പാസ് കിട്ടിയില്ല; ചെക്പോസ്റ്റില്‍ വച്ച് പ്രസാദ് ഗായത്രിക്ക് താലിചാർത്തി
അതിർത്തി കടക്കാനുള്ള പാസ് കിട്ടാത്തത് മൂലം ചെക്പോസ്റ്റില്‍ വെച്ചു വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ് തമിഴ്നാട് സ്വദേശി പ്രസാദിനും കേരള വണ്ടിപ്പെരിയാര്‍ സ്വദേശി ഗായത്രിക്കും.
കുമളി: കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ അതിർത്തി കടക്കാൻ പാസുകൾ നിർബന്ധമാണ്. എന്നാൽ അതിർത്തി കടക്കാനുള്ള പാസ് കിട്ടാത്തത് മൂലം ചെക്പോസ്റ്റില്‍ വെച്ചു വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ് തമിഴ്നാട് സ്വദേശി പ്രസാദിനും കേരള വണ്ടിപ്പെരിയാര്‍ സ്വദേശി ഗായത്രിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരന് പാസ് ലഭിക്കാത്തത്തിനെ തുടർന്ന് അതിര്‍ത്തി കടന്നുവരാന്‍ സാധിച്ചില്ല.
തമിഴ്‌നാട്ടിലേക്ക് പോകാന്‍ വധുവിനും പാസ് ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് കേരളാ – തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കുമളിയില്‍ കുമളി പൊലീസും, റവന്യൂ ഡിപ്പാര്‍ട്മെന്‍റും, വോളന്‍റീയര്‍മാരും ഇടപെട്ട് ഇരുവരുടെയും വിവാഹം നടത്തി കൊടുത്തു.
വിവാഹം കഴിഞ്ഞ് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ വധുവിന് തമിഴ്നാട് പാസ് ലഭിച്ചു. തുടര്‍ന്ന് രണ്ടുപേരും വരന്‍റെ സ്വദേശമായ തമിഴ്നാട് പുതുപെട്ടിയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.