രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചു

https://www.mathrubhumi.com/polopoly_fs/1.4782008.1590374628!/image/image.jpeg_gen/derivatives/landscape_894_577/image.jpeg

ന്യൂഡല്‍ഹി: കോവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം നിര്‍ത്തിവെച്ചിരുന്ന ആഭ്യന്തര വിമാനസര്‍വീസുകള്‍ തിങ്കളാഴ്ച ഭാഗികമായി പുനരാരംഭിച്ചു. മാര്‍ച്ച് 25 മുതല്‍ നിര്‍ത്തി വെച്ച ആഭ്യന്തര വ്യോമഗതാഗതം രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്. 

ഡല്‍ഹിയില്‍ നിന്ന് പുണെയിലേക്കുള്ള ആദ്യവിമാനം പുലര്‍ച്ചെ 4.45 നും മുംബൈ- പട്‌ന വിമാനം രാവിലെ 6.45 ന് യാത്ര തിരിച്ചു. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളും ഇന്ന് ആരംഭിക്കും. കൊച്ചിയിൽ നിന്ന് ഇന്ന് 13 സർവീസുകളാണ് ഉള്ളത്. തിരുവനന്തപുരം-6, കോഴിക്കോട്-3, കണ്ണൂർ-1 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് ഇന്ന് നടത്തുന്ന സർവീസുകൾ.

‌വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള ആദ്യ സര്‍വീസ് പട്‌നയിലേക്കാണ്.. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പട്‌ന വിമാനത്താവളത്തിലെത്തിച്ചേര്‍ന്നതിന് ശേഷമായിരിക്കും പട്‌നയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനം പുറപ്പെടുകയെന്ന് മുംബൈ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായ മിയാല്‍(MIAL) വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

 ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികളാണ് സര്‍വീസ് നടത്തുന്നത്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, പട്‌ന, പുണെ, കൊച്ചി തുടങ്ങി പ്രമുഖ നഗരങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടാകും. 

വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവളങ്ങളില്‍ ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സര്‍വീസ് പുനരാരംഭിക്കുന്ന വിമാനത്താവളങ്ങളില്‍ കര്‍ശനമായ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ പ്രവേശിപ്പിച്ചത്. 

രാജ്യത്തെ ആഭ്യന്തര വ്യോമഗതാഗതത്തിന്റെ മൂന്നിലൊന്ന് മെയ് 25 ന്  പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത് തുടരും. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു. വിമാനത്താവളങ്ങള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും എഎഐ ഉല്‍പ്പെടുത്തിയിരുന്നു. 

 

Content Highlights: Domestic air travel resumes after two months in India