കൊവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക്, അമേരിക്കയില്‍ മാത്രം മരണം ഒരു ലക്ഷത്തിനടുത്ത്; ഇന്ത്യ രോഗബാധിതരുടെ പട്ടികയില്‍ പത്താമത്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398271/doctors.jpg

ന്യുഡല്‍ഹി: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 54.98 ലക്ഷമായി. ഇതുവരെ 3.46 ലക്ഷത്തില്‍ ഏറെ പേര്‍ മരണമടഞ്ഞു. 23 ലക്ഷം പേര്‍ മരാഗമുക്തി നേടിയപ്പോള്‍ 28.5 ലക്ഷത്തോളം പേര്‍ ചികിത്സയിലാണ്. അമേരിക്കയിലാണ് രോഗബാധിതരുടെ എണ്ണവും മരണനിരക്കും ഏറ്റവും കൂടുതല്‍.

അമേരിക്കയില്‍ 16.86 ലക്ഷത്തോളം പേരില്‍ കൊവിഡ് ബാധിച്ചു. 99,300 പേര്‍ മരണമടഞ്ഞു. റഷ്യയേയും സ്‌പെയിനേയും പിന്തള്ളി ബ്രസീല്‍ രോഗബാധിത നിരക്കില്‍ രണ്ടാമതെത്തി. മരണസംഖ്യയും ഇവിടെ കുതിച്ചുയരുകയാണ്. 3.63 ലക്ഷം പേര്‍ക്കാണ് ചുരുങ്ങിയ നാളുകള്‍കൊണ്ട് രോഗം ബാധിച്ചത്. 22,716 പേര്‍ മരണമടഞ്ഞു. യു.എസിലും ബ്രസീലിലും പുതിയ രോഗ ബാധിതരുടെ എണ്ണം 15,000 ആയി. ബ്രസീലിലേക്കുള്ള യാത്ര പാടില്ലെന്ന് അമേരിക്ക പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. തെക്കേ അമേരിക്ക വൈറസ് വ്യാപനത്തിന്റെ പുതിയ ഹബ് ആയി മാറിയിരിക്കുകയാണ്. റഷ്യയില്‍ 3,541 പേരും സ്‌പെയില്‍ 28,752 പേരും ബ്രിട്ടണില്‍ 36,793 പേരും മരണമടഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണവും മരണനിരക്കും കുറഞ്ഞുവരുന്നത് ആശ്വാസകരമാണ്.

ഇറ്റലിയില്‍ 32,785 പേര്‍ മരണമടഞ്ഞിട്ടുണ്ട്. ഫ്രാന്‍സില്‍ 28,367 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ജര്‍മ്മനിയില്‍ ഇത് 8,371 ആണ്. ഒരു ഇടവേളയ്ക്ക് ശേഷം തൂര്‍ക്കിയില്‍ രോഗബാധിത നിരക്ക് കുതിച്ചുയരുകയാണ്. 4340 പേര്‍ ഇവിടെ മരണമടഞ്ഞു.

ഇറാനെ പിന്തള്ളി ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താമതായി. 1,38,536 പേര്‍ക്ക് രോഗം ബാധിച്ചു. 4,024 പേര്‍ മരിച്ചതായാണ് സൂചന. ഏഷ്യയില്‍ ഏറ്റവും കുടുതല്‍ രോഗബാധിരുള്ള രാജ്യമായി ഇന്ത്യ മാറി. മഹാരാഷ്ട്രയില്‍ മാത്രം അരലക്ഷത്തിലേറെ രോഗികളുണ്ട്. 13 ദിവസത്തിനിടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി.