50,000 കടന്ന് മഹാരാഷ്ട്ര, 16,000 പിന്നിട്ട് തമിഴ്നാട്, പിടിതരാതെ മുംബൈ, ചെന്നൈ
രോഗവ്യാപനം നിയന്ത്രിക്കാനുള്ള ലോക് ഡൗൺ അടക്കം നടപടികൾ വൈറസ് ബാധിക്കുന്നവരുടെ കണക്കുകളെ പിടിച്ചുനിർത്തുന്നില്ല. ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ഇന്ത്യയെ ആദ്യ പത്തു സ്ഥാനങ്ങളിൽ എത്തിച്ചത് പ്രധാനമായും ഈ സംസ്ഥാനങ്ങളിലെ വ്യാപനമാണ്.
മുംബൈ, ചെന്നൈ: കൊവിഡ് വ്യാപനത്തിൽ ആശങ്കകൾ വർധിപ്പിച്ച് മഹാരാഷ്ട്രയും തമിഴ്നാടും ഗുജറാത്തും ഡൽഹിയും. പതിനായിരത്തിലേറെ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്ത ഈ നാലു സംസ്ഥാനങ്ങളിലും പുതിയ രോഗികളുടെ എണ്ണവും അനുദിനം ഏറുകയാണ്. ഇതിൽ തന്നെ മഹാരാഷ്ട്ര ആരോഗ്യ മേഖലയിലുള്ളവർക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു. രോഗവ്യാപനം നിയന്ത്രിക്കാനുള്ള ലോക് ഡൗൺ അടക്കം നടപടികൾ വൈറസ് ബാധിക്കുന്നവരുടെ കണക്കുകളെ പിടിച്ചുനിർത്തുന്നില്ല. ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ഇന്ത്യയെ ആദ്യ പത്തു സ്ഥാനങ്ങളിൽ എത്തിച്ചത് പ്രധാനമായും ഈ സംസ്ഥാനങ്ങളിലെ വ്യാപനമാണ്.
മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് ബാധിച്ചവർ 50,231 ആയിട്ടുണ്ട്. 1635 പേർ സംസ്ഥാനത്തു മരിച്ചു. രോഗമുക്തമായവർ 14,600 പേരാണ്. 30,000ലേറെ പേർക്ക് മുംബൈയിൽ മാത്രം രോഗബാധയുണ്ടായിട്ടുണ്ട്. ആശുപത്രികൾ രോഗികളെക്കൊണ്ടു നിറയുന്നു. ജനങ്ങൾ ആശങ്കയോടെ ദിവസങ്ങൾ തള്ളിനീക്കുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനം മുന്നോട്ടുനീങ്ങാനാവാതെ വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയിലേക്കാണു പോകുന്നത്.
30,542 കേസുകൾ, 988 മരണം- മുംബൈയിലെ കൊവിഡ് കണക്ക് ഇപ്പോൾ ഇങ്ങനെയാണ്. ഇതുവരെ രോഗം ബാധിച്ചവരിൽ 21,297 പേരാണ് ചികിത്സയിലുള്ളത്. നഗരത്തിലെ ആശുപത്രികളിൽ ഇനി സ്ഥലമില്ലെന്ന അവസ്ഥയായി. മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർ ശാരീരികമായും മാനസികമായും ക്ഷീണിക്കുന്നു. അഹോരാത്രം അധ്വാനം. ഡോക്റ്റർമാരടക്കം ആരോഗ്യ പ്രവർത്തകർക്ക് രോഗം പകരുന്നു. ആശുപത്രികളിലെ ക്യൂകളിൽ സംഘർഷം. മരിച്ചവരുടെ ബന്ധുക്കൾ തീരുമാനങ്ങൾക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നു. സ്വകാര്യ ആശുപത്രികളും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ബസുകളും സ്കൂൾ വാനുകളും വരെ ആംബലുൻസുകളാക്കാൻ ശ്രമിക്കുന്നു. ഈ വലിയ ഭീഷണി മുന്നിൽക്കണ്ട് വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയില്ല മുനിസിപ്പൽ കോർപ്പറേഷനെന്ന് ആരോപണം ഉയരുന്നു.
സംസ്ഥാനത്ത് 29 ശതമാനത്തോളം കൊവിഡ് രോഗികൾക്ക് ആശുപത്രിവാസം വേണ്ടിവരുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. ഇതിൽ 20 ശതമാനം പേർക്ക് ഐസിയുവും അഞ്ചു ശതമാനത്തിന് വെന്‍റിലേറ്ററും വേണ്ടിവരുന്നു. ഇതനുസരിച്ച് മുംബൈയിൽ ആറായിരത്തിലേറെ രോഗികൾക്ക് ആശുപത്രിവാസം വേണം ഇപ്പോൾ. 4200ഓളം പേർക്ക് ഐസിയുവും ആയിരത്തിലേറെ പേർക്ക് വെന്‍റിലേറ്ററും വേണം. മറ്റു പല രോഗങ്ങളാലും അതീവ ഗുരുതരാവസ്ഥയിലുള്ളവർക്കു വേണ്ട സൗകര്യങ്ങൾക്കു പുറമേയാണ് ഇതെല്ലാം ഒരുക്കേണ്ടത്.
നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം ബെഡ്ഡുകൾ ഏറ്റെടുത്ത ശേഷവും 1,165 ബെഡ്ഡുകളാണ് ബിഎംസിയുടെ നിയന്ത്രണത്തിലുള്ളതെന്നാണു റിപ്പോർട്ടുകൾ. 589 വെന്‍റിലേറ്ററുകളും 2255 ഓക്സിജൻ സപ്പോർട്ട് സിസ്റ്റമുള്ള കിടക്കകളുമുണ്ട്. ഇതൊന്നും പോരാതെ വരുന്നു. ജൂൺ അവസാനമാകുമ്പോഴേക്കും ലക്ഷത്തിലേറെ പേർക്ക് മുംബൈയിൽ രോഗബാധയുണ്ടാകാമെന്ന് കണക്കുകൂട്ടുന്ന വിദഗ്ധരുണ്ട്. അന്നത്തെ അവസ്ഥയിലേക്ക് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുക ചെറിയ വെല്ലുവിളിയൊന്നുമല്ല.
തമിഴ്നാട്ടിലെ മൊത്തം രോഗബാധിതർ 16,277 ആണ്. 8,324 പേർ ഇതിൽ രോഗമുക്തരായി എന്ന ആശ്വാസമുണ്ട്. മഹാരാഷ്ട്രയിൽ മുംബൈ പോലെ തന്നെയാണ് തമിഴ്നാടിനു ചെന്നൈയും. രോഗബാധിതരിൽ പകുതിയിലേറെയും സംസ്ഥാന തലസ്ഥാനത്താണ്. 10,576 പേർക്ക് ചെന്നൈയിൽ രോഗം ബാധിച്ചു കഴിഞ്ഞു. ഇതിൽ ആക്റ്റിവ് കേസുകൾ 5653. തമിഴ്നാട്ടിലെ 80 ശതമാനത്തോളം മരണവും ചെന്നൈയിലാണ്. ഇതുവരെ 78 പേർ കൊവിഡ് ബാധിച്ചു ചെന്നൈയിൽ മാത്രം മരിച്ചു. റോയപുരം, കോടമ്പാക്കം, തൊണ്ട്യാർപേട്ട്, തിരുവിക നഗർ തുടങ്ങി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലാണ് നഗരത്തിൽ ഏറെ രോഗബാധയുമുള്ളത്. റോയപുരത്ത് 1204 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. കോടമ്പാക്കത്ത് 707.
ഗുജറാത്തിൽ 14,056 പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഇതിൽ 6412 പേർ രോഗമുക്തരായിട്ടുണ്ട്. 858 പേർ മരിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഗുജറാത്തിലാണ്. 13,418 പേർക്കാണു ഡൽഹിയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 261 പേർ മരിച്ചു. 6,540 പേർ രോഗമുക്തി നേടി.