https://img-mm.manoramaonline.com/content/dam/mm/mo/literature/literaryworld/images/2020/5/25/the-napkin-notes-dad-and-his-daugter-emma.jpg
ദ് നാപ്കിൻ നോ‌ട്ട്സ് ഡാഡ് മകൾ എമ്മയ്ക്കൊപ്പം. ചിത്രത്തിന് കടപ്പാട് ഇൻസ്റ്റഗ്രാം

അർബുദം തോറ്റു പിന്മാറിയ അസാധാരണ സ്നേഹം; ആരും കൊതിക്കും ഇങ്ങനെ ഒരച്ഛനെ കിട്ടാൻ, കണ്ണുതട്ടല്ലേ ഈ സ്നേഹക്കുറിപ്പുകൾക്ക്...

by

എനിക്ക് നിന്നോട് അസൂയ തോന്നുന്നു: എമ്മയുടെ ലഞ്ച് ബോക്സ്തുറന്നു കണ്ടപ്പോള്‍ സ്കൂളില്‍ കൂട്ടുകാരന്‍ പറഞ്ഞു. എങ്ങനെ അസൂയപ്പെടാതിരിക്കും ! സഹപാഠികളുടെ ചോറ്റുപാത്രങ്ങളിൽ ഒരിക്കലും കണ്ടിട്ടില്ലാത്തത്. എമ്മയുടേതിൽ എന്നുമുണ്ടായിരുന്നത്. ഒരു കുറിപ്പ്. പുഡിങ് കപ്പിന്റെയും ചോക്ലേറ്റ് കേക്കിന്റെയും നിറവും മണവും തട്ടി ഒരു ചെറിയ കുറിപ്പ്. ‘പ്രിയ എമ്മയ്ക്ക്’, എഴുതിയത് പ്രിയപ്പെട്ട ഡാഡി. 

‘നാപ്കിൻ നോട്ട്സ് ഡാഡ് ’ എന്ന പേരിലാണ് എമ്മയുടെ അച്ഛൻ ഗാർത്ത് ക്യാലഗനെ ഇന്ന് ലോകമറിയുക. മകൾക്കുള്ള ഉച്ച ഭക്ഷണത്തിനൊപ്പം ഗാർത്ത് മറക്കാതെ എന്നും കാത്തു വച്ച ഒന്നുണ്ട്. ദിവസവും ഒന്നെന്ന പതിവിൽ ഒരു നാപ്കിൻ. ഒന്നോ രണ്ടോ വരികളിൽ അതിലൊരു സ്നേഹ സന്ദേശം. കടലോളം കരുതൽ...കൂടെയുണ്ടെന്നുള്ള ധൈര്യവും.

താനൊരു പിതാവായിരിക്കുന്നു എന്ന് വൈകി മാത്രമുണ്ടായ തോന്നൽ. കയ്യിലുറങ്ങുന്ന കുഞ്ഞു ജീവന്റെ ഉത്തരവാദിത്തം തന്നിലാണെന്ന് പിന്നെ മാത്രം വന്ന ബോധ്യം. എട്ടും പത്തും മണിക്കൂറുകളുടെ ജോലിയിൽ നഷ്ടപ്പെട്ടു പോയ മകൾക്കൊപ്പമുള്ള നിമിഷങ്ങൾ. കൊടുക്കാൻ പറ്റാതിരുന്ന ശ്രദ്ധ. അതിലൊക്കെയുള്ള കുറ്റബോധം. ആ പശ്ചാത്താപത്തില്‍ എമ്മ തീരെ ചെറുതായിരുന്നപ്പോൾ തുടങ്ങിയതാണ് ഗാർത്തിന്റെ കുറിപ്പെഴുത്ത്. പറയാനും പറയാതെ പറയാനുമുള്ളതും ഒപ്പിയെടുക്കാൻ ഭാഗ്യം ലഭിച്ച വെളുത്തു നേർത്ത കണക്കറ്റ നാപ്കിനുകൾ. 

‘‘ഞാൻ നിന്നെ സ്നേഹിക്കുന്നു’’

‘‘ഒരു നല്ല ദിവസത്തിന്റെ ആശംസകൾ’’, ‘‘സന്തോഷവതിയായിരിക്കുക’’, അങ്ങനെ കൊച്ചു കൊച്ചു വലിയ കാര്യങ്ങളായിരുന്നു ആദ്യമതിലുണ്ടായിരുന്നത്. പിന്നെയത് ജീവിത പാഠങ്ങളായി. മൂല്യങ്ങളുടെ പകർന്നെഴുത്തായി. ചിലപ്പോഴൊക്കെ ഡോ. സ്യൂസിന്റെ, മിസ്റ്റർ റോജറുടെ, മായാ ആഞ്ചെലോയുടെ... മിക്കപ്പോഴും തന്റെ തന്നെ വാചകങ്ങളും.

എമ്മ അതു തുറന്നു വായിക്കാറുണ്ടോ എന്നു പോലും ഗാർത്തിന്‌ അറിയുമായിരുന്നില്ല. ഒരിക്കൽ ഭക്ഷണത്തോടൊപ്പം കുറിപ്പ് വെയ്ക്കാൻ മറന്ന അച്ഛനോട്‌ എമ്മ ചോദിച്ചു, ‘‘നാപ്കിൻ നോട്ട്’’ ?? താൻ എഴുതുന്നതു മകൾ കാര്യമായി എടുക്കുന്നുണ്ടെന്ന് അന്ന് അദ്ദേഹത്തിന് മനസ്സിലായി. പിന്നീടൊരിക്കലും ആ പതിവ് തെറ്റിയില്ല. മറവി ചതിക്കുന്ന ദിവസങ്ങളിൽ പോലും ലഞ്ച് ബ്രേക്കിനു മുൻപ് കാറുമെടുത്ത് ഗാർത്ത് സ്കൂളിൽ ഓടിയെത്തും. പ്രിൻസിപ്പലിനോട് ചോദിക്കും, ‘‘എമ്മയറിയാതെ അവളുടെ ലഞ്ച് ബോക്സിൽ ഇതൊന്ന് വെയ്ക്കാൻ എന്തെങ്കിലും വഴി’’ ? ഒരു സ്കൂളിനു മുഴുവൻ അസൂയയായി ആ അച്ഛൻ - മകൾ ബന്ധം വളർന്നു.

അവരെ ലോകമറിയുന്നത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്. എമ്മയ്ക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ ഗാർത്തിന്‌ കിഡ്നി കാൻസർ സ്ഥിരീകരിക്കുന്നു. പിന്നാലെ  പ്രോസ്റ്റേറ്റ് കാൻസർ. വലത് അഡ്രീനൽ ഗ്രന്ഥിയിൽ വീണ്ടും. പ്രതീക്ഷിക്കാതെ മൂന്നു വലിയ പരീക്ഷണങ്ങൾ. ആഗ്രഹിച്ച ഉയരങ്ങളിലേക്ക് എമ്മ പറന്നു തുടങ്ങുന്നതു കാണാൻ, ആത്മവിശ്വാസമുള്ള യുവതിയായി മാറുന്നത് കണ്ടുനിൽക്കാൻ, അതിനായി ഒരുക്കി വിടാൻ, താനുണ്ടാകുമോ എന്ന ഭയം. ഇനി അധിക നാളില്ല എന്ന ചിന്തയിലാകണം, അദ്ദേഹമൊരു തീരുമാനമെടുത്തു. മകളുടെ പഠനം പൂർത്തിയാകുന്നതു വരെ മുടക്കമില്ലാതെ ലഞ്ച് ബോക്സിൽ തന്റെ കുറിപ്പുകളുണ്ടായിരിക്കണം..,പൊതിഞ്ഞു കെട്ടി കൊടുത്തു വിടാൻ ഒരുപക്ഷേ താനില്ലെങ്കിലും.

ഗാർത്ത് കലണ്ടർ നോക്കി. എമ്മയുടെ ഗ്രാജുവേഷൻ കഴിയുന്നത് വരെയുള്ള സ്കൂൾ ദിനങ്ങൾ എണ്ണി തിട്ടപ്പെടുത്തി. 826! ആ ദിവസം വരെ തനിക്ക് ആയുസ്സില്ലെങ്കിൽ !? മകൾ കരയേണ്ടി വരരുത്. ഡാഡിയെ വായിച്ചു തീർന്നു പോയി എന്ന് ഒരിക്കലും തോന്നരുത്. മുന്നിലൊരു വഴി തെളിഞ്ഞു. കൂടെയില്ലാതെ കൂടെയുണ്ടാകാനുള്ള വഴി. കൃത്യം എണ്ണൂറ്റിയിരുപത്തിയാറ് നാപ്കിൻ നോട്ടുകൾ മുൻകൂറായി എഴുതി വെയ്ക്കുക. അദ്ദേഹം എഴുത്ത് തുടങ്ങി. അത് ചരിത്രമായി.

സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കെപ്പോഴോ തങ്ങളുടെ ജീവിത കഥ ഗാർത്ത് പങ്കുവെച്ചു. ആദരവോടെ ലോകം അത് ഏറ്റു വാങ്ങുകയായിരുന്നു. ഒരച്ഛൻ മകൾക്കെഴുതിയ കുഞ്ഞു കത്തുകൾ -  അതൊരു പുസ്തകമായി കാണാൻ പ്രസാധകർ പലരുമെത്തി. ഒടുവിൽ എമ്മയോട്  അനുവാദം ചോദിച്ച് ഗാർത്ത് പുസ്തകം പുറത്തിറക്കി,  ‘‘നാപ്കിൻ നോട്ട്സ് : മെയ്ക് ലഞ്ച് മീനിങ്ങ്ഫുൾ, ലൈഫ് വിൽ ഫോളോ’’. തന്റെയും ഭാര്യ ലിസയുടെയും ജീവിതത്തിന്റെ സൗഭാഗ്യമായ എമ്മ, അവളുടെ വളർച്ച, അവരൊന്നിച്ചുള്ള ജീവിതം, കടന്നുപോയ കടുത്ത പ്രതിസന്ധികൾ...അങ്ങനെ ജീവിതം പറഞ്ഞ് 22 കഥകൾ. ഓരോന്നിനും മുകളിൽ തനിക്ക് പ്രിയപ്പെട്ട ഓരോ നാപ്കിൻ നോട്ടും.

   

സോഫ്റ്റ്‌ ബോൾ പ്ലെയറായ എമ്മ കിട്ടിയതിൽ ഏറ്റവും പ്രിയപ്പെട്ട നോട്ട് ഒരിക്കല്‍ തിരഞ്ഞെടുത്തു. 

“നിന്നെ ഞാൻ രക്ഷിക്കാം എന്നു  കളിക്കിടയിൽ പറഞ്ഞ കൂട്ടുകാരനോട് നീ പറഞ്ഞില്ലേ, എന്നെ ഞാൻ രക്ഷിച്ചോളാം എന്ന്. ആ കുട്ടിയാവുക. ധൈര്യപ്പെടുക”.

ഗാർത്തിന്‌ ഏറെ പ്രിയം മകളോട് താൻ ഇന്നും പറയാറുള്ള വരികളാണ്. ‘‘എമ്മാ, നീ ജയിക്കാനായി ഞാൻ കാത്തിരിക്കുന്നില്ല. ജയിച്ചു വന്നാൽ നല്ലത്’’. 

എമ്മയ്ക്ക് ഇന്ന് 20 വയസ്സ്. 2 വർഷം മുൻപ് സ്കൂൾ ഗ്രാജുവേഷനും കഴിഞ്ഞു. മകൾ അച്ഛനു തിരിച്ചും കുറിപ്പുകളെഴുതിത്തുടങ്ങി. യു.എസിലെ വിർജിനിയയിൽ ആ കുടുംബത്തിൽ സന്തോഷം തന്നെ. 5 വർഷം ജീവിക്കാൻ 8 ശതമാനം മാത്രം ആയുസ്സ് പറഞ്ഞിരുന്ന ഗാർത്ത് 3 ട്യൂമറുകളുടെ അധികക്കണക്കിൽ ജീവിച്ചിരിക്കുന്നു. തലച്ചോറിലും ശ്വാസകോശത്തിലും കരളിലും മുഴകൾ. ഇനി എത്ര നാൾ, അദ്ദേഹത്തിന് അറിയില്ല. എന്നാൽ സന്ദേശങ്ങളുടെ പതിവിന് മാറ്റമില്ല. 

അച്ഛന്മാരോട്, അമ്മമാരോട്, ലോകത്തോടു തന്നെ ആ പിതാവിന് വിളിച്ചു പറയാനുള്ളത് ഒറ്റക്കാര്യം മാത്രം. മക്കളുടെ ഭക്ഷണപ്പൊതി അർത്ഥമുള്ളതാക്കൂ. സ്നേഹമാണെന്ന്, കൂടെയുണ്ടെന്ന്, പേടിക്കരുതെന്ന്...അങ്ങനെ പറയാൻ തോന്നുന്നതൊക്കെ പ്രിയപ്പെട്ടവരോട് പറയൂ. എഴുതൂ. പൊതിയൂ.

ബന്ധങ്ങൾ സൂക്ഷിക്കൂ. അവരുടെ ജീവിതം പിറകേ വരും. തെളിവ് ഇതാ ഈ ജീവിതം തന്നെ. 

English Summary : Unconditional Love Story Of Napkin Notes Dad And His Daughter