https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/25/ashok-chavan-pwd-minister.jpg

മന്ത്രി അശോക് ചവാന് കോവിഡ്; മഹാരാഷ്ട്രയിൽ രോഗികൾ 50,000 കടന്നു

by

മുംബൈ∙ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുന്‍മുഖ്യമന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു. അശോക് ചവാനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ആദ്യ പരിശോധനയിൽതന്നെ ചവാന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മന്ത്രിയുടെ കുടുബത്തെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. നേരത്തെ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര ആവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു. 

അതേസമയം, കോവിഡ് ബാധിതരുടെ എണ്ണം മഹാരാഷ്ട്രയിൽ കുതിച്ചുയരുന്നു. ഞായറാഴ്ച മാത്രം 3041 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. 58 പേർ ഞായറാഴ്ച മാത്രം മരിച്ചു. ഇതുവരെ 50,231 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,996 പേർ ചികിത്സയിലുണ്ട്. 14,600 പേർ രോഗമുക്തരായി. മരണം 1635.

രോഗം നിയന്ത്രണവിേധയമാക്കാൻ സാധിക്കാത്തതിനാൽ മേയ് 31 ശേഷവും ലോക്ഡൗൺ നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചു. രാജ്യത്ത് തുടർച്ചയായി അഞ്ചാം ദിവസവും ആറായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച 6575 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ മരണം 4014 ആയി. 57,429 പേർ രോഗമുക്തരായി. 1,38,041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  

English Summary: Maharashtra PWD Minister Ashok Chavan Tests Positive For COVID-19