https://img.manoramanews.com/content/dam/mm/mnews/news/breaking-news/images/2020/5/25/surajci-25.jpg

സിഐയ്ക്കൊപ്പം വേദി പങ്കിട്ടു; നടൻ സുരാജും എംഎൽഎയും ക്വാറന്റീനിൽ

by

അബ്കാരി കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത സിഐയ്ക്കൊപ്പം വേദി പങ്കിട്ടതിനെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമ്മൂട് ക്വാറന്റീനിൽ. എംഎൽഎ ഡി.കെ. മുരളിയും ഇതേ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് ക്വാറന്റീനിലായിട്ടുണ്ട്.

വെഞ്ഞാറമ്മൂട് അബ്കാരി കേസിൽ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 40 കാരന് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐ ഉൾപ്പടെ 34 ഉദ്യോഗസ്ഥർ ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. 12 ജയിൽ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി. 

മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് മൂന്നംഗ സംഘത്തെ വെഞ്ഞാറമൂട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾക്കാണ് കോവിഡ്. കാറിൽ സഞ്ചരിച്ച മൂന്നംഗ സംഘം ഇരുചക്ര വാഹനത്തിൽ എതിരെ വരുകയായിരുന്ന പൊലീസ് ട്രെയിനിയെ ഇടിച്ചിട്ടു. നിർത്താതെ പോയ കാർ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

മേയ് 22ന് റിമാന്‍ഡിലായ മൂന്നു പേരും തിരുവനന്തപുരം സ്‌പെഷൽ സബ് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇവരെ ജയിലില്‍ കൊണ്ടു പോകും മുൻപു നടത്തിയ പരിശോധനയിലാണ് ഒരാൾക്കു കോവി‍ഡ് സ്ഥിരീകരിച്ചത്. ഇയാളോടൊപ്പം ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന മറ്റ് 14 പേരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്നു വ്യക്തമായിട്ടില്ല.