കാട്ടിൽ ക്യാമറ സ്ഥാപിച്ച് രാജ്യത്ത് ആദ്യമായി നടപ്പാക്കിയ സർവേയിൽ കണ്ടെത്തിയത്...
by മനോരമ ലേഖകൻകൊല്ലങ്കോട് ∙ കാട്ടിൽ ക്യാമറ സ്ഥാപിച്ച് രാജ്യത്ത് ആദ്യമായി നടപ്പാക്കിയ വരയാട് സർവേയിൽ ചാലക്കുടി, മലയാറ്റൂർ വനം ഡിവിഷനുകളിലും വരയാടിന്റെ സാന്നിധ്യം കണ്ടെത്തി. പറമ്പിക്കുളം കടുവാ സങ്കേതം, സൈലന്റ്‌വാലി ദേശീയോദ്യാനം, നെന്മാറ, പാലക്കാട്, മണ്ണാർക്കാട്, ചാലക്കുടി, വാഴച്ചാൽ, മലയാറ്റൂർ, നിലമ്പൂർ തെക്ക് വനം ഡിവിഷനുകൾ, ചിമ്മിണി വന്യജീവി സങ്കേതം എന്നിവിടങ്ങളിലാണു വരയാടുകളുടെ കണക്കെടുപ്പ് നടത്തിയത്. ഇൗ മേഖലകളിൽ 82 വരയാടുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
കടുവാ സെൻസസിനു ക്യാമറക്കെണി വനം വകുപ്പ് ഉപയോഗിക്കാറുണ്ടെങ്കിലും വരയാടുകളുടെ എണ്ണം കണ്ടെത്താനായി ക്യാമറ സർവേ രാജ്യത്ത് ആദ്യമാണെന്നു വനംവകുപ്പ് അധികൃതർ പറയുന്നു. 200 ഫീൽഡ് സ്റ്റാഫുകളുടെ നേതൃത്വത്തിൽ വനമേഖലയെ 50 ബ്ലോക്കുകളാക്കി തിരിച്ചു 150 ക്യാമറകൾ സ്ഥാപിക്കുകയായിരുന്നു ആദ്യ ഘട്ടം.
നിശ്ചിത ദിവസങ്ങൾക്കു ശേഷം ഇൗ ക്യാമറകളിൽ പതിഞ്ഞ 60,000 ചിത്രങ്ങളിൽനിന്ന് ഒരേ വരയാടിന്റെ ഒന്നിലധികം ചിത്രങ്ങൾ ഒഴിവാക്കിയാണ് 82 എണ്ണത്തെ കണ്ടെത്തിയത്. മണ്ണാർക്കാട് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ വരയാടുകളുടെ ചിത്രം പതിഞ്ഞത്. നെന്മാറ ഡിവിഷനിലെ മേഖലയ്ക്കാണു രണ്ടാം സ്ഥാനം.
ലോകത്തിലെ മൂന്നു തരം വരയാടുകളിൽ ഏറ്റവും വലുപ്പമുള്ളതായി കണക്കാക്കുന്ന നീലഗിരി വരയാടുകളുടെ സംരക്ഷണ കേന്ദ്രം ഇരവികുളം ദേശീയോദ്യാനമാണെങ്കിലും സംസ്ഥാനത്തെ മറ്റു വനമേഖലകളിലും സാന്നിധ്യം ഉണ്ടെന്നു തെളിയിക്കുന്നതാണു ക്യാമറവച്ചുള്ള കണക്കെടുപ്പ്. പുതിയ പഠനം പുറത്തുവന്നതോടെ വരയാടുകളുടെ സംരക്ഷണത്തിനായി കൂടുതൽ പദ്ധതികൾ കൊണ്ടുവരുന്നതിനു വനം വകുപ്പിനു കഴിയും.
പറമ്പിക്കുളം കടുവാ സങ്കേതം ഫീൽഡ് ഡയറക്ടർ ബി.എൻ.അഞ്ജൻകുമാർ, ഡപ്യൂട്ടി ഡയറക്ടർ വൈശാഖ് ശശികുമാർ, സൈലന്റ്‌വാലി ദേശീയോദ്യാനം വൈൽഡ് ലൈഫ് വാർഡൻ സാമുവൽ പച്ചൗ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. റിപ്പോർട്ട് മന്ത്രി കെ.രാജു പ്രകാശനം ചെയ്തു.