കൊറോണ വ്യാപനത്തിന്റെ അതിരൂക്ഷത ഇന്ത്യ അഭിമുഖീകരിക്കാന്‍ ഇരിക്കുന്നതേയുള്ളൂ എന്ന് വിദഗ്ദ്ധര്‍
![https://www.mathrubhumi.com/polopoly_fs/1.4781714.1590293416!/image/image.jpg_gen/derivatives/landscape_894_577/image.jpg https://www.mathrubhumi.com/polopoly_fs/1.4781714.1590293416!/image/image.jpg_gen/derivatives/landscape_894_577/image.jpg](https://www.mathrubhumi.com/polopoly_fs/1.4781714.1590293416!/image/image.jpg_gen/derivatives/landscape_894_577/image.jpg)
തുടര്‍ച്ചയായ നാലാം ദിവസമാണ് ആറായിരത്തിന് മുകളില്‍ പുതിയ കോവിഡ് 19 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്(മെയ് 22) രാജ്യത്ത് ആദ്യമായി ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 6088 കേസുകള്‍. ശനിയാഴ്ച 6654, ഞായറാഴ്ച 6767 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ഏഴായിരത്തിനടുത്താണ് പുതിയ കേസുകള്‍, 6977 എണ്ണം.
ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,38, 845 ആയി ഉയര്‍ന്നു. അതില്‍ ഇരുപത്താറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 4 ദിവസങ്ങള്‍ക്കുള്ളിലാണ്. വൈറസ് വ്യാപനത്തിന്റെ വേഗത ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
കോവിഡ് ഏററവും മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ പത്താം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ.
ലോകത്ത് ഏറ്റവും കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ രണ്ടു മാസമായി അതു തുടരുന്നുമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തികമേഖലയിലുണ്ടായ തളര്‍ച്ചകള്‍ മറികടക്കാന്‍ ലോക്ക്ഡൗണില്‍ ഇളവേര്‍പ്പെടുത്തിയത് മുതലാണ് രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിത്തുടങ്ങിയതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. തന്നെയുമല്ല അതിന്റെ തുടര്‍ഫലങ്ങള്‍ ഇനി വരുന്ന ആഴ്ചകളില്‍ കുറേക്കൂടി രൂക്ഷമായി പ്രകടമാകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ലോകത്ത് ഇപ്രകാരം രോഗബാധിതരുടെ എണ്ണത്തില്‍ വളരെ പെട്ടെന്ന് വര്‍ധന രേഖപ്പെടുത്തിയ വേറെയും രാജ്യങ്ങളുണ്ട്. വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കാതിരുന്നതും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തതും മികച്ച ആരോഗ്യസംരക്ഷണ സംവിധാനങ്ങളില്ലാതിരുന്നതുമെല്ലാമായിരുന്നു അതിനുള്ള കാരണങ്ങള്‍.
മാര്‍ച്ചില്‍ വൈറസ് വ്യാപനം വേഗത്തിലായിരുന്ന ഇറാന്‍ അതിവേഗം തന്നെ അത് തടയിട്ടു. ഏപ്രില്‍ ആയപ്പോഴേക്കും രോഗവ്യാപനത്തോത് കുറച്ചു കൊണ്ടുവരുന്നതില്‍ ഇറാന്‍ വിജയിച്ചു. ആത്മവിശ്വാസത്തോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയ ഇറാന് പക്ഷേ വീണ്ടും തിരിച്ചടി നേരിടേണ്ടി വന്നു. അത് പ്രകടമായത് മേയ് മാസത്തിലാണ്. ദിവസം ശരാശരി ആയിരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് മേയ് ആയതോടെ ഇരട്ടിച്ചു. വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് രാജ്യം. സമാനമായ രീതിയില്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ നീക്കിയതോടെ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനങ്ങളിലെ പരിശോധനാ നിരക്ക് ഉള്‍പ്പടെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ വര്‍ധനവ് പിറകില്‍ നിരവധി ഘടകങ്ങള്‍ ഉണ്ട്. നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ഇളവുകളും ഒരു കാരണമായേക്കാമെന്ന് ബിഹാറില്‍ കെയര്‍ ഇന്ത്യ സംഘത്തിന് നേതൃത്വം നല്‍കുന്ന എപ്പിഡെമിയോളജിസ്റ്റ് തന്മയ് മഹാപാത്ര പറയുന്നു. അതിനാല്‍ തന്നെ ഇളവുകള്‍ വരുത്തേണ്ടത് ശ്രദ്ധയോടെ ഘട്ടംഘട്ടമായി വേണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
'ഇന്ത്യയെ പോലൊരു രാജ്യത്തെ നിങ്ങള്‍ക്ക് എന്നന്നേക്കുമായി അടച്ചിടാന്‍ സാധിക്കില്ല. സമ്പദ്ഘടനയെ തകര്‍ച്ചയില്‍നിന്ന് കരകേറ്റുന്നതിനായി ചില മേഖലകളില്‍ ഇളവ് ഏര്‍പ്പെടുത്തണം. എന്നാല്‍ അതിനര്‍ഥം പൊതുജനങ്ങള്‍ എല്ലായിടത്തുനിന്നും എല്ലായിടത്തേക്കും യാത്ര നടത്തണമെന്നല്ല.' മഹാപാത്ര പറയുന്നു.
കണ്ടെയ്ന്‍മെന്റ് സോണുകളെ കുറേക്കൂടി വിപുലമായ രീതിയിലായിരിക്കണം മേഖലകളായി തിരിക്കേണ്ടതത്. അതായത് വലിയ പ്രദേശം ഉള്‍ക്കൊളളുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍, വലിയ ജനസംഖ്യയുള്ള ചെറിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍/ഹോട്ട്‌സ്‌പോട്ടുകള്‍. ഇതിനുപുറമേ, ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഇടങ്ങളില്‍ പോലും റാന്‍ഡം പരിശോധനകള്‍ സംഘടിപ്പിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത വൈറസ് വ്യാപനം കണ്ടെത്തുന്നതിന് ഇത് സഹായിക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളെ ലോക്ക്ഡൗണ്‍ ഇളവുകളുമായി ബന്ധപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് മഹാപാത്രയുടെ അഭിപ്രായം. ലോക്ക്ഡൗണ്‍ ഇളവുകള്‍ രാജ്യത്തെ എങ്ങനെ ബാധിച്ചു എന്നത് വരും ആഴ്ചകളിലാണ് തിരിച്ചറിയുക എന്നും അദ്ദേഹം പറയുന്നു. നിലവില്‍ രാജ്യത്തുണ്ടായ വൈറസ് വ്യാപനത്തിലുണ്ടായ വര്‍ധനവ് രാജ്യം ഇതുവരെ അഭിമുഖീകരിച്ച പൊതുവായ വൈറസ് വ്യാപനരീതിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
'ഏററവും മോശമായ അവസ്ഥ നാം കാണാന്‍ ഇരിക്കുന്നതേയുള്ളൂ. ഏപ്രില്‍, മെയ് മാസങ്ങളെ അപേക്ഷിച്ച് വൈറസ് വ്യാപനം ഏറ്റവും രൂക്ഷമാകുക ജൂണിലായിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ജൂലൈയിലായിരിക്കും കോവിഡ് 19 അതിരൂക്ഷത രാജ്യം അഭിമുഖീകരിക്കുക.' മഹാപാത്ര പറയുന്നു
Content Highlights:June and July to be worst, covid19 cases will rise in India in these months