നികുതി വെട്ടിപ്പ് കേസില്‍ പെട്ടതോടെ ബാഴ്‌സ വിടാന്‍ തീരുമാനിച്ചിരുന്നു; വെളിപ്പെടുത്തലുമായി മെസ്സി

2007-നും 2009-നും ഇടക്ക് 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് മെസ്സിയും പിതാവ് ഹെര്‍ഗെ ഹൊറോഷിയേയും നിയമനടപടി നേരിടേണ്ടി വന്നത്

https://www.mathrubhumi.com/polopoly_fs/1.4782053.1590381075!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image Courtesy: Getty Images

മാഡ്രിഡ്: 2016-ല്‍ നികുതി വെട്ടിപ്പ് കേസില്‍പ്പെട്ടതോടെ ബാഴ്‌സലോണ വിടാന്‍ തീരുമാനിച്ചിരുന്നതായി സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഒരു സ്പാനിഷ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വെളിപ്പെടുത്തിയത്.

''അന്ന് എന്നോട് നല്ല രീതിക്കായിരുന്നില്ല ആരും പെരുമാറിയിരുന്നത്. എനിക്ക് ഇവിടെ നില്‍ക്കണമെന്ന് തോന്നിയതേയില്ല. എനിക്കും കുടുംബത്തിനും ഏറെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. കാരണം എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് ആളുകള്‍ക്ക് അറിയില്ലായിരുന്നു. എനിക്ക് ഇവിടെ നിന്നും പുറത്ത്കടക്കണമെന്ന് തോന്നി. ബാഴ്‌സലോണ വിട്ട് പോകാനായിരുന്നില്ല അത്, സ്‌പെയിന്‍ തന്നെ വിടാനായിരുന്നു'', മെസ്സി പറഞ്ഞു.

2007-നും 2009-നും ഇടക്ക് 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് മെസ്സിയും പിതാവ് ഹെര്‍ഗെ ഹൊറോഷിയേയും നിയമനടപടി നേരിടേണ്ടി വന്നത്. മെസ്സിക്കും അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന പിതാവിനും കോടതി 21 മാസം തടവുശിക്ഷയും 14 കോടിയോളം രൂപ പിഴയും വിധിച്ചിരുന്നു.

ക്രിമിനല്‍ അല്ലാത്ത കേസുകളില്‍ രണ്ടു വര്‍ഷത്തില്‍ താഴെ തടവ് ലഭിച്ചാല്‍ തടവില്‍ കഴിയേണ്ടെന്ന സ്‌പെയിനിലെ നിയമം കാരണം മെസ്സി തടവുശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു.

Content Highlights: Lionel Messi admits he wanted to leave Barcelona during 2016 tax row