ഉത്ര കൊലക്കേസ്: സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കൊല്ലം: ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മരിച്ച ഉത്രയുടെ ഭര്‍ത്താവും ഒന്നാംപ്രതിയുമായ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് ജാർ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച അറസ്റ്റ് ചെയ്ത സൂരജിനെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുന്നുണ്ട്. പാമ്പിനെ കൊണ്ടുവന്ന പാത്രം, എന്തൊക്കെയാണ് ചെയ്തത് എന്നതു സംബന്ധിച്ച മൊഴി തുടങ്ങിയ പ്രാഥമിക തെളിവുകളാണ് ശേഖരിക്കുന്നത്. അടൂരില്‍ സൂരജിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും.
ഒന്നാംപ്രതി സൂരജിനെയും കൂട്ടുപ്രതി സുരേഷിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമം പോലീസിന്റെ ഭാഗത്ത് നിന്നഉണ്ടാകും.
വന്യജീവി സംരക്ഷണ പ്രകാരമുള്ള വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സുരേഷിന്റെ വീട്ടില്‍ നിന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെക്കൂടി കണ്ടെടുത്തിരുന്നു. ഉത്രയെ കടിച്ച രണ്ടുപാമ്പുകളുടെയും പോസ്റ്റ്‌മോര്‍ട്ടം നടത്തും. അഞ്ചുദിവസത്തെ ആക്ഷന്‍പ്ലാനാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്. പാമ്പിന്റെ പോസ്റ്റമോര്‍ട്ടം, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാമ്പിന്റെ പല്ല് ഉത്രയുടെ ശരീരത്തില്‍ എത്രത്തോളം ആഴ്ന്നിറങ്ങി, അതേ നീളമാണോ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന പാമ്പിനും ഉള്ളത് തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഇന്നലെത്തന്നെ പാമ്പിനെ കുഴിച്ചിട്ട സ്ഥലത്ത് നിന്ന് അതിന്റെ ജഡം പുറത്തെടുത്തിരുന്നു. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു ബന്ധുവിനെയും കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകത്തില്‍ ബന്ധുവിന് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സൂരജ് ശ്രമിച്ചിരുന്നു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ബന്ധുവിന് പങ്കില്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ വിട്ടയച്ചു.
കൊല്ലം ജില്ലയിലെ അനധികൃത പാമ്പുപിടിത്തക്കാരെ കണ്ടെത്താനും വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു. സുരേഷിന്റെ രണ്ടു സുഹൃത്തുക്കളെ വനംവകുപ്പ് ഇന്നലംെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇനി എട്ടു അനധികൃത പാമ്പുപിടിത്തക്കാരെ കണ്ടെത്താനുണ്ടെന്നാണ് പറയുന്നത്.
Content Highlights:Kollam Uthra Murder Case: husband Sooraj was taken to Uthra's house for evidence collection.