ഹോക്കി ഇതിഹാസം ബൽബീർ സിങ് അന്തരിച്ചു; ഇന്നും തകർക്കപ്പെടാതെ ആ റെക്കോർഡ്
by മനോരമ ലേഖകൻന്യൂഡൽഹി∙ ഇന്ത്യയുടെ ഹോക്കി ഇതിഹാസവും മൂന്നു തവണ ഒളിംപിക് സ്വർണം നേടിയ ഇന്ത്യൻ ടീമംഗവുമായ ബൽബിർ സിങ്(95) അന്തരിച്ചു. ചണ്ഡീഗണ്ഡിലെ ആശുപത്രിയിൽ വച്ച് രാവിലെ 6:30 ഓടെയായിരുന്നു അന്ത്യം. ദീർഘനാളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ രണ്ടു വർഷമായി ശ്വാസകോശ സംബന്ധമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് നിരവധി തവണ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കടുത്ത ന്യുമോണിയ ബാധയെ തുടർന്ന് മേസ് 8നാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. ആശുപത്രിയിൽ വച്ച് രണ്ടു തവണ ഹൃദയാഘാതവും തലച്ചോറിൽ രക്തസ്രാവവും ഉണ്ടായി.
ഇന്ത്യയ്ക്കു വേണ്ടി മൂന്നു തവണ ഒളിംപിക് സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു ബൽബീർ സിങ്. 1948 (ലണ്ടന്‍), 1952 (ഹെല്‍സിങ്കി), 1956 (മെല്‍ബണ്‍) ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. രാജ്യാന്തര ഒളിമ്പിക് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 16 ഇതിഹാസ താരങ്ങളിലെ ഏക ഇന്ത്യൻ താരം ഇദ്ദേഹമായിരുന്നു.
ഒരു ഒളിംപിക് മത്സരിത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ബൽബീറിന്റെ റെക്കോർഡ് ഇപ്പോഴും തകർപ്പെടാത്ത ഒന്നായി നിലനിൽക്കുന്നു. 1952 ഹെൽസിങ്കി ഒളിംപിക്സിൽ ഇന്ത്യ ഹോളണ്ടിനെ 6–1 നു തോൽപിച്ച് സ്വർണം നേടിയപ്പോൾ 5 ഗോളുകളും സ്വന്തമാക്കിയാണ് ബൽബീർ സിങ് ഈ നേട്ടത്തിനുടമയായത്. ഇന്ത്യൻ ഹോക്കിക്ക് ബൽബീർ നൽകിയ സംഭാവനകൾക്ക് 1957ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1957ൽ പദ്മശ്രീ നേടിയ അദ്ദേഹം 1975ൽ ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ മാനേജരുമായിരുന്നു. 2015ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു.
English Summary : Indian Hockey icon Balbir Singh Sr passes away