ആഴങ്ങളിൽ 9 മൃതദേഹങ്ങള്‍, ദേഹത്ത് മാന്തിയ പാട്; ആത്മഹത്യയോ കൂട്ടക്കൊലപാതകമോ?
by സ്വന്തം ലേഖകൻവാറങ്കൽ: 48 മണിക്കൂർ; ഒരു കിണറ്റിൽ കണ്ടെത്തിയത് ഒൻപത് മൃതദേഹങ്ങൾ. തെലങ്കാനയിലെ ഗീസുക്കൊണ്ട മണ്ഡലിലെ ഗോറെക്കുണ്ഡ ഗ്രാമത്തിലെ ഒരു ചണച്ചാക്ക് നിർമാണ കേന്ദ്രത്തോടു ചേർന്നുള്ള കിണറ്റിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച നാലു പേരുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വീണ്ടുമൊരു മൃതദേഹം കൂടി കിണറ്റിൽ പൊങ്ങി. തുടർന്ന് വെള്ളം വറ്റിച്ചു നോക്കിയപ്പോഴാണ് നാലു മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്.
വാറങ്കൽ റൂറൽ ജില്ലയിലെ ഗോറെക്കുണ്ഡ ഗ്രാമത്തിലാണ് ഇപ്പോൾ തെലങ്കാന പൊലീസിന്റെ മുഴുവൻ ശ്രദ്ധയും. കേസിൽ എത്രയും പെട്ടെന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടതോടെ കേസ് പിന്നെയും ചൂടുപിടിച്ചു. കേസന്വേഷണത്തിനിടെ ഉയരുന്ന പ്രധാന ചോദ്യം ഒന്നു മാത്രം – ഇത് കൂട്ട ആത്മഹത്യയോ അതോ കൊലപാതകമോ?
ബംഗാളിൽനിന്നുള്ളവരാണ് മരിച്ചവരിൽ ആറു പേർ, ഒരേ കുടുംബത്തിലെ അംഗങ്ങൾ. മുഹമ്മദ് മഖ്സൂദ് അസ്‌ലം, ഭാര്യ നിഷ, മക്കളായ ഷാബാസ്, സൊഹൈൽ, മകൾ ബുസ്റ, ബുസ്റയുടെ മൂന്നു വയസ്സുള്ള മകൻ എന്നിവർ ബംഗാളിൽനിന്ന് തൊഴിൽതേടി തെലങ്കാനയിലെത്തിയവരാണ്. 20 വർഷമായി മഖ്സൂദ് തെലങ്കാനയിലുണ്ട്. ഒപ്പം മരിച്ച നിലയിൽ കണ്ടെത്തിയ മറ്റു മൂന്നു പേരിൽ ശ്യാം, ശ്രീറാം എന്നിവർ ബിഹാറിൽനിന്നുള്ള തൊഴിലാളികൾ, ഷക്കീൽ പ്രദേശവാസിയായ ട്രാക്ടർ ഡ്രൈവറും. മേയ് 20ന് ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്ക് ഷക്കീലിനെ മഖ്സൂദ് വിളിച്ചുവരുത്തിയതായി ഫോൺ രേഖകളിലുണ്ട്. ഇക്കാര്യം ഷക്കീലിന്റെ ഭാര്യയും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ മരിച്ചവരുടെ മൊബൈൽ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണവുമായി മുന്നോട്ടു പോകുകയാണ് പൊലീസ്.
മരിച്ച ഒൻപതു പേരുടെയും ഫോൺ ബുധനാഴ്ച രാത്രി ഒൻപതു മുതൽ വ്യാഴം രാവിലെ ആറു വരെ ഒരേ സ്ഥലത്തായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. മൂന്നു വയസ്സുകാരൻ പേരക്കുട്ടിയുടെ പിറന്നാൾ ആഘോഷിക്കാനാണ് മഖ്സൂദ് സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചതെന്നാണു സൂചന. ശീതളപാനീയവും ഭക്ഷ്യവസ്തുക്കളും വീട്ടുപരിസരത്തുനിന്നു കണ്ടെത്തിയത് വിരുന്നിന്റെ സൂചനയാണു നൽകുന്നത്.
ആരെങ്കിലും ഭക്ഷണത്തില്‍ വിഷം കലർത്തി മൃതദേഹങ്ങൾ കിണറ്റിലേക്കു വലിച്ചെറിയാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഭർത്താവുമായി പിരിഞ്ഞ ബുഷ്റ മാതാപിതാക്കളോടും മകനോടുമൊപ്പമായിരുന്നു താമസം. പ്രദേശവാസിയായ ഒരാളുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നെന്നും അതിന്റെ പേരിലുള്ള തർക്കമായിരിക്കാം മരണത്തിലേക്കു നയിച്ചതെന്നും സംശയമുണ്ട്.
കിണറ്റിലേക്ക് വീഴുന്നതിനു മുൻപ് ഒൻപതിൽ ഏഴു പേര്‍ക്കും ജീവനുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാല്‍ ഇത് അന്വേഷണത്തിനു സഹായിക്കുന്ന വിധത്തിലുള്ള തെളിവല്ലെന്ന് പൊലീസ് പറയുന്നു. രണ്ടു പേർ ഉറങ്ങുകയോ അല്ലെങ്കിൽ അതിനോടകം മരിച്ചിട്ടുണ്ടാകുകയോ ചെയ്യാം. ഈ സാഹചര്യത്തിലാണ് ഇവർ കഴിച്ച ഭക്ഷണത്തിന്റെ സാംപിളുകൾ പരിശോധിക്കുന്നത്. വിഷാംശമുണ്ടോയെന്നു തിരിച്ചറിയുകയാണു ലക്ഷ്യം.
മരിച്ചവരുടെ നെഞ്ചിലെ അസ്ഥി കൂടുതൽ പരിശോധനയ്ക്കായി ഹൈദരാബാദിലെ ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഈ റിപ്പോർട്ട് 10 ദിവസത്തിനകം ലഭിക്കും. തുടർന്നു മാത്രമേ കേസിൽ തുമ്പുണ്ടാക്കാനാകുന്ന വിധം തെളിവ് ലഭിക്കുകയുള്ളൂ. ആറു സംഘങ്ങളെയാണ് കേസന്വേഷണത്തിനു നിയോഗിച്ചതെന്ന് എസിപി സി.ശ്യാം സുന്ദർ പറഞ്ഞു. ഒരു സംഘം തെളിവു ശേഖരിക്കാനും മറ്റുള്ളവർ മഖ്സൂദ് അലമിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴിയെടുക്കാനുമാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
ആത്മഹത്യയാണോ അതോ ആരെങ്കിലും ഇവരെ കിണറ്റിലേക്കു തള്ളിയിട്ടതാണോ എന്നതാണു പ്രധാനമായും അന്വേഷിക്കുന്നത്. പ്രാഥമികാന്വേഷണത്തിൽ മുങ്ങിമരണമാണെന്നു തെളിഞ്ഞിട്ടുണ്ട്. ചിലരുടെ ശരീരത്തിൽ മാന്തിയതിന്റെ പാടുകളുണ്ട്. ഇതെങ്ങനെ വന്നുവെന്നു വ്യക്തമായിട്ടില്ല. മരണവെപ്രാളത്തിനിടെ സംഭവിച്ചാതാകാമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് ചാക്കുനിർമാണ കേന്ദ്രത്തിൽ മഖ്സൂദിനും ഭാര്യയ്ക്കും ജോലി കിട്ടിയത്.
തുടക്കത്തിൽ കരീംബാദിലായിരുന്നു ഊ കുടുംബം വാടകയ്ക്കു താമസിച്ചു വന്നത്. ലോക്ഡൗൺ ആരംഭിച്ചതോടെ ഇവർക്കു വീട്ടിലേക്കു പോയിവരാൻ ബുദ്ധിമുട്ടായി. തുടർന്ന് നിർമാണ കേന്ദ്രത്തിലേക്ക് കുടുംബത്തോടെ താമസം മാറ്റി. ശ്രീറാമും ശ്യാമും കെട്ടിടത്തിന്റെ മുകളിലായിരുന്നു താമസം.
മഖ്സൂദിന്റെ കുടുംബം ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് ചണസഞ്ചി നിർമാണ കേന്ദ്രം ഉടമ സന്തോഷ് പറയുന്നു. ലോക്ഡൗൺ സമയത്ത് സന്തോഷാണ് ഇവർക്ക് താമസത്തിന് അനുമതി നൽകിയത്. എന്നാൽ മേയ് 21ന് വ്യാഴാഴ്ച ഇവിടെയെത്തിയപ്പോൾ ആരെയും കണ്ടില്ല. തൊഴിലാളികളെ കാണുന്നില്ലെന്നു പറഞ്ഞ് രാവിലെ പൊലീസിൽ പരാതി നൽകി. വൈകിട്ടു നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാറിൽനിന്നുള്ള രണ്ട് തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സഞ്ജയ് കുമാർ യാദവ്, മോഹൻ എന്നിവരെയാണ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്. ഇരുവരും കുടുംബത്തലവനായ മഖ്സൂദ് അസ്‌ലമുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരായിരുന്നു. മഖ്സൂദ് ഉൾപ്പെടെ മരിച്ച രണ്ടു പേരുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽനിന്നുള്ള ഫോൺവിളിയുടെ വിവരങ്ങൾ പരിശോധിച്ചതിൽനിന്നാണ് രണ്ടു പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതും.
കേസ് അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമ്മൂദ് അലി കഴിഞ്ഞ ദിവസം കമ്മിഷണർ വി. രവീന്ദറിനെ വിളിച്ചിരുന്നു. കേസിന്റെ പുരോഗതിയും അദ്ദേഹം ആരാഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.