http://www.metrovaartha.com/image/image.php?src=/uploads/news/2505201590378377251129043.jpg&w=710&h=400

ഹോക്കി മാന്ത്രികൻ ബൽബീർ സിങ് സീനിയർ അന്തരിച്ചു

എക്കാലത്തെയും മികച്ച താരങ്ങളായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തെരഞ്ഞെടുത്ത 16 മാന്ത്രികരിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ താരമാണ് ബൽബീർ. ഒളിംപിക്സ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ബൽബീറിന്‍റെ ലോക റെക്കോഡ് ഇന്നും നിലനിൽക്കുന്നു.

ചണ്ഡിഗഡ്: ഇന്ത്യൻ ഹോക്കിയുടെ ഐക്കണിക് താരം ബൽബീർ സിങ് സീനിയർ അന്തരിച്ചു. തൊണ്ണൂറ്റഞ്ചുകാരനായ ബൽബീർ രണ്ടാഴ്ചയോളമായി ആരോഗ്യസംബന്ധമായ പ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു. മൂന്നു തവണത്തെ ഒളിംപിക് സ്വർണ ജേതാവാണ് ബൽബീർ. ഇന്നു പുലർച്ചെ ആറരയോടെയാണ് അന്ത്യം സംഭവിച്ചതെന്ന് മൊഹാലി ഫോർട്ടിസ് ആശുപത്രി ഡയറക്റ്റർ അഭിജിത് സിങ് പറഞ്ഞു. മേയ് എട്ടിനാണ് ബൽബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എക്കാലത്തെയും മികച്ച താരങ്ങളായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തെരഞ്ഞെടുത്ത 16 മാന്ത്രികരിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ താരമാണ് ബൽബീർ. ഒളിംപിക്സ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ബൽബീറിന്‍റെ ലോക റെക്കോഡ് ഇന്നും നിലനിൽക്കുന്നു. 1952ലെ ഹെൽസിങ്കി ഒളിംപിക്സിൽ ഹോളണ്ടിനെതിരേ ഇന്ത്യയുടെ 6-1 വിജയത്തിലായിരുന്നു അത്. അന്നു ബൽബീർ നേടിയത് അഞ്ചു ഗോളുകൾ.

തുടർച്ചയായി ആറു തവണ ഹോക്കി സ്വർണം നേടിയ ഇന്ത്യയുടെ അഞ്ചാമത്തെ വിജയമായിരുന്നു അത്.
1948ൽ ലണ്ടനിലും 52ൽ ഹെൽസിങ്കിയിലും സ്വർണം നേടിയ ടീമിന്‍റെ വൈസ്ക്യാപ്റ്റനായിരുന്നു ബൽബീർ. 1956ൽ മെൽബണിൽ ക്യാപ്റ്റനും. 1975ൽ ലോകകപ്പ് നേടിയ ടീമിന്‍റെ മാനെജരും ബൽബീറായിരുന്നു. മകൾ: സുഷ്ബീർ. മൂന്നു പുത്രന്മാർ: കൻവാൽബീർ, കരൺബീർ, ഗുർബീർ.