https://assets.doolnews.com/2020/05/sophiya-paul-399x227.jpg

'കാലടിയിലേത് ഏറ്റവും പ്രധാനപ്പെട്ട രംഗം, വലിയ നഷ്ടം'; മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ചതില്‍ നിര്‍മ്മാതാവ് സോഫിയ പോള്‍

by

കൊച്ചി: ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവും വീക്കെന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സിന്റെ ഉടമയുമായ സോഫിയ പോള്‍. നിര്‍മ്മാണത്തിലായിരുന്ന മിന്നല്‍ മുരളി ഒരു സ്വപ്‌ന പദ്ധതിയാണ്. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങും കഴിഞ്ഞിരുന്നെന്നും സോഫിയ ഫേസ്ബുക്കില്‍ കുറിച്ചു.

‘ചിത്രത്തിന്റെ വലിപ്പവും മറ്റും പരിഗണിച്ച് ഏകദേശം രണ്ട് വര്‍ഷമാണ് പ്രീപ്രൊഡക്ഷനും മറ്റുമായി കരുതിയിരുന്നത്. സിനിമാ ചിത്രീകരണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മാറിയാലുടന്‍ ചിത്രത്തിന്റെ ബാക്കി ഭാഗങ്ങളും ഷൂട്ട് ചെയ്യും. അടുത്ത ഷൂട്ട് പ്ലാന്‍ ചെയ്തത് കാലടിയിലായിരുന്നു. ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യാനായി ഞങ്ങള്‍ ഒരു പള്ളിയുടെ സെറ്റിട്ടിരുന്നു. നിര്‍ഭാഗ്യവശാല്‍, മഹാമാരിയെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെക്കുകയും ഷൂട്ട് ആരംഭിക്കാനുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയുമായിരുന്നു. സെറ്റ് കാലടിയിലിടാനും ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗം അവിടെ ചിത്രീകരിക്കാനുമായിരുന്നു തീരുമാനം. ഇതിനായി എല്ലാവിധ അനുമതിയും ഞങ്ങള്‍ വാങ്ങിയിരുന്നു.

ഇന്നത്തെ സംഭവം വളരെ നിര്‍ഭാഗ്യകരവും വലിയ നഷ്ടവുമാണ്’, സോഫിയ പറഞ്ഞു.

കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്.

സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാ നിര്‍മാണം നിര്‍ത്തിവച്ചതിനാല്‍ പകുതിമാത്രമായി നിര്‍മാണം അവസാനിപ്പിക്കേണ്ടിവന്നു. 45 ലക്ഷം രൂപയോളം സെറ്റിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഇതിനോടകം ചിലവാക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

സെറ്റ് നിര്‍മ്മാണത്തിനായി അമ്പലകമ്മറ്റിയുടെയും ഇറിഗേഷന്‍ വിഭാഗത്തിന്റെയും അനുമതി വാങ്ങിച്ച ശേഷമാണ് സെറ്റ് നിര്‍മ്മാണം ആരംഭിച്ചത്.

ഗോദയ്ക്കു ശേഷം ബേസില്‍ ജോസഫ് ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളിയുടെ ആദ്യ ഘട്ട ചിത്രീകരണം വയനാട്ടില്‍ പൂര്‍ത്തിയായിരുന്നു. വയനാട് ഷെഡ്യൂളിന് ശേഷം കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നതിനിടെയാണ് കൊവിഡ് ഭീഷണി ഉയര്‍ന്നത്.

കാലടി മണപ്പുറത്ത് ഇത്തരത്തില്‍ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനാലാണ് പൊളിച്ചതെന്നുമാണ് ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക