ഉത്രയുടെ ദേഹത്തുവച്ചത് കൊടുംവിഷമുള്ള പാമ്പിനെ; ആ ദുരൂഹ മരണത്തിനു പിന്നിൽ...?
by മനോരമ ലേഖകൻഅഞ്ചൽ (കൊല്ലം)∙ കൊടുംവിഷമുള്ള മൂർഖൻ പാമ്പിനെ ഉത്രയുടെ ദേഹത്തേക്കു വച്ചു കടിപ്പിച്ചു രാവിലെ മരണം ഉറപ്പാക്കുന്നതു വരെ ഭർത്താവ് സൂരജ് കാത്തിരുന്നെന്നു റിപ്പോർട്ട്. ഒന്നര വയസ്സുള്ള കുഞ്ഞും ഉത്രയ്ക്കൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പിനെ പുറത്തെടുത്തതെന്നാണു വിവരം. അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര(25)യെ കുടുംബ വീട്ടിലെ മുറിയിൽ മേയ് ഏഴിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മകളെ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് കൊലപ്പെടുത്തിയതാണെന്നു കാണിച്ച് ഉത്രയുടെ മാതാപിതാക്കൾ അഞ്ചൽ സിഐക്ക് പരാതി നൽകി. പിന്നീട് എസ്പി ഹരിശങ്കറിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അശോകൻ കേസ് ഏറ്റെടുക്കുകയായിരുന്നു.
മേയ് ആറിനു രാത്രി വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയിരുന്നെന്ന് ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. സൂരജിന്റെ വീട്ടുകാർ സാമ്പത്തിക ഇടപാടിന്റെ പേരിൽ ഉത്രയെ പീഡിപ്പിക്കുന്നതായും പലപ്പോഴായി പണം ആവശ്യപ്പെട്ടതായും പിതാവ് നൽകിയ പരാതിയിലുണ്ടായിരുന്നു. പാമ്പിനെ പിടികൂടി കൈകാര്യം ചെയ്യുന്നതിൽ സൂരജിന് അറിവുണ്ടായിരുന്നുവെന്ന മൊഴി കൂടിയായതോടെ ക്രൈംബ്രാഞ്ചിന് പിടിവള്ളി കിട്ടി. ഉത്രയുടെ പിതാവ് നൽകിയ പരാതിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണത്തിന്റെ തുടക്കം. അതിൽ പറഞ്ഞ സാമ്പത്തിക ഇടപാടുകൾ സത്യമാണെന്ന വിവരം ലഭിച്ചതോടെ അന്വേഷണം ശക്തമാക്കി.
മാർച്ച് 2നു സൂരജിന്റെ വീട്ടിൽവച്ച് ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. അതിന്റെ ചികിത്സ തുടരുന്നതിന് ഇടയ്ക്കാണു മേയ് 7നു സ്വന്തം വീട്ടിൽവച്ചു വീണ്ടും പാമ്പ് കടിയേൽക്കുന്നത്. രണ്ടു തവണയും സൂരജ് സമീപത്ത് ഉണ്ടായിരുന്നു. അതിനിടെ ഉത്രയുടെ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കർ. മകൾക്ക് വിവാഹ സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ നഷ്ടമായതായി രക്ഷിതാക്കൾ നൽകിയ പരാതിയിലുണ്ടായിരുന്നു. 90 പവനോളമാണ് ഇത്തരത്തിൽ കാണാതായത്.
ഇക്കാര്യത്തിൽ കൃത്യമായ തെളിവ് ലഭിച്ചതോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ പാമ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് അന്വേഷണം മാറ്റി. സൂരജിന്റെ ഫോൺ രേഖകൾ പരിശോധിച്ചു. ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൈബർ സെൽ കണ്ടെത്തി. അൻപതിലേറെ തവണ അതിലൊരാളെ വിളിച്ചിരുന്നു. യൂട്യൂബിലും പാമ്പുപിടിത്തം സംബന്ധിച്ച തിരച്ചിൽ സൂരജ് നടത്തിയതായാണു വിവരം. തുടർന്ന് പാമ്പുപിടിത്തക്കാരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. അവരാണ് സൂരജിന് പാമ്പുകളെ കൈമാറിയ വിവരം പറഞ്ഞത്.
രണ്ടു തവണയായി കുപ്പിയിലാണ് പാമ്പുകളെ നൽകിയത്. ഓരോ തവണയും 5000 രൂപ വീതം നൽകി. ആദ്യം നൽകിയത് അണലിയും രണ്ടാമത് മൂർഖനുമായിരുന്നു. ഉത്രയെ ഭർതൃവീട്ടിൽവച്ചു കടിച്ചത് അണലി ഇനത്തിലെ പാമ്പായിരുന്നു. വീടിനു പുറത്തായിരുന്നു സംഭവം. അന്ന് അദ്ഭുതകരമായാണ് അവർ ജീവിതത്തിലേക്കു തിരിച്ചുവന്നത്. രണ്ടാമതു കടിച്ചത് മൂർഖനും. ഇതിനെ നാട്ടുകാർ വീട്ടിൽ നടത്തിയ തിരച്ചിലിനൊടുവിൽ തല്ലിക്കൊന്നിരുന്നു. സൂരജിന് പാമ്പുപിടിത്തക്കാരൻ സുരേഷ് പാമ്പിനെ കൈമാറിയ മൊഴി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നു രാവിലെ മൂന്നു മണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു കുറ്റസമ്മതം.
ആദ്യം എല്ലാം തള്ളിക്കളഞ്ഞ സൂരജ് പാമ്പുപിടിത്തക്കാരുടെ മൊഴികൂടി വന്നതോടെ പതറുകയായിരുന്നു. പാമ്പിനെ വാങ്ങിയെന്നും ഭാര്യയെ കൊല്ലാൻ ഉപയോഗിച്ചെന്നും മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ എന്തിനായിരുന്നു കൊലപാതകം എന്നു വ്യക്തമാക്കിയിട്ടില്ല. ചോദ്യംചെയ്യൽ തുടരുകയാണ്. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണു വിവരം.
തുറന്നിട്ട ജനാലയിൽ കൂടി കയറിയ മൂർഖൻ പാമ്പ് ഉത്രയെ കടിച്ചെന്നായിരുന്നു സൂരജിന്റെ വാദം. എന്നാൽ എസിയുള്ള മുറിയിൽ ജനലും വാതിലും അടച്ച നിലയിലായിരുന്നെന്നാണ് ഉത്രയുടെ മാതാപിതാക്കൾ മൊഴി നൽകിയത്. ഉറക്കത്തിൽ വിഷപ്പാമ്പിന്റെ കടിയേറ്റാൽ ഉണരുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നത്. എന്നാൽ ഉത്ര ഉണർന്നിരുന്നില്ല. അതിന്റെ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
English Summary: Death of Anchal Woman after Snake Bite: How the murder story unfolds?