https://img-mm.manoramaonline.com/content/dam/mm/mo/district-news/pathanamthitta/images/2020/5/24/pathanamthitta-blessy.jpg
സംവിധായകൻ ബ്ലസി

ക്രിക്കറ്റ് ബാറ്റ് ചെത്തിയുണ്ടാക്കി, ചെരുപ്പ് ഉരുട്ടി പന്താക്കി; മരുഭൂമിയിലെ അനുഭവങ്ങൾ...

by

പത്തനംതിട്ട ∙ ജോർദാനിലെ വാദിറാം മരുഭൂമിയിലെ ആടുജീവിതത്തിൽനിന്നു ജന്മനാടിന്റെ കാഴ്ചകളിലേക്കു പറന്നിറങ്ങിയതിന്റെ ആഹ്ലാദം പങ്കുവച്ച് സംവിധായകൻ ബ്ലെസി. കൊച്ചിയിലെത്തിയ 68 അംഗ സംഘം കോവിഡ് കാലം മറികടക്കാനുള്ള ക്വാറന്റീനിലേക്കു കടന്നു. കോവിഡ് ഭീഷണി ഒഴിയുന്ന മുറയ്ക്ക് അൾജീരിയയിലെയും ജോർദാനിലെയും ശിഷ്ടഭാഗം പൂർത്തീകരിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ ചിത്രം റിലീസ് ചെയ്യാനാവുമെന്നാണു പ്രതീക്ഷയെന്നും ബ്ലെസി പറഞ്ഞു. കേരളത്തിലെ ഭാഗങ്ങൾ ഉൾപ്പെടെ 50 ശതമാനം ചിത്രീകരണം കഴിഞ്ഞു.

വൈറസ് തന്മാത്രയിൽ പളുങ്കായി ലോകം

തന്മാത്രയുടെയത്ര പോലും വലുപ്പമില്ലാത്ത കുഞ്ഞൻ വൈറസിനു മുന്നിൽ ലോകം പളുങ്കുപാത്രം പോലെയായെങ്കിലും അതിജീവനത്തിന്റെ കളിമണ്ണിൽ പുതുലോകം പിറവിയെടുക്കുമെന്നു 16 വർഷത്തിനിടയിൽ 8 സിനിമകളും മാർ ക്രിസോസ്റ്റം അതിദൈർഘ്യ ഡോക്യൂ ജീവിത കഥയും അണിയിച്ചൊരുക്കിയ സംവിധായകൻ പറഞ്ഞു. പെട്ടെന്നു ലോകം ഒന്നാകെ നിശ്ചലമായതിന്റെ അങ്കലാപ്പ് എന്തെന്നു മനസ്സിലായി.

കൂടെയുള്ള 68 പേരുടെയും ആശങ്കകളും നമ്മുടെ തലയ്ക്കു മീതേ ഭ്രമരം പോലെ ചുറ്റുമ്പോൾ പകച്ചുപോകും. ഇനി നാട്ടിലേക്കു പോകാനാകില്ലേ, ഉറ്റവർക്ക് എന്തെങ്കിലും സംഭവിച്ചാൽ എങ്ങനെ പോകും. തങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ... ഇതെല്ലാം ഓർത്ത് വല്ലാതെ അസ്വസ്ഥരായവരെ ഒരുമിച്ചു നിർത്താൻ ഒരു മാർഗം കണ്ടെത്തി, ക്രിക്കറ്റ്. ബാറ്റ് ചെത്തിയുണ്ടാക്കി. ചെരുപ്പ് ഉരുട്ടി പന്താക്കി. പലതരം വിനോദങ്ങളിൽ പൃഥ്വിരാജ് ഉൾപ്പെടെ എല്ലാവരും ഒരേ മേശയ്ക്കു ചുറ്റുമിരുന്നു. ഭക്ഷണം പങ്കിട്ടു.

കയ്യിൽ വായിക്കാൻ ആടുജീവിതവും തിരക്കഥയും മാത്രം. പിന്നെ ബൈബിളിലെ പഴയനിയമത്തിലൂടെ കടന്നുപോയി. ഈ ദുരിതകാലവുമായി സമാനതകളുള്ളതാണ് ഇയ്യോബിന്റെ യാതനകൾ. ബൈബിളിലെ ഇതിഹാസ ഭൂമിയായ ജോർദാൻ സമാനതകളില്ലാത്ത അനുഭവഭൂമിയായി ഞങ്ങൾക്കെല്ലാം. ജോർദാനിലെ വ്യവസായി സനൽകുമാർ, കേന്ദ്രമന്ത്രി വി.മുരളീധരൻ, സുരേഷ് ഗോപി എംപി, ആന്റോ ആന്റണി എംപി, പി.ജെ.കുര്യൻ, അൽഫോൺസ് കണ്ണന്താനം, മോഹൻലാൽ, ഇന്ത്യൻ സ്ഥാനപതികാര്യാലയം, സിനിമാ സംഘടനകൾ തുടങ്ങിയവരുടെ സഹായം മറക്കാനാവില്ല.

അഞ്ചര മണിക്കൂർ വാഹനം ഓടിച്ചെത്തി ഭക്ഷണവും സാന്ത്വനവും ഒപ്പം ചിത്രീകരണം പുനരാരംഭിക്കാൻ അനുമതിയും ലഭ്യമാക്കിയ സനൽകുമാറിന്റെ സ്നേഹം മരുഭൂമിയിലെ നീർമഴയായിരുന്നു. മറ്റുയാത്രക്കാരും ഞങ്ങളും സമ്മർദം ചെലുത്തിയതിനാലാവും ജോർദാൻ വിമാനം ചാർട്ടർ ചെയ്തു. ഡൽഹിയിൽ നിന്നു എയർഇന്ത്യ വിമാനം. മഹാമാരി ജോർദാനെ ബാധിച്ചിട്ടില്ല.

വരുമ്പോൾ ഒന്നിനു പിന്നാലെ ഒന്നായി. അതാണു ദുരിതത്തിന്റെ രീതിയെന്ന് ഷേക്സ്പിയർ പറഞ്ഞിട്ടുണ്ട്. കതക് അടയക്കുന്നതിനിടെ അണിവിരൽ ഞെരുങ്ങിതിനെ തുടർന്നുണ്ടായ പൊട്ടൽ മൂലം വലതു കൈ പ്ലാസ്റ്റർ ഇടേണ്ടി വന്നു. മിലിറ്ററി ആശുപത്രിയിലാണ് ഇതു ചെയ്തത്. ഇതുമൂലം ഇവിടെ കലക്ടറുടെ നിർദേശപ്രകാരം ക്വാറന്റീനിൽ ചില്ലറ ഇളവുകൾ കിട്ടി.

കഞ്ഞിയും ചുട്ട ചമ്മന്തിയും നാടൻ ഭക്ഷണവും മാത്രമല്ല തിരികെ കിട്ടിയത്. തീക്കാലം കെട്ടടങ്ങി വസന്തം തിരികെ വന്ന പ്രതീതി. ചിത്രീകരണത്തിനിടയിലെ പ്രതിസന്ധികൾ പുതിയ കാര്യമല്ല. നീണ്ട താടി തൽക്കാലം വെട്ടുന്നില്ല. അതൊരു അനുഭവത്തിന്റെ വെള്ളിക്കെട്ടായി തുടരട്ടെ. ക്വാറന്റീൻ കാലത്ത് കുറെയേറെ വായിക്കാനുണ്ട്.