പ്രണയബന്ധം എതിർത്തു; ഒരു കുടുംബത്തിലെ ആറുപേരെ കൊന്ന് കിണറ്റിൽ തള്ളി; അരുംകൊല
by സ്വന്തം ലേഖകൻപ്രണയബന്ധം അംഗീകരിക്കാതിരുന്നതിനെ തുടർന്ന് വാറങ്കലിൽ ഒരു കുടുംബത്തിലെ ആറുപേരെ കൊന്ന് കിണറ്റിൽ തള്ളി. കേസിൽ നാലുപേർ അറസ്റ്റിൽ. മകളുടെ കാമുകനും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. കോളയിൽ വിഷം കലർത്തി നൽകിയാണ് കുടുംബാംഗങ്ങളെ വകവരുത്തിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
ബംഗാൾ സ്വദേശിയായ മുഹമ്മദും കുടുംബവുമാണ് കൊല്ലപ്പെട്ടത്. തൊഴിൽ തേടി തെലങ്കാനയിൽ എത്തിയതായിരുന്നു ഇവർ. മുഹമ്മദ് മഖ്സൂദ് അസ്‌ലം, ഭാര്യ നിഷ, മക്കളായ ഷാബാസ്, സൊഹൈൽ, മകൾ ബുഷ്റ, ബുഷ്റയുടെ മൂന്നു വയസ്സുള്ള മകൻ എന്നിവർ ബംഗാളിൽനിന്ന് തൊഴിൽതേടി തെലങ്കാനയിലെത്തിയവരാണ്. 20 വർഷമായി മഖ്സൂദ് തെലങ്കാനയിലുണ്ട്. ഒപ്പം മരിച്ച നിലയിൽ കണ്ടെത്തിയ മറ്റു മൂന്നു പേരിൽ ശ്യാം, ശ്രീറാം എന്നിവർ ബിഹാറിൽനിന്നുള്ള തൊഴിലാളികൾ, ഷക്കീൽ പ്രദേശവാസിയായ ട്രാക്ടർ ഡ്രൈവറും. മേയ് 20ന് ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്ക് ഷക്കീലിനെ മഖ്സൂദ് വിളിച്ചുവരുത്തിയതായി ഫോൺ രേഖകളിലുണ്ട്. ഇക്കാര്യം ഷക്കീലിന്റെ ഭാര്യയും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ മരിച്ചവരുടെ മൊബൈൽ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുരുക്കിയത്.
മരിച്ച ഒൻപതു പേരുടെയും ഫോൺ ബുധനാഴ്ച രാത്രി ഒൻപതു മുതൽ വ്യാഴം രാവിലെ ആറു വരെ ഒരേ സ്ഥലത്തായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. മൂന്നു വയസ്സുകാരൻ പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷിക്കാനാണ് മഖ്സൂദ് സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചതെന്നാണു സൂചന. ശീതളപാനീയവും ഭക്ഷ്യവസ്തുക്കളും വീട്ടുപരിസരത്തുനിന്നു കണ്ടെത്തിയത് വിരുന്നിന്റെ സൂചനയാണു നൽകുന്നത്.
മുഹമ്മദിന്റെ മകൾ ബുഷ്റയും കാമുകൻ സഞ്ജയുമായുള്ള ബന്ധത്തെ ചൊല്ലി വീട്ടിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.