https://www.deshabhimani.com/images/news/large/2020/05/itra-869453.jpg

ഉത്രയുടെ കൊലപാതകം: പ്രതി സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

by

കോല്ലം> കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സൂരജിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.കരിമൂര്‍ഖനെ സൂരജ് കൊണ്ടുവന്ന കുപ്പി വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി.കേസില്‍ പ്രധാനമായ തെളിവാണിതെന്ന് അന്വേഷണസംഘം പറയുന്നു. ഫൊറന്‍സിക് സംഘത്തിന് ഈ കുപ്പി കൈമാറും.

കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച അറസ്റ്റ് ചെയ്ത സൂരജിനെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്‌ നടത്തിയത്.

മാര്‍ച്ച് രണ്ടിന് രാത്രിയാണ് അടൂരിലെ സൂരജിന്റെ വീട്ടില്‍വെച്ച് ഉത്രയെ ആദ്യം പാമ്പ് കടിച്ചത്. അണലി വര്‍ഗത്തില്‍ പെട്ട പാമ്പാണ് അന്ന് ഉത്രയെ കടിച്ചത്. പിന്നീട് ചികിത്സയിലിരിക്കെ കുടുംബവീട്ടില്‍വെച്ച് മേയ് ഏഴിന് രണ്ടാമതും പാമ്പ് കടിച്ചു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇടതുകയ്യില്‍ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്.

മൂര്‍ഖന്‍ പാമ്പാണ് രണ്ടാംവട്ടം ഉത്രയെ കടിച്ചത്. പാമ്പ് കടിച്ച രണ്ടുതവണയും സൂരജ് ഒപ്പമുണ്ടായിരുന്നു.ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റ മാര്‍ച്ച് രണ്ടിന് അടൂരിലെ ഒരു ബാങ്കിലെ ലോക്കറില്‍ വെച്ചിരുന്ന ഉത്രയുടെ 92 പവന്‍ സ്വര്‍ണം സൂരജ് എടുത്തിരുന്നു.

ഉത്രയുടെ മരണത്തില്‍ മാതാപിതാക്കളും ബന്ധുക്കളും സംശയം ഉന്നയിക്കുകയും ചെയ്തു. എസി ഉണ്ടായിരുന്ന, അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം.

തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് കല്ലുവാതുക്കലിലെ ഒരു പാമ്പ് പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്. സൂരജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി തവണ ഇയാളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചു.

പാമ്പുപിടുത്തക്കാരന് 10,000 രൂപ നല്‍കി സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി. പാമ്പുമായി ബന്ധപ്പെട്ട വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്യാനാണ് പാമ്പിനെ വാങ്ങുന്നതെന്നാണ് സൂരജ് ഇയാളോട് പറഞ്ഞിരുന്നത്. സൂരജിനെയും പാമ്പുപിടുത്തക്കാരനെയും പൊലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ സൂരജിന്റെ അകന്ന ബന്ധുവിനും പങ്കുണ്ടെന്ന് തുടര്‍ന്ന് കണ്ടെത്തി.