നാടിനെ ഞെട്ടിച്ച കൊലപാതകം; പ്രതി സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിലെത്തിച്ചു; പാമ്പിനെ കൊണ്ടുവന്ന കുപ്പി വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി, മകളെ കൊന്നവനെ വീട്ടില്‍ കയറ്റില്ലെന്ന് അമ്മ, അതിവൈകാരിക രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് അന്വേഷണസംഘം

by

കൊല്ലം: (www.kvartha.com 25.05.2020) അഞ്ചലില്‍ ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ പ്രതി സൂരജിനെ തെളിവെടുപ്പിന് ഉത്രയുടെ വീട്ടിലെത്തിച്ചു. ആള്‍ക്കൂട്ടത്തെ ഒഴിവാക്കുന്നതിനായി ആരെയും അറിയിക്കാതെ വെളുപ്പിനെയാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ തെളിവെടുപ്പിന് എത്തിച്ചത്. കരിമൂര്‍ഖനെ സൂരജ് കൊണ്ടുവന്ന കുപ്പി വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. കേസില്‍ പ്രധാനമായ തെളിവാണിതെന്ന് അന്വേഷണസംഘം പറയുന്നു. ഫൊറന്‍സിക് സംഘത്തിന് ഈ കുപ്പി കൈമാറും.

അതേസമയം അതിവൈകാരിക രംഗങ്ങളായിരുന്നു സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോള്‍ ഉണ്ടായത്. മകളെ കൊന്നവനെ വീട്ടില്‍ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ കരഞ്ഞുവിളിച്ച് പറയുന്നുണ്ടായിരുന്നു. തെളിവെടുപ്പിനായി അകത്തു കയറ്റിയപ്പോള്‍ സൂരജും പൊട്ടിക്കരഞ്ഞു. ഞാന്‍ അത് ചെയ്തിട്ടില്ലെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.

https://1.bp.blogspot.com/-BJBuvvhubTU/XstMD_wtdcI/AAAAAAAAP2A/Unz2vPw0gB8dN-KE0fuzg50PtZtQt2XygCLcBGAsYHQ/s1600/murder.jpg

മേയ് 7ന് പുലര്‍ച്ചെയാണ് ഒരു വയസുള്ള കുഞ്ഞിന്റെ അമ്മയായ ഉത്ര അഞ്ചലിലെ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്. മാര്‍ച്ച് 2ന് ഭര്‍തൃവീട്ടില്‍ വച്ചും പാമ്പ് കടിയേറ്റിരുന്നു. തുടര്‍ച്ചയായുള്ള പാമ്പ് കടിയില്‍ സംശയം തോന്നി മാതാപിതാക്കള്‍ നല്‍കിയ പരാതിയോടെയാണ് കേട്ട് കേള്‍വിയില്ലാത്ത കൊലപാതക കഥയും ഭരര്‍ത്താവിന്റെ ക്രിമിനല്‍ സ്വഭാവവും പുറത്തു വന്നത്.

ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ച സൂരജ് കൊല്ലം കല്ലുവാതുക്കലിലെ പാമ്പ് പിടുത്തക്കാരന്‍ സുരേഷുമായി പരിചയത്തിലായി. ആദ്യം ഫെബ്രുവരി 26 ന് അണലിയെ വാങ്ങി. മാര്‍ച്ച് 2ന് കടിപ്പിച്ചെങ്കിലും ചികിത്സയിലൂടെ ഉത്രക്ക് ജീവന്‍ തിരികെ കിട്ടി. എന്നാല്‍ അന്ന് ഏറെ വൈകിയാണ് ഉത്രയ്ക്ക് ചികിത്സ ലഭ്യമാക്കിയത്.

പിന്നീട് വീണ്ടും ഏപ്രില്‍ 24ന് കൂടുതല്‍ വിഷമുള്ള മൂര്‍ഖനെ വാങ്ങി കുപ്പിയിലാക്കി ഉത്രയുടെ വീട്ടിലെത്തി. ഒരു മുറിയില്‍ കിടന്നുറങ്ങവെ പുലര്‍ച്ചെ രണ്ടരയോടെ പാമ്പിനെ തുറന്ന് വിട്ടു. ഉത്രയുടെ മരണം ഉറപ്പിക്കും വരെ മുറിയില്‍ ഉറങ്ങാതെ നോക്കിയിരുന്നെന്നും അത്യപൂര്‍വ കൊല തുറന്ന് സമ്മതിച്ച സൂരജ് കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ. എസ് പിയുടെ നേതൃത്വത്തിലെ അന്വേഷണസംഘത്തോട് ഏറ്റു പറഞ്ഞു.

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിന്റെ പത്തനംതിട്ട പരക്കോട്ടെ കുടുംബവും സംശയത്തിന്റെ നിഴലിലാണ്. ആദ്യം പാമ്പ് കടിയേറ്റപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് അടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ നിേധിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. കുടുംബത്തിന് പങ്കുണ്ടെന്ന ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

Keywords: News, Kerala, Kollam, Murder, Snake, Bride, Husband, Enquiry, Police, Crime Branch, Family, Mother, Husband, Crime, Trending,  Anchal Uthra Murder Uthras Father about Soorajs Family