കോവിഡ് കൈകാര്യം ചെയ്തതില്‍ രാജ്യത്തിന് മാതൃകയായ നാല് നഗരങ്ങള്‍

https://www.mathrubhumi.com/polopoly_fs/1.4782079.1590384406!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൈകാര്യം ചെയ്തതില്‍ മാതൃകയായ നാല് നഗരങ്ങളെ പട്ടികയില്‍ പെടുത്തി കേന്ദ്രം. ജയ്പുര്‍, ഇന്‍ഡോര്‍, ചെന്നൈ. ബംഗളൂരു എന്നീ നഗരങ്ങളുടെ പ്രവര്‍ത്തനമികവ് ശ്രദ്ധേയമാണെന്ന് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ മുന്‍സിപ്പല്‍ സ്ഥാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡിനെ കൈകാര്യം ചെയ്ത രീതി മുന്‍സിപ്പല്‍ ഭരണസ്ഥാപനങ്ങള്‍ വിശദീകരിച്ചു. ഇതുപ്രകാരം മെട്രോപോളിറ്റന്‍ നഗരങ്ങളായ ജയ്പുര്‍, ഇന്‍ഡോര്‍ എന്നീ നഗരങ്ങളെ കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്ത രീതി, ചെന്നൈ, ബെംഗളൂരു നഗരങ്ങള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടായിട്ടും മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു എന്നീ കാര്യങ്ങളില്‍ മാതൃകയാണെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. 

രാജ്യത്തെ പല മുന്‍സിപ്പാലിറ്റികളും കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പലതരം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കേസുകള്‍ ഇരട്ടിക്കുന്ന തോത്, കൂടുതല്‍ കേസുകള്‍-കൂടുതല്‍ മരണം,  സമ്പര്‍ക്കത്തെ നിരീക്ഷിക്കുന്നതിലെ കാര്യക്ഷമതക്കുറവ് തുടങ്ങിയ പല നഗരങ്ങളും നേരിടുന്നുണ്ട്. 

എന്നാല്‍ ജയ്പുര്‍, ഇന്‍ഡോര്‍ എന്നീ നഗരങ്ങള്‍ വളരെ കാര്യക്ഷമമായി എല്ലാ വീടുകളിലും കയറി സര്‍വേ നടത്തുകയും കോവിഡ് ബാധിതരുടെ സമ്പര്‍ക്കത്തെ കണ്ടുപിടിക്കുകയും ഓരോ ഹൗസിങ് ലെയ്‌നുകള്‍ തോറും പട്രോളിങ് സംഘത്തെ നിയോഗിച്ച് നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്തു. ലോക്ക്ഡൗണ്‍ കര്‍ശനമാക്കി അണുനശീകരണമടക്കം പതിവാക്കുകയും ചെയ്തു. 

ചെന്നൈയിലും ബംഗളൂരുവിലും കോവിഡ് കേസുകളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും 1 ശതമാനം വരെയാണ് മരണനിരക്ക്. ഇത് രാജ്യത്തെ മറ്റ് നഗരപ്രദേശങ്ങല്‍ക്ക് മാതൃകയാണെന്നും കേന്ദ്രം വിശദീകരിക്കുന്നു.

Content Highlights; Centre identifies 4 cities as role models for handling Covid-19 pandemic