https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2020/5/25/karimbin-poovinakkare.jpg

പാമ്പിനെക്കൊണ്ടു കടിപ്പിച്ച് പ്രതികാരം തീർത്ത ‘മോഹൻലാൽ’ കഥാപാത്രം; ഞെട്ടിക്കുന്ന സാമ്യം

by

കൊല്ലം അഞ്ചലിൽ കിടപ്പുമുറിയിൽ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവും കൂട്ടാളികളും പിടിയിലായതിന്റെ പിന്നാലെയാണ് ‘അവനെ കൊത്തിയ പാമ്പ് ഞാനാ’ എന്നു തുടങ്ങുന്ന സംഭാഷണവും അതുൾപ്പെടുന്ന സിനിമയും ചർച്ചയാവുന്നത്. മുപ്പത്തിയഞ്ചു കൊല്ലം മുമ്പ് പത്മരാജൻ തിരക്കഥയെഴുതി ഐ.വി .ശശി സംവിധാനം ചെയ്ത കരിമ്പിൻപൂവിനക്കരെ എന്ന ചിത്രത്തിലേതാണ് സംഭാഷണം. ഈ സിനിമയിലും പ്രമേയം പ്രതികാരമാണ്. കൊല്ലുന്നതോ കരിമൂര്‍ഖനെ ഉപയോഗിച്ചും.

1985 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പ്രതികാരദാഹിയായ ഭദ്രൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.  മമ്മൂട്ടി (ശിവൻ ), ഭരത് ഗോപി (ചെല്ലണ്ണൻ), ഉർവശി (ചന്ദ്രിക), രവീന്ദ്രൻ (തമ്പി) എന്നിവരും അണി നിരന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു പ്രതികാരകഥയാണ് പറഞ്ഞത്.

കരിമ്പു കൃഷി വ്യാപകമായിരുന്ന കാലത്തെ കഥ. തന്റെ സഹോദരനായ ചെല്ലണ്ണന്റെ മരണത്തിനു കാരണക്കാരിയായ ചന്ദ്രികയോടുള്ള ഭദ്രന്റെ പ്രതികാരമാണ് ഇതിലെ പ്രധാനപ്രമേയം. ചന്ദ്രികയെ വിവാഹം കഴിച്ച തമ്പി മരിച്ചതിനു ശേഷമുള്ള ശേഷമുള്ള രംഗം ഇങ്ങനെ.

ഗ്രാമത്തിലെ കരിമ്പിൻ പാടത്തിനരികിലെ നടവഴിയിലൂടെ നടന്നു വരുന്ന ചന്ദ്രിക. വഴിയിൽ തടഞ്ഞു നിർത്തിയ ഭദ്രൻ : വെരട്ട്... അല്ലേ ? ഇപ്പ എങ്ങനിരിക്കുന്നു?

ചന്ദ്രിക: അതെന്റെ വിധി

ഭദ്രൻ: വിധിയൊന്നുമല്ലേടീ..അവനെ കൊത്തിയ പാമ്പ് ഞാനാ... എനിക്കതിന്റെ ചെലവെന്തവാന്നറിയാവോ ? പാമ്പുപിടുത്തക്കാരൻ കൊറവന് കൊടുത്ത 150 രൂപയും മണ്ണാറക്കൊളഞ്ഞി വരെ പോയ വണ്ടിക്കൂലീം. അടുത്തത് നീയാ. പിന്നെ നിന്റെ മോൻ.

തന്റെ ഭർത്താവ് മരിച്ചത് പാമ്പ് തനിയെ കടിച്ചല്ല, പാമ്പിനെക്കൊണ്ട് കടിപ്പിച്ചായിരുന്നു എന്ന വിവരവും അത് ഒരു പ്രതികാരത്തിന്റെ തുടക്കവുമായിരുന്നു എന്ന് ഞെട്ടലോടെ കേൾക്കുന്ന ചന്ദ്രികയിലാണ് രംഗം അവസാനിക്കുന്നത്.

ഒരു രാത്രി കൈ കാലുകൾ കെട്ടിയിട്ട ശേഷം ഭദ്രൻ പാമ്പിനെ കൊണ്ട് തമ്പിയുടെ കാലിൽ കടിപ്പിക്കുന്നതിന്റെ രംഗങ്ങളും സിനിമയിൽ കാണാം. പാമ്പുകടിയേറ്റ പാടുകൾ ഉള്ളതു കൊണ്ട് ഭദ്രനെ ആരും സംശയിക്കുന്നുമില്ല.  ഇതാ ഇവിടെ വരെ, കാണാമറയത്ത് എന്നീ ചിത്രങ്ങൾക്കു ശേഷം പത്മരാജനും ഐ.വി. ശശിയും ഒരുമിച്ച ചിത്രമായിരുന്നു കരിമ്പിൻ പൂവിനക്കരെ. ഇരുവരും ഒരുമിച്ചു ചെയ്ത അവസാന ചിത്രവും. മമ്മൂട്ടി, മോഹൻലാൽ, ഐ വി ശശി, സീമ എന്നിവർ നിർമാണ പങ്കാളികളായിരുന്ന കാസിനോ എന്ന ബാനറിലായിരുന്നു ചിത്രം പുറത്തുവന്നത്.

അഞ്ചൽ സ്വദേശിനി ഉത്ര പാമ്പുകടിച്ചു മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ വീട്ടുകാരാണ് ആദ്യം സംശയമുയർത്തിയത്. ഉത്രയുടെ മരണത്തിൽ ഭർത്താവിന് പങ്കുണ്ടെന്നുകാട്ടി റൂറൽ എസ്.പി ഹരിശങ്കറിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. മെയ് ഏഴിനാണ് തന്റെ വീട്ടിൽ കിടപ്പു മുറിയിൽ മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഇടത്‌ കൈയ്യിൽ പാമ്പുകടിയേറ്റതിന്റെ പാട് കണ്ടെത്തി. അടൂരിലെ ഭർത്താവിന്റെ വീട്ടിൽ വെച്ച്  പാമ്പു കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും സർപ്പദംശനമേറ്റത്. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പു കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടിൽ ബോധം കെട്ട് വീണ ഉത്രയുടെ കാല് പരിശോധിച്ചപ്പോഴാണ് പാമ്പു കടിച്ചതായി അന്ന് മനസ്സിലായത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകമെന്നാണ് സൂചന.

എന്നാൽ പാമ്പുകടിയേറ്റ വിവരം ഉത്ര അറിഞ്ഞിരുന്നില്ലെന്നും,  ഉടനെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ഇതിൽ ദുരൂഹത ഉണ്ടെന്നും പരാതിയിൽ പറയുന്നു. രണ്ടാമതു പാമ്പു കടിയേറ്റ ദിവസം ഉത്രയോടൊപ്പം ഉണ്ടായിരുന്ന ഭർത്താവ് സൂരജ് രാത്രിയിൽ കിടപ്പു മുറിയിടെ ജനാലകൾ തുറന്നിട്ടത് സംശയത്തിന് ഇട നൽകി. ടൈല്‍ പാകിയ എ.സി കിടപ്പു മുറിയുടെ ജനാലകൾ വൈകിട്ട് ഉത്രയുടെ അമ്മ അടച്ചിരുന്നു. എന്നാൽ രാത്രി വളരെ വൈകിയാണ് ജനാലകൾ വീണ്ടും തുറന്നിട്ടത്. പാമ്പിനെ ആദ്യം കണ്ടെത്തിയതും സൂരജാണ്. വീട്ടിൽ പാമ്പു ശല്യം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കൾ പരാതിയിൽ പറഞ്ഞിരുന്നു.

അടൂരിൽ  സൂരജിന്റെ വീട്ടിൽ വച്ച് പാമ്പുകടിയേൽക്കുന്നതിന് മുമ്പ് ഒരു തവണ സ്റ്റേയർ കേയ്‌സിന് സമീപത്തായി ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് നിസാരമായി പാമ്പിനെ പിടികൂടി പുറത്ത് കൊണ്ടു പോയി. അന്ന് അണലി വർഗ്ഗത്തിൽപ്പെട്ട പാമ്പിനെയാണ് വീട്ടിൽ കണ്ടത്. രണ്ടാമത് മൂർഖൻ പാമ്പിനെയും. മാരക വിഷമുള്ള പാമ്പ് കടിച്ചാൽ വേദന കാരണം ഉണരേണ്ടതാണെന്നും ഈ രംഗത്തെ വിദഗ്ദർ ചൂണ്ടി കാട്ടുന്നു. പാമ്പാട്ടികളുമായി സൂരജിന് ബന്ധമുണ്ടെന്ന് പരാതിയിൽ പറയുന്നു.

മരണത്തിൽ ഭർത്താവ് സൂരജും കൂട്ടാളികളും പിടിയിലായത്. അടൂർ സ്വദേശിയായ സൂരജിനൊപ്പം രണ്ടു സഹായികളെയും പൊലീസ് പിടികൂടി. ഉറക്കത്തിൽ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആദ്യം മുതലേ സംശയിച്ചത്. സാഹചര്യത്തെളിവുകൾ ലഭിച്ചതോടെ സൂരജിനെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10000 രൂപ നൽകി വാങ്ങിയ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്.