കരിമൂർഖനേക്കാൾ വിഷം; ഉത്രയുടെ കൊലപാതകം വിചിത്ര ശൈലിയിൽ, സൂരജ് അറസ്റ്റിൽ
by മനോരമ ലേഖകൻഅഞ്ചൽ (കൊല്ലം)∙ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജും സുഹൃത്ത് പാമ്പ് സുരേഷ് എന്നറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കൽ സ്വദേശി സുരേഷും അറസ്റ്റിൽ. ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് ഇരുവരും പ്രതികളാണെന്നു തെളിഞ്ഞത്. കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിൽ വിചിത്രമായ കൊലപാതക ശൈലിയിലുള്ള ഇതുപോലൊരു കേസ് അപൂർവാണെന്ന് റൂറൽ എസ്പി ഹരിശങ്കർ പറഞ്ഞു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിനു വേണ്ടി മൂന്നു മാസമായി സൂരജ് ആസൂത്രണം നടത്തുന്നു. ഭാര്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു സുഹൃത്തിൽനിന്നു പാമ്പിനെ വാങ്ങിയത്. മേയ് ഏഴിനു രാവിലെയാണ് ഉത്രയെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്നു വൈകിട്ട് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പിനെ രാത്രി ഉത്രയുടെ ദേഹത്തേക്കിടുകയായിരുന്നു. പാമ്പ് രണ്ടു തവണ ഉത്രയെ കൊത്തുന്നത് സൂരജ് സമീപത്ത് കണ്ടുനിന്നു. പിന്നീട് ഇതിനെ തിരികെ കുപ്പിയിലാക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പാമ്പ് അലമാരയ്ക്കു താഴെ ഒളിക്കുകയും ചെയ്തു.
രാവിലെ ശുചിമുറിയിലേക്ക് സൂരജ് പോയപ്പോൾ അമ്മയാണ് ഉത്രയെ വിളിച്ചുണർത്താൻ നോക്കിയത്. ഉത്ര ബോധരഹിതയായി കിടക്കുന്നതു കണ്ട് മാതാപിതാക്കളും സഹോദരനും അഞ്ചല്‍ മിഷൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. അതിനോടകം മരണം സംഭവിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് അഞ്ചൽ പൊലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. തുടർന്ന് ഫൊറൻസിക് ഉദ്യോഗസ്ഥരുടെയും സൈബർ സെല്ലിന്റെയും ഉൾപ്പെടെ സഹായത്തോടെയായിരുന്നു അന്വേഷണം.
ഉത്രയുടെ ഭർത്താവ് സൂരജ് വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും പരിശോധന നടത്തിയിരുന്നതായും ഇയാൾക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ മൂന്നു മാസം മുന്‍പു വരെയുള്ള ഫോൺ റെക്കോർഡുകളിൽ പാമ്പു പിടിത്തക്കാരൻ സുരേഷുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങളുണ്ടായിരുന്നു. യൂട്യൂബിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്ന വിഡിയോകൾ തുടര്‍ച്ചയായി കണ്ടിരുന്നതായും കണ്ടെത്തി. പാമ്പു സുരേഷിനേതു പോലെത്തന്നെ വിദഗ്ധമായി പാമ്പുകളെ കൈകാര്യം ചെയ്യാന്‍ സൂരജിനു കഴിവുള്ളതായി എസ്‌പി ഹരിശങ്കർ പറഞ്ഞു.
98 പവനോളം സ്വർണവും ബാക്കി പണവും സ്ത്രീധനമായി സൂരജ് വാങ്ങിയിരുന്നു. കുടുംബജീവിതത്തിൽ ഇയാൾ സംതൃപ്തനായിരുന്നില്ല. കുറച്ചുകൂടി നല്ല ഭാര്യയെ ലഭിക്കുമെന്ന് സൂരജ് കരുതിയിരുന്നതായും പൊലീസ് പറഞ്ഞു. പാമ്പുസുരേഷ് അനധികൃതമായി പാമ്പിനെ സൂക്ഷിക്കുന്നയാളാണ്. സാധാരണ പാമ്പിനെ പിടികൂടിയാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കു കൈമാറണമെന്നാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം പാമ്പിനെ വിൽക്കാനോ വാങ്ങാനോ പാടില്ല. പാമ്പുകളെ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ഹരിശങ്കർ വ്യക്തമാക്കി.
കേസിൽ അന്വേഷണം അവസാനിക്കുന്നില്ലെന്നും ബന്ധുക്കൾ ഉൾപ്പെടെ ആർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക പീഡനം സംബന്ധിച്ച പരാതിയും അന്വേഷിക്കും.
English Summary : Anchal Uthra death: Husband Suraj and Friend Suresh Got Arrested