താപനില 47 ഡിഗ്രിവരെ ഉയരും;നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ താപനില 45-47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ പകല്‍ ഒരു മണിക്കും വൈകിട്ട് അഞ്ച് മണിക്കുമിടയില്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്
ന്യൂഡല്‍ഹി: ഉഷ്ണതരംഗം രൂക്ഷമാവാനിടയുള്ളതിനാല്‍ നാല് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച ഡല്‍ഹിയിലെ അന്തരീക്ഷതാപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണെന്നാണ് നിഗമനം. പല ഭാഗങ്ങളിലും മിതമായ രീതിയിലും ചിലഭാഗങ്ങളില്‍ രൂക്ഷമായും ഉഷ്ണതരംഗസാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഞായറാഴ്ച സഫ്ദര്‍ജങ് നിരീക്ഷണകേന്ദ്രത്തില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 44.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു. പാലം, ലോധി, അയാനഗര്‍ എന്നിവടങ്ങളില്‍ 45.4, 44.2, 45.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മെയ് 29 നും 30 നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡല്‍ഹി കൂടാതെ പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ താപനില 45-47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉത്തര്‍ പ്രദേശിന്റെ കിഴക്കന്‍ മേഖലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പകല്‍ ഒരു മണിക്കും വൈകിട്ട് അഞ്ച് മണിക്കുമിടയില്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹരിയാണ, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവടങ്ങളില്‍ ഞായറാഴ്ച താപനിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിലെ സോനേഗാവില്‍ 46.2 ഡിഗ്രി സെല്‍ഷ്യസും രാജസ്ഥാനില്‍ 46.7 ഡിഗ്രി സെല്‍ഷ്യസും ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു.