ഉത്രയെ കൊന്നത് സ്വത്ത് തട്ടിയെടുത്ത് പുതിയ ജീവിതത്തിനായി; കുറ്റസമ്മതം നടത്തി സൂരജ്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398266/uthra-1.gif

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജിന്റെ ലക്ഷ്യം പുതിയ ജീവിതം. പോലീസിന്റെ മുന്നില്‍ കുറ്റമേറ്റു പറഞ്ഞ ഭര്‍ത്താവ് സൂരജിന്റെ ക്രൂരതകള്‍ ഇനിയുമുണ്ട്. രണ്ട് തവണയും ഭാര്യയോട് ഇയാള്‍ അതിക്രൂരമായാണ് പെരുമാറിയത്. സൂരജ് നോക്കിനില്‍ക്കെയാണ് ഉത്രയെ പാമ്പ് ആഞ്ഞ് കൊത്തിയത്. എന്നിട്ടും ജീവന്‍ നഷ്ടമാകുന്നതവരെ കാത്തിരുന്നു ഇയാള്‍.

മാസങ്ങള്‍ നീണ്ട ആസൂത്രണം ഇതിന് പിന്നിലുണ്ടായിരുന്നുവെന്നും സൂരജ് സമ്മതിച്ചു. ഇയാള്‍ക്കു രണ്ടുതവണ പാമ്പിനെ നല്‍കിയ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്യും. കൊലപാതകത്തിനു വേണ്ടിയാണ് സൂരജ് പാമ്പിനെ ഉപയോഗിച്ചതെന്ന് സുരേഷിനും അറിവുണ്ടായിരുന്നു.

ഫെബ്രുവരി 26നാണ് ആദ്യമായി സുരേഷില്‍നിന്നു പാമ്പിനെ വാങ്ങുന്നത്. അണലിയെ വാങ്ങി അടൂരിലെ വീട്ടില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച് മാര്‍ച്ച് രണ്ടിനായിരുന്നു ആദ്യ കൊലപാതക ശ്രമം. രാത്രിയിലാണു വീടിനു പുറത്തുവച്ച് ഉത്രയ്ക്ക് കടിയേറ്റത്. അന്ന് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകിപ്പിച്ചും മരണം ഉറപ്പാക്കാന്‍ സൂരജ് ശ്രമിച്ചു. എന്നാല്‍ ചികിത്‌സയ്ക്ക് ശേഷം ഉത്ര രക്ഷപ്പെട്ടു.

മേയ് 6ന് അര്‍ധരാത്രി പന്ത്രണ്ടോടെയാണ് ഇരുവരും ഉറങ്ങാന്‍ കിടന്നത്. ഇടയ്ക്ക് ഒരു മണിയോടെ ഉത്ര ഗുളിക കഴിക്കാനായി ഉണര്‍ന്നിരുന്നു. പിന്നീട് ഉറക്കത്തിലാഴ്ന്നപ്പോഴായിരുന്നു പുലര്‍ച്ചെ രണ്ടരയോടെ പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെ കൈകാര്യം ചെയ്തു പരിചയമുള്ള സൂരജ് ഇതിനെ ഉത്രയുടെ കാലിനു സമീപത്തേക്കു വലിച്ചെറിഞ്ഞു. കടിച്ചെന്ന് ഉറപ്പാക്കിയ ശേഷം പാമ്പിനെ ആട്ടിയകറ്റി.

കൊല്ലം ജില്ലാ െ്രെകംബ്രാഞ്ച് ഓഫിസില്‍ മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിനിടെ കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങളും സൂരജിന്റെ ഭാഗത്തുനിന്നുണ്ടായി. ഉത്രയുടെ കൊലപാതകത്തിനു സൂരജിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ പ്രേരണയായിട്ടുണ്ടോയെന്നും അന്വേഷിക്കും. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുന്നോടിയായി റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അവസാനവട്ട ചോദ്യം ചെയ്യലുണ്ടാകും. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.