http://www.metrovaartha.com/image/image.php?src=/uploads/news/25052015904189051741535263.jpg&w=710&h=400

അന്തം വിട്ട് ബ്രസീല്‍, തിന്നുകുടിച്ചു  പ്രസിഡന്‍റ്

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ യുഎസിനു തൊട്ടു പിന്നില്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ടായിരുന്ന മറ്റു രാജ്യങ്ങളെയെല്ലാം പിന്തള്ളി ബ്രസീല്‍ കുതിക്കുകയാണ്

ബര്‍സീലിയ: കൊവിഡ് 19 രൗദ്രഭാവം പൂണ്ട് സംഹാരതാണ്ഡവമാടുന്ന ബ്രസീലില്‍ ജനരോഷം അണപൊട്ടുന്നു. പ്രസിഡന്‍റ്  ജെയ്ര്‍ ബൊല്‍സനാരോയ്ക്കെതിരേ ജനം തെരുവില്‍. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ യുഎസിനു തൊട്ടു പിന്നില്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ടായിരുന്ന മറ്റു രാജ്യങ്ങളെയെല്ലാം പിന്തള്ളി ബ്രസീല്‍ കുതിക്കുകയാണ്. ഞായറാഴ്ച ഒരൊറ്റ ദിവസം ഈ തെക്കേ അമെരിക്കന്‍ രാജ്യത്ത് 15,813 പുതിയ കൊവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം മരണസംഖ്യ 22,000 കടന്നു കുതിക്കുന്നു. രോഗബാധിതരുടെ എണ്ണം 3,62,000 പിന്നിട്ടു.

ബ്രസീലിലെ ആദിവാസികള്‍ക്കിടയിലും രോഗബാധ അതിരൂക്ഷമാണ്. ലോകത്തേക്കും ഉയര്‍ന്ന മരണ നിരക്കാണ് ബ്രസീലിലെ ആദിവാസി മേഖലയില്‍ രേഖപ്പെടുത്തിയത്. ബ്രസീലിലെ ആകെ ആദിവാസികള്‍ ഒന്‍പതു ലക്ഷത്തോളം വരും. അവരില്‍ 980 പേര്‍ക്കു രോഗം സ്ഥീരീകരിച്ചു. 125 പേര്‍ മരണമടയുകയും ചെയ്തു. രോഗം ബാധിച്ചവരുടെ മരണ നിരക്ക് 12.6 ശതമാനം. രാജ്യത്ത് ഒരു നിയന്ത്രറവും ഏര്‍പ്പെടുത്താതെ സര്‍വസ്വാതന്ത്ര്യം അനുവദിച്ചതാണ് രോഗം തീവ്രമാകാന്‍ കാരണമെന്നാണു വിലയിരുത്തല്‍. പ്രസിഡന്‍റ് ജെയ്ര്‍ ബോള്‍സനാരോയുടെ നിരുവത്തരവാദിത്വപരമായ നടപടികള്‍ ബ്രസീലിനെ കൊലയ്ക്കു കൊടുത്തെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.

തലസ്ഥാന നഗരമായ ബര്‍സീലിയയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പ്രസിഡന്‍റിനെ നോക്കി ""കൊലയാളി'' എന്നാണ് ജനങ്ങള്‍ ആര്‍ത്തുവിളിച്ചത്. വലിയ തോതിലുള്ള സുരക്ഷാകവചം തീര്‍ത്ത് അദ്ദേഹത്തെ പൊലീസ് സ്ഥലത്തു നിന്നു മാറ്റി.  അതിനിടെ ബ്രസീലില്‍ നിന്നു വരുന്നവര്‍ക്ക് യുഎസില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഹോട്ട് സ്പോട്ടുകളില്‍ നിന്നു വരുന്നവര്‍ക്ക് പ്രവേശന പാസും അനുവദിക്കില്ല. ചൈന, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കു നേരത്തേമുതല്‍ യുഎസിലെക്കു പ്രവേശനാനുമതി നിഷേധിച്ചിരുന്നു.ഈ നിരയിലേക്കാണു ബ്രസീലും വരുന്നത്.