https://img-mm.manoramaonline.com/content/dam/mm/mo/technology/technology-news/images/2020/5/12/voice-assistants-siri.jpg

ആപ്പിളിനെതിരെ ഗുരുതര ആരോപണം: സ്വകാര്യ സംസാരം പോലും അന്യരെ കേള്‍പ്പിക്കുന്നു

by

ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ വാച്ച് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ വളരെ രഹസ്യമായി സൂക്ഷിക്കേണ്ട പല സംഭാഷണങ്ങളും കമ്പനിക്കായി ജോലിയെടുക്കുന്ന കരാര്‍ ജോലിക്കാര്‍ക്ക് പരിശോധിക്കാനായി എത്തിച്ചു കൊടുക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ആപ്പിളിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അതീവ രഹസ്യമാസി സൂക്ഷിക്കേണ്ട മെഡിക്കല്‍ വിവരങ്ങള്‍, മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങള്‍, ബെഡ്റൂം സംഭാഷണം എന്നിവ അടക്കമുള്ള വിവരങ്ങള്‍ സിറി എന്ന വോയിസ് അസിസ്റ്റന്റിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി അപരിചിതര്‍ക്ക് യഥേഷ്ടം കേൾക്കാന്‍ അനുവദിച്ചിരിക്കുകയാണ് ആപ്പിള്‍. ദി ഗാര്‍ഡിയന്‍ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സിറി നടത്തുന്ന റെക്കോഡിങ്‌സില്‍ കുറച്ചുഭാഗം തങ്ങളുടെ ലോകമെമ്പാടുമുള്ള കരാർ തൊഴിലാളികള്‍ക്ക് എത്തിച്ചു നല്‍കുന്ന പരിപാടി ആപ്പിള്‍ തുടരുകയാണ്. ഈ തൊഴിലാളികളോട് ചോദ്യങ്ങള്‍ക്കു സിറി നല്‍കുന്ന ഉത്തരത്തിന് വിവിധ ഗ്രേഡുകള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സിറിയെ ഉപയോക്താവ് ഉണര്‍ത്തിയതാണോ, അതോ യാദൃശ്ചികമായി ഉണര്‍ന്നതാണോ, ചോദ്യം സിറിക്ക് ഉത്തരം നല്‍കാന്‍ പാകത്തിനുള്ളതായിരുന്നോ, സിറി നല്‍കിയ ഉത്തരം ഉചിതമായിരുന്നോ തുടങ്ങിയവയ്ക്ക് എല്ലാമാണ് കരാര്‍ ജോലിക്കാര്‍ മാര്‍ക്കിടുന്നത്. ഇങ്ങനെ തങ്ങള്‍ എടുക്കുന്ന ഡേറ്റ, സിറിയെയും ഡിക്ടേഷനെയും സഹായിക്കാനും ഉപയോക്താവിനെ കൂടുതല്‍ അടുത്തറിയാനുമാണ് ഉപയോഗിക്കുന്നതെന്നാണ് ആപ്പിള്‍ പറയുന്നത്. എന്നാല്‍, ആപ്പിള്‍ ഒരിക്കലും തങ്ങളുടെ ഉപയോക്താക്കളുടെ സംഭാഷണം മറ്റുമനുഷ്യരാണ് കേൾക്കുന്നതും വിശകലനം ചെയ്യുന്നതെന്നുമുള്ള വിവരം ഉപയോക്താക്കളെ അറിയിച്ചിട്ടില്ലെന്നാണ് ഉയരുന്ന ആരോപണം.

സിറിയുമായുള്ള ഉപയോക്താവിന്റെ ഇടപെടലിന്റെ ചെറിയ ശതമാനം സിറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഡിക്ടേഷന്റെ മികവു വര്‍ധിപ്പിക്കാനുമായി ഉപയോഗിക്കുന്നു. എന്നാല്‍, ഉപയോക്താവിന്റെ റിക്വസ്റ്റുകള്‍ അയാളുടെ ആപ്പിള്‍ ഐഡിയുമായി ബന്ധപ്പെടുത്തിയല്ല നല്‍കുന്നത്. സിറിയുടെ പ്രതികരണങ്ങള്‍ സുരക്ഷിതമായ രീതിയിലാണ് വിശകലനം ചെയ്യുന്നത്. വിശകലനം ചെയ്യുന്നവരും വിവരങ്ങള്‍ സ്വകാര്യമാക്കി വയ്ക്കുന്ന കാര്യത്തില്‍ ആപ്പിളിന്റെ കടുത്ത നിയമങ്ങള്‍ പാലിക്കുന്നുവെന്നാണ് ആപ്പിള്‍ ഇക്കാര്യത്തില്‍ പ്രതിരിച്ചത്.

പേരു വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത, ആപ്പിളിനു വേണ്ടി ജോലിചെയ്യുന്ന ഒരു വിസില്‍ബ്ലോവര്‍ ( പന്തിയല്ലാത്ത കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന വിവരം പുറത്തുവിടുന്നയാള്‍ ) ആണ് ഈ വിവരങ്ങള്‍ അറിയിച്ചത്. ഒരാള്‍ മനപ്പൂര്‍വ്വം സിറിയെ ഉണര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കുന്നതിനെക്കാള്‍ പ്രശ്‌നകരം അത് യാദൃശ്ചകമായി ഉണരുന്നതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സിറി യാദൃശ്ചികമായി ഉണരുന്നത് സാധാരണമാണ് എന്നതിനാല്‍ വളരെ രഹസ്യമാക്കി വയ്‌ക്കേണ്ട വിവരങ്ങള്‍ പോലും അത് പിടിച്ചെടുക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ബിബിസിയില്‍ നടന്ന സിറിയയെക്കുറിച്ചുള്ള സംഭാഷണത്തിനിടയില്‍ സിറി ആവശ്യപ്പെടാതെ ഉണര്‍ന്നത് തന്നെ ഉത്തമോദാഹരണമായി എടുത്തുകാട്ടുന്നു. പല രീതിയില്‍ സിറി ഉണര്‍ത്തപ്പെടാം. ഉദാഹരണത്തിന് ആപ്പിള്‍ വാച്ച് ഉയര്‍ത്തപ്പെടുകയും അത് എന്തെങ്കിലും സംഭാഷണം ശ്രവിക്കുന്നുണ്ടെങ്കിലും സിറി ഉണരും.

വിസില്‍ബ്ലോവര്‍ പറയുന്നത്, ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള സംഭാഷണം, ബിസിനസുകാര്‍ തമ്മിലുള്ള രഹസ്യമാക്കിവയ്‌ക്കേണ്ട സംഭാഷണങ്ങള്‍, ക്രിമിനലുകള്‍ തമ്മിലുള്ള സംസാരം, ലൈംഗികബന്ധ സമയത്തെ സംസാരം തുടങ്ങിയവയെല്ലാം താന്‍ നിരവധി തവണ കേട്ടുകഴിഞ്ഞു എന്നാണ്. എന്നാല്‍, ആപ്പിളിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ ഇതാണ്- ഈ സംഭാഷണങ്ങള്‍ക്കൊപ്പം ലഭിക്കുന്ന യൂസര്‍ ഡേറ്റയില്‍, സ്ഥലം, കോണ്ടാക്ട് ഡീറ്റെയ്ല്‍സ്, ആപ് ഡേറ്റ എന്നിവയും ഉണ്ടാകുമെന്നാണ്. ഇത് സ്ഥിരീകരിക്കപ്പെട്ടാല്‍ ആപ്പിളിനു വിനയാകും. ഇത്തരം വിവരങ്ങള്‍ ഒരാളുടെ ചോദ്യത്തിന് ശരിക്കുള്ള ഉത്തരമാണോ നല്‍കിയതെന്നു പരിശോധിക്കാനായിരിക്കാം നല്‍കുന്നത് എന്നാണ് കരുതുന്നത്. സിറിയുടെ ഡേറ്റ, ഉപയോക്താവിന്റെ മറ്റ് ആപ്പിള്‍ സേവനങ്ങളുടെ ഡേറ്റയുമായി ബന്ധിപ്പിക്കുന്നില്ലെന്ന് കമ്പനി ഉപയോക്താവിന് ഉറപ്പു നല്‍കുന്നുണ്ട്.

നേരത്തെ പറഞ്ഞതു പോലെ യാദൃശ്ചികമായി സിറി ആക്ടിവേറ്റ് ആകുന്നതാണ് പല രഹസ്യങ്ങളും പുറത്താകുന്നതിന്റെ പ്രധാന കാരണം. സിറി ഒട്ടുമിക്ക ആപ്പിള്‍ ഉപകരണങ്ങളിലുമുണ്ടെങ്കിലും ആവശ്യമില്ലാതെ ആക്ടിവേറ്റ് ആകുന്ന പ്രശ്‌നം, ആപ്പിള്‍ വാച്ച്, ആപ്പിളിന്റെ സ്മാര്‍ട് സ്പീക്കറായ ഹോംപോഡ് എന്നിവയിലാണ് കൂടുതല്‍ കാണപ്പെടുന്നതെന്നു പറയുന്നു.

താന്‍ ഈ വിവരം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതനായത് ഇത്തരം വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുള്ളതിനാലാണെന്ന് വിസില്‍ ബ്ലോവര്‍ പറയുന്നു. യാദൃശ്ചികമായി സിറി ഉണരുമ്പോള്‍ പേരുകളും അഡ്രസുകളും എല്ലാം കേള്‍ക്കാനാകുന്നു. ഇതെല്ലാം ആളുകളുടെ സ്വകാര്യതയെ സാരമായി ബാധിച്ചേക്കാം. സിറിയോട് നേരിട്ട്, 'എപ്പോഴും ചെവിയോര്‍ത്തിരിക്കുകയാണോ' എന്നു ചോദിച്ചാല്‍ കിട്ടുന്ന മറുപടി, നിങ്ങളെന്നോടു സംസാരിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ ശ്രവിക്കുന്നത്' എന്നാണ്. പക്ഷേ, ഇതു പരിപൂര്‍ണ്ണമായും തെറ്റാണ് എന്നാണ് വിസില്‍ബ്ലോവര്‍ പറയുന്നത്.

ഇനി ഇത് ആപ്പിളിന്റെ മാത്രമൊരു പ്രശ്‌നമായി ആരും കാണേണ്ട കാര്യമില്ല. ആമസോണ്‍ ഇത്തരം വിവാദത്തില്‍ വീണിട്ടുണ്ട്. മറ്റു പല കമ്പനികളും വേണ്ടുവോളം ഉപയോക്താക്കളെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പക്ഷേ, തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യത തങ്ങള്‍ക്ക് പരമപ്രധാനമാണെന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം പറയുന്ന കമ്പനിക്കും ഈ പിഴവ് സംഭവിക്കാമെന്നത് ശരിക്കും ഞെട്ടിക്കുന്നതാണ്. നടന്നതെല്ലാം ഗുരുരതമായ മൗലികാവകാശം ലംഘനമാണെന്നും ടെക് ഭീമനെതിരെ യൂറോപ്യന്‍ യൂണിയന്‍ നടപടി എടുക്കണമെന്നുമാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. ആപ്പിളിന്റെ അടുത്ത പ്രതികരണം അറിഞ്ഞ ശേഷം ഭാവി നടപടികളിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ കടക്കുമെന്നാണ് കരുതുന്നത്.

English Summary: Apple 'violating fundamental rights' after Siri recorded users' intimate moments without consent