കോവിഡിനും ഉംപുനും പിന്നാലെ രാജ്യത്ത് ഉഷ്‌ണതരംഗം, അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്, ഉത്തരേന്ത്യ ചുട്ടുപൊള്ളും, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
by kvartha deskന്യൂഡെൽഹി: (www.kvartha.com 25.05.2020) ഉംപുന് പിന്നാലെ രാജ്യത്ത് രൂക്ഷമായ ഉഷ്‌ണതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചൊവ്വാഴ്ച മുതൽ അടുത്ത മൂന്ന് ദിവസങ്ങളിൽ രാജ്യത്തിൻറെ ചില ഭാഗങ്ങളില്‍ രൂക്ഷമായും മറ്റിടങ്ങളിൽ മിതമായ രീതിയിലും ഉഷ്ണതരംഗ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മേയ് 29 നും 30 നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള പൊടിക്കാറ്റിനും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. അന്തരീക്ഷ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ടെന്നതിനാൽ അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ പകല്‍ ഒരു മണിക്കും വൈകിട്ട് അഞ്ച് മണിക്കുമിടയില്‍ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാന്‍ തുടങ്ങി അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഡെൽഹിയിലെ അന്തരീക്ഷതാപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണെന്നാണ് നിഗമനം.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ താപനില 45-48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കും. ഉത്തര്‍പ്രദേശിലെ കിഴക്കന്‍ മേഖലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവടങ്ങളില്‍ ഞായറാഴ്ച താപനിലയില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിലെ സോനേഗാവില്‍ 46.2 ഡിഗ്രി സെല്‍ഷ്യസും രാജസ്ഥാനില്‍ 46.7 ഡിഗ്രി സെല്‍ഷ്യസും ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. സഫ്ദര്‍ജംഗ് നിരീക്ഷണകേന്ദ്രത്തില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 44.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു. പാലം, ലോധി, അയാനഗര്‍ എന്നിവടങ്ങളില്‍ താപനില യഥാക്രമം 45.4, 44.2, 45.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
Summary: "Red" Heatwave Alert For Most North Indian States, May Touch 48 Degrees