വിഷവാതക ദുരന്തം; എൽജി പോളിമേഴ്സിന്റെ വസ്തുവകകൾ പിടിച്ചെടുക്കാൻ ഉത്തരവ്
വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയിൽ അംഗങ്ങളല്ലാതെയുള്ളവർക്ക് പ്ലാന്റിലേക്കു പ്രവേശനം നിഷേധിച്ചിട്ടുമുണ്ട്. കേസിൽ അന്വേഷണം നടക്കുന്നതിനിടെ കമ്പനിയിൽനിന്ന് സ്റ്റെറീൻ ഗ്യാസ് ദക്ഷിണ കൊറിയയിലേയ്ക്ക് കടത്തിയതിനെതിരേയും കോടതി രൂക്ഷമായ വിമർശനമുന്നയിച്ചു.
ഹൈദരാബാദ്: വിശാഖപട്ടണത്തു വാതകചോർച്ചയ്ക്കിടയാക്കിയ എൽജി പോളിമേഴ്സ് കമ്പനിയുടെ വസ്തുവകകൾ പിടിച്ചെടുക്കാൻ ഉത്തരവ്. ആന്ധ്രാപ്രദേശ് ഹൈക്കോടതിയാണ് സർക്കാരിന് ഇതു സംബന്ധിച്ചു നിർദേശം നൽകിയത്. ദുരിതബാധിതർക്ക് നീതി ലഭ്യമാക്കുക, നിലവിലുള്ള സ്ഥലത്തുനിന്നു ഫാക്ടറി മാറ്റുക, കുറ്റവാളികൾക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പൊതുതാത്പര്യ ഹർജികൾ പരിഗണിക്കവെയാണു ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റീസ് ലളിത കന്നേഗന്തി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
കോടതിയുടെ ഉത്തരവില്ലാതെ കമ്പനി ഡയറക്ടർമാരെ രാജ്യംവിടാൻ അനുവദിക്കരുതെന്നു കോടതി നിർദേശിച്ചു. വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയിൽ അംഗങ്ങളല്ലാതെയുള്ളവർക്ക് പ്ലാന്റിലേക്കു പ്രവേശനം നിഷേധിച്ചിട്ടുമുണ്ട്. കേസിൽ അന്വേഷണം നടക്കുന്നതിനിടെ കമ്പനിയിൽനിന്ന് സ്റ്റെറീൻ ഗ്യാസ് ദക്ഷിണ കൊറിയയിലേയ്ക്ക് കടത്തിയതിനെതിരേയും കോടതി രൂക്ഷമായ വിമർശനമുന്നയിച്ചു.
കോടതിയുടെ അനുവാദമില്ലാതെ ഗ്യാസ് കൊണ്ടുപോകാൻ കമ്പനിയെ അനുവദിച്ചതിന് ആരാണ് ഉത്തരവാദിയെന്നും ഇക്കാര്യത്തിൽ സർക്കാർ മറുപടി പറയണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ മാസം ഏഴിന് പുലർച്ചെയാണു വിശാഖപട്ടണത്ത് എൽജി പോളിമർ പ്ലാന്റിൽ സ്റ്റെറീൻ എന്ന രാസവാതകം ചോരുന്നത്. വിശാഖപട്ടണം ജില്ലയിലെ ആർആർ വെങ്കട്ടപുരത്തുള്ള എൽജി പോളിമർ ഇൻഡസ്ട്രീസിൽ നിന്നാണു രാസവാതകം ചോർന്നത്. അപകടത്തിൽ 12 പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്.