https://img.manoramanews.com/content/dam/mm/mnews/news/entertainment/images/2020/5/24/minnal-set-aju.jpg

സെറ്റിടാൻ അനുമതി നൽകി; പരാതി നല്‍കി ശിവരാത്രി സമിതിയും; അന്വേഷണം

by

'മിന്നല്‍ മുരളി' എന്ന സിനിമക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച ക്രിസ്‌ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗദള്‍ പൊളിച്ച സംഭവത്തിൽ അന്വേഷണം. പ്രത്യേക സംഘം ഇക്കാര്യം അന്വേഷിക്കുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ആലുവ റൂറല്‍ എസ്പി പറഞ്ഞു.  മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതി ഭാരവാഹികൾ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. സിനിമാസംഘടനകളും പരാതിയുമായി സമീപിച്ചു. മിന്നൽ മുരളി സിനിമക്കായി സെറ്റ് ഇടാൻ സിനിമ സംഘത്തിന് അനുമതി നൽകിയിരുന്നു. പിന്നില്‍ വര്‍ഗീയ ശക്തികളെന്ന് ശിവരാത്രി ആഘോഷ സമിതി വ്യക്തമാക്കി. 

കാലടി മണപ്പുറത്ത് സ്ഥാപിച്ചിരുന്ന ക്രിസ്ത്യൻ ദേവാലയത്തിന്റെ സിനിമാ സെറ്റ് ബജ്റംഗദൾ പൊളിച്ചുമാറ്റിയത്. ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന സിനിമക്കായി നിർമ്മിച്ച സെറ്റാണ് പൊളിച്ചത്. ഇന്നലെയായിരുന്നു സംഭവം. കൊലപാതക കേസിലെ പ്രതി കൂടിയായ കാര രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു പൊളിക്കൽ. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമക്കായി മാർച്ചിലാണ് പള്ളിയുടെ സെറ്റിട്ടത്. ലോക് ഡൗൺ മൂലം ചിത്രീകരണം നടത്താൻ കഴിഞ്ഞിരുന്നില്ല. 

കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ ഷൂട്ടിങ്ങിനായി നിർമിച്ച സെറ്റാണ് പൊളിച്ചതെന്ന സംഘടനയുടെ ഭാരവാഹി ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകർത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നാണ് ഇവരുടെ ആരോപണം. സംഭവത്തിൽ പ്രതിഷേധവുമായി സിനിമാ– പൊതുപ്രവർത്തകർ രംഗത്തെത്തി.