ടൊവീനോ ചിത്രത്തിന്റെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവർത്തകർ അടിച്ചു തകർത്തു
by മനോരമ ലേഖകൻഒരുപാട് പേരുടെ സ്വപ്നങ്ങളും രാപ്പകലോളം പണിയെടുത്ത് ഉണ്ടാക്കി അധ്വാനവുമാണ് ഒരുനിമിഷം കൊണ്ട് കുറേ ആളുകൾ തകർത്തുകളഞ്ഞതെന്ന് മിന്നൽ മുരളിയുടെ സംവിധായകൻ ബേസിൽ ജോസഫ്. ആലുവ കാലടി മണപ്പുറത്ത് സജ്ജമാക്കിയ മിന്നല്‍ മുരളിയുടെ കൂറ്റന്‍ സെറ്റാണ് വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ ഫെയ്സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
ഹിന്ദു പരിഷത്ത് കേരളം ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് സെറ്റ് തകര്‍ത്ത പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. സിനിമയുടെ സെറ്റ് തകര്‍ത്ത് വിദ്വേഷ പ്രചാരണം നടത്തുന്നതിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നും ധാരാളം പേര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.
ബേസില്‍ ജോസഫിന്റെ വാക്കുകൾ:
‘എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം, ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം, പക്ഷേ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും, ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ഡൗൺ സംഭവിച്ചതിനാൽ "ഇനി എന്ന്" എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.
ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമയ്ക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡയറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെർമിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു എല്ലാവരും നിസ്സഹായരായി നിൽക്കുന്ന സമയത്തു ഒരുമിച്ചു നിൽക്കേണ്ട സമയത്തു ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല, പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും.’
ഹരി പാലോടിന്റെ കുറിപ്പ് ഇങ്ങനെ: കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍,ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികൾ നൽകിയിരുന്നു.യാജിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു.സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും,മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ.മഹാദേവൻ അനുഗ്രഹിക്കട്ടെ, ഹരി പാലോട് ജനറൽ സെക്രട്ടറി.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയില്‍ സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് ടൊവീനോ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ വയനാട്ടില്‍ പൂര്‍ത്തിയായിരുന്നു. ആലുവ മണപ്പുറത്ത് രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളിയുടെ നിർമാണം. ക്ഷേത്രം അധികൃതരില്‍ നിന്നും എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങിയാണ് കാലടി മണപ്പുറത്ത് സെറ്റ് ഇട്ടതെന്ന് നിർമാതാവ് അറിയിച്ചു. 45 ലക്ഷം രൂപയോളം മുടക്കിയാണ് ഇവർ സെറ്റ് നിർമിച്ചത്.