ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6977 കോവിഡ് കേസുകള്‍; ആകെ മരണം 4021
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6977 കോവിഡ് കേസുകള്‍. 154 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി ഉയര്‍ന്നു.
നിലവില്‍ 77,103 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 57,720 പേരുടെ രോഗം ഭേദമായി. 4021 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.
കോവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങള്‍കൊണ്ട് പുതിയ കേസുകള്‍ പതിനായിരത്തിന് മുകളിലെത്തി. രോഗവ്യാപനത്തിന്റെ വേഗത ആശങ്ക ജനിപ്പിക്കുന്നതാണ്. രോഗ്യവ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതേയുള്ളൂവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
രാജ്യത്ത് കോവിഡ് ഏറ്റവും മോശമായി ബാധിച്ചത് മഹാരാഷ്ട്രയെയാണ്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നു. അതില്‍ കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. തമിഴ്‌നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 16,227 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Content Highlights: 6977 COVID19 cases & 154 deaths in India in the last 24 hours.