്‍ ഇളുവുവരുത്തിയതോടെ ഗ്രാമീണ സമ്പദ്ഘടന ഘട്ടംഘട്ടമായി തിരിച്ചുവരുമ്പോഴാണ് തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവുണ്ടായിട്ടുള്ളത്. കുടിയേറ്റതൊഴിലാളികള്‍ വ്യാപകമായി സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചുപോകാന്‍ തുടങ്ങിയതാണ് പ്രധാനകാരണം.

https://www.mathrubhumi.com/polopoly_fs/1.3837016.1588331000!/image/image.jpg_gen/derivatives/landscape_894_577/image.jpg
File photo - AP

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 25.09ശതമാനമായി ഉയര്‍ന്നു. മെയ് 24ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. ഇതിനുമുമ്പുള്ള ആഴ്ചയില്‍ നിരക്ക് 22.79ശതമാനമായിരുന്നു. 

ഈ കാലയളവില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്കില്‍ നാലുശതമാനമാണ് വര്‍ധനവുണ്ടായത്. സെന്‍ര്‍ ഫോര്‍ മോണിറ്ററിങ് ഓഫ് ഇന്ത്യന്‍ ഇക്കണോമി(സിഎംഐഇ)യാണ് കണക്കുകള്‍ പുറത്തുവിട്ടത്. നാലില്‍ ഒരാള്‍ക്ക് തൊഴിലില്ലാത്ത സാഹചര്യമാണ്‌ രാജ്യത്ത് നിലവിലുള്ളതെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. 

ലോക്ക് ഡൗണില്‍ ഇളുവുവരുത്തിയതോടെ ഗ്രാമീണ സമ്പദ്ഘടന ഘട്ടംഘട്ടമായി തിരിച്ചുവരുമ്പോഴാണ് തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവുണ്ടായിട്ടുള്ളത്. കുടിയേറ്റതൊഴിലാളികള്‍ വ്യാപകമായി സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് തിരിച്ചുപോകാന്‍ തുടങ്ങിയതാണ് പ്രധാനകാരണം. 

35 ലക്ഷം കുടിയേറ്റ തൊഴിലാളികളെയാണ് പ്രത്യേക ശ്രമിക് ട്രെയിനുകള്‍വഴി സ്വന്തം നാടുകളിലേയ്‌ക്കെത്തിച്ചതെന്ന് റെയില്‍വെ പറയുന്നു. മെയ് ഒന്നിനുശേഷമുള്ള കണക്കാണിത്. അടുത്ത പത്തുദിവസത്തിനുള്ളില്‍ 36 ലക്ഷംപേരെകൂടി കൊണ്ടുപോകുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.