http://www.metrovaartha.com/image/image.php?src=/uploads/news/2505201590384581190703019.jpg&w=710&h=400

പറമ്പിക്കുളത്തും നെന്മാറ, നെല്ലിയാമ്പതി മേഖലയിലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തി

രാജ്യത്ത് ആദ്യമായാണ് നീലഗിരിതാര്‍ സാന്നിധ്യം തിരിച്ചറിയാന്‍ വനംവകുപ്പ് ക്യാമറ ട്രാപ്പുകള്‍ ഉപയോഗിച്ചത്. ആകെ 60,000 ചിത്രങ്ങളാണ് ശേഖരിച്ചത്. അതില്‍ 82 നീലഗിരിതാറുകള്‍ കണ്ടെത്തി.

പാലക്കാട് : പറമ്പിക്കുളത്തും നെന്മാറ, നെല്ലിയാമ്പതി മേഖലയിലും നീലഗിരിതാര്‍ എന്നറിയപ്പെടുന്ന വരയാടുകളുടെ സാന്നിധ്യം കണ്ടെത്തി. പറമ്പിക്കുളം കടുവ സങ്കേതം നെന്മാറ ഡിവിഷന്‍, ചിമ്മണി വന്യജീവി സങ്കേതം, ചാലക്കുടി ഡിവിഷന്‍, വകച്ചാല്‍ ഡിവിഷന്‍, മലയാറ്റൂര്‍ ഡിവിഷന്‍, സൈലന്റ് വാലി നാഷനല്‍ പാര്‍ക്ക്, മണ്ണാര്‍ക്കാട് ഡിവിഷന്‍, പാലക്കാട് ഡിവിഷന്‍, നിലമ്പൂര്‍ എന്നിവ ഉള്‍പ്പെടുന്ന 50 ബ്ലോക്കുകളിലായി നടത്തിയ പഠനത്തിലാണ് നീലഗിരിതാര്‍ എന്നറിയപ്പെടുന്ന വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയത്. 150 ക്യാമറ ട്രാപ്പുകളും 200ഓളം ഫീല്‍ഡ് സ്റ്റാഫുകളും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ലോകത്ത് കാണപ്പെടുന്ന മൂന്ന് താര്‍ ഇനങ്ങളില്‍ ഏറ്റവും വലുതാണ് നീലഗിരിതാര്‍. വിദൂര പ്രദേശങ്ങളാണ് ഇവയുടെ ആവാസ വ്യവസ്ഥ. വംശനാശഭീഷണി നേരിടുന്ന ഇവയുടെ സംരക്ഷണ ഭാഗമായാണ് പറമ്പികുളം ടൈഗര്‍ റിസര്‍വ് സൈലന്റ് വാലി നാഷനല്‍ പാര്‍ക്കുമായി സഹകരിച്ച് പഠനം നടത്തിയത്. രാജ്യത്ത് ആദ്യമായാണ് നീലഗിരിതാര്‍ സാന്നിധ്യം തിരിച്ചറിയാന്‍ വനംവകുപ്പ് ക്യാമറ ട്രാപ്പുകള്‍ ഉപയോഗിച്ചത്. ആകെ 60,000 ചിത്രങ്ങളാണ് ശേഖരിച്ചത്. അതില്‍ 82 നീലഗിരിതാറുകള്‍ കണ്ടെത്തി.

നെന്മാറ ഡിവിഷനിലെ കുരിശുമലയിലും മണ്ണാര്‍ക്കാട് ഡിവിഷനിലെ മകല്‍മുടിയിലും നീലഗിരിതാറുകളെ കണ്ടെത്തി. ചാലക്കുടി ഡിവിഷനില്‍നിന്നും മലയാറ്റൂര്‍ ഡിവിഷനില്‍നിന്നും ആദ്യമായി നീലഗിരിതാറിന്റെ സാന്നിധ്യം കണ്ടെത്തി. പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്റ്റര്‍ ബി.എന്‍. അഞ്ജന്‍ കുമാര്‍, ഡെപ്യൂട്ടി ഡയറക്റ്റര്‍ വൈശാഖ് ശശികുമാര്‍, വന്‍ലാല്‍ഗട്ട പഞ്ച്‌ലു എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.