https://img.manoramanews.com/content/dam/mm/mnews/news/kuttapathram/images/2020/5/25/shimna-post.jpg

പൊന്നിട്ട്‌ മൂടി പെണ്ണിനെ കൊടുക്കുന്ന കാലം: വിഷം പാമ്പിനല്ല; അവന്; കുറിപ്പ്

by

കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊന്ന കേസില്‍ പ്രതി സൂരജ് അറസ്റ്റിലായിരിക്കുകയാണ്. ഞെട്ടിക്കുന്ന പല വിവരങ്ങളുമാണ് ഇതുസംബന്ധിച്ച് പുറത്തു വരുന്നത്. വാർത്തകൾ പുറത്തു വരുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത് സ്ത്രീധനവും വിവാഹശേഷമുള്ള സ്ത്രീ ജീവിതങ്ങളെക്കുറിച്ചുമാണ്.‌ ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്.

'ആദ്യമൊരു അണലിയെ കൊണ്ട്‌ കൊത്തിച്ച്‌ നോക്കിയതാണ്‌. രണ്ടാമത്‌ മൂർഖനെക്കൊണ്ട്‌ രണ്ട്‌ തവണയും കൊത്തിച്ചുവെന്നയാൾ പോലീസിനോട്‌ സമ്മതിച്ചു പോലും. കൊത്തുന്നത്‌ അയാൾ നോക്കി നിൽക്കുകയായിരുന്നെന്ന്‌. പിന്നെ കട്ടിലിൽ ഇരുന്ന്‌ നേരം വെളുപ്പിച്ചെന്ന്.  പട്ടുപുടവ പൊതിഞ്ഞ്‌ പൊന്നിട്ട്‌ മൂടി പെണ്ണിനെ 'കൊടുക്കുന്ന' കാലമാണിന്നും. 'കെട്ടിയോനും' കെട്ടിച്ച്‌ 'അയച്ചവളും'. വളരുന്ന കാലമത്രയും അവൾ വേറൊരു വീട്ടിൽ പോകാനുള്ള പെണ്ണും അവിടെയെത്തിയാൽ വന്നു കയറിയ പെണ്ണുമാണ്‌. അവളുടെ സുരക്ഷയും സന്തോഷവും സമാധാനവുമൊക്കെ ചിത്രത്തിൽ പോലും വരുന്നില്ല പലപ്പോഴും. വിഷം പാമ്പിനായിരുന്നില്ല, അവനായിരുന്നു. അവനുൾപ്പെടെ പലർക്കുമായിരുന്നു.' ഷിംന അസീസ് കുറിക്കുന്നു.

ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: 

കാലം നീങ്ങി 2020 എന്ന ഫാൻസി നമ്പറിലെത്തി. കിണറ്റിൽ വീണും ഗ്യാസ്‌ കുറ്റി പൊട്ടിത്തെറിക്കലുമൊക്കെ കഴിഞ്ഞു ജീവിതപങ്കാളിയായ പെൺകുട്ടിയെ സർപ്പദംശനം ഏൽപ്പിച്ച്‌ കൊല്ലുന്നിടം വരെയെത്തിയിരിക്കുന്നു കാര്യങ്ങൾ. ജൈവകൊലപാതകം 

ആദ്യമൊരു അണലിയെ കൊണ്ട്‌ കൊത്തിച്ച്‌ നോക്കിയതാണ്‌. രണ്ടാമത്‌ മൂർഖനെക്കൊണ്ട്‌ രണ്ട്‌ തവണയും കൊത്തിച്ചുവെന്നയാൾ പോലീസിനോട്‌ സമ്മതിച്ചു പോലും. കൊത്തുന്നത്‌ അയാൾ നോക്കി നിൽക്കുകയായിരുന്നെന്ന്‌. പിന്നെ കട്ടിലിൽ ഇരുന്ന്‌ നേരം വെളുപ്പിച്ചെന്ന്‌...

പട്ടുപുടവ പൊതിഞ്ഞ്‌ പൊന്നിട്ട്‌ മൂടി പെണ്ണിനെ 'കൊടുക്കുന്ന' കാലമാണിന്നും. 'കെട്ടിയോനും' കെട്ടിച്ച്‌ 'അയച്ചവളും'. വളരുന്ന കാലമത്രയും അവൾ വേറൊരു വീട്ടിൽ പോകാനുള്ള പെണ്ണും അവിടെയെത്തിയാൽ വന്നു കയറിയ പെണ്ണുമാണ്‌. അവളുടെ സുരക്ഷയും സന്തോഷവും സമാധാനവുമൊക്കെ ചിത്രത്തിൽ പോലും വരുന്നില്ല പലപ്പോഴും.

'ഭരിക്കുന്നവൻ' എന്നർത്‌ഥമുള്ള ഭർത്താവിൽ നിന്നും അയാളൊരു കൂട്ടുകാരനും ആ വീട്ടുകാർ സ്വന്തവുമാകാൻ കുറച്ചധികം ഭാഗ്യം തന്നെ വേണം. അവൾക്കൊരു ഐഡന്റിറ്റി പോലും പലപ്പോഴും കിട്ടാക്കനിയാണ്.

ചിലപ്പോൾ പെണ്ണ്‌ ആയുസ്സ്‌ മുഴുവൻ ഇഞ്ചിഞ്ചായി മരിക്കുന്നു, ചിലർ ഒറ്റ കൊത്തിനും കുത്തിനും കുതിപ്പിനും തീരുന്നു എന്ന്‌ മാത്രം. ധൈര്യമുള്ളവർ ഇറങ്ങിപ്പോരുന്നു.

അപ്പോഴും കല്യാണം കഴിപ്പിച്ചയച്ച മകൾ സ്വന്തം വീട്ടിൽ നിൽക്കുന്നത്‌ നാണക്കേട് എന്ന്‌ കരുതുന്ന വീടും വീട്ടുകാരും സമൂഹവും. A divorced daughter is better than a dead daughter എന്ന്‌ എന്നാണ്‌ ലോകത്തിന്‌ തിരിയുക !!

വിഷം പാമ്പിനായിരുന്നില്ല, അവനായിരുന്നു. അവനുൾപ്പെടെ പലർക്കുമായിരുന്നു.

പാവം പാമ്പെന്തറിഞ്ഞു !