ന്യുമോണിയബാധയെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അന്തരിച്ചു
by kvartha betaമൊഹാലി: (www.kvartha.com 25.05.2020) ന്യുമോണിയബാധയെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍(96) അന്തരിച്ചു. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച ആറരയ്ക്കായിരുന്നു അന്ത്യം.
കടുത്ത ന്യുമോണിയബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബല്‍ബീര്‍ രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവിച്ചത്. ഇതിനിടെ ആശുപത്രിയില്‍ വച്ച് രണ്ടു തവണ ഹൃദയാഘാതവും കഴിഞ്ഞ ദിവസം തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായി. കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
ഇന്ത്യയ്ക്ക് മൂന്ന് ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്ത ബല്‍ബീറിനെ സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഹോക്കി താരമായാണ് കണക്കാക്കുന്നത്. 1948 (ലണ്ടന്‍), 1952 (ഹെല്‍സിങ്കി), 1956 (മെല്‍ബണ്‍) ഒളിമ്പിക്‌സുകളില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഹെല്‍സിങ്കിയില്‍ ടീമിന്റെ ഉപനായകനും മെല്‍ബണില്‍ നായകനുമായിരുന്നു സിങ്. ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ അത്‌ലറ്റുകളുടെ മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യയുടെ പതാകയേന്തിയത് സിങ്ങായിരുന്നു.
ഒളിമ്പിക് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ബല്‍ബീറിന് സ്വന്തമാണ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സിന്റെ ഫൈനലില്‍ അഞ്ച് ഗോള്‍ നേടി റെഗ്ഗി പ്രിഡ്‌മോര്‍ 1908ല്‍ സ്ഥാപിച്ച നാലു ഗോള്‍ എന്ന റെക്കോഡ് ബല്‍ബീര്‍ പഴങ്കഥയാക്കി.
1958ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന സിങ് പിന്നീട് വിരമിച്ച് ടീമിന്റെ പരിശീലകനായി. ബല്‍ബീര്‍ പരിശീലിപ്പിച്ച ടീമാണ് 1971ല്‍ ലോകകപ്പ് സ്വര്‍ണവും 1975ല്‍ വെങ്കലവും നേടിയത്.
1957ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2015ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു.
1958ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് മെല്‍ബണ്‍ ഒളിമ്പിക്‌സിന്റെ സ്മരണാര്‍ഥം പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പില്‍ ഗുര്‍ദേവ് സിങ്ങിനൊപ്പം ബല്‍ബീറും ഇടം പിടിച്ചു. 1982 ഡെല്‍ഹി ഏഷ്യാഡില്‍ ദീപശിഖ തെളിയിച്ചത് ബല്‍ബീറായിരുന്നു. 1982ല്‍ പാട്രിയറ്റ് ദിനപത്രം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യന്‍ കായികതാരമായി തിരഞ്ഞെടുത്തത് ബല്‍ബീറിനെയായിരുന്നു.
2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഏറ്റവും മികച്ച പതിനാറ് ഒളിമ്പ്യന്മാരെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഒരാള്‍ ബല്‍ബീര്‍ സിങ്ങായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഒരേയൊരു പ്രതിനിധി. എന്നാല്‍, ഒപ്പേറ ഹൗസിലെ ഒളിമ്പിക് മ്യൂസിയത്തില്‍ സിങ്ങിന്റെ ഒളിമ്പിക് ബ്ലസറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. സിങ് പ്രദര്‍ശനത്തിനായി സംഭാവന ചെയ്ത തന്റെ ബ്ലേസറുകളും മെഡലുകളുമെല്ലാം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പക്കല്‍ നിന്ന് കൈമോശം വന്നതായിരുന്നു കാരണം.
രണ്ട് ആത്മകഥകള്‍ രചിച്ചിട്ടുണ്ട് ബല്‍ബീര്‍. ദി ഗോള്‍ഡന്‍ ഹാട്രിക്കും ദി ഗോള്‍ഡന്‍ യാര്‍ഡ്സ്റ്റിക്: ദി ക്വസ്റ്റ് ഓഫ് ഹോക്കി എക്‌സലന്‍സും.
സുശിയാണ് ഭാര്യ. സുഷ്ബിര്‍, കന്‍വാല്‍ബിര്‍, കരണ്‍ബിര്‍, ഗുര്‍ബീര്‍ എന്നിവരാണ് മക്കള്‍.
Keywords: News, World, Sports, Hockey, Death, Diseased, Health, Padma awards, Padmasree, Award, Indias Olympic Hero Hockey Legend Balbir Sing Snr Passed Away Indian Hockey