http://www.metrovaartha.com/image/image.php?src=/uploads/news/25052015903897571217272641.jpg&w=710&h=400

കൊവിഡ് നിരീക്ഷണം: കടുത്ത പ്രതിസന്ധിയിൽ സ്വകാര്യ ലോഡ്ജ് ഉടമകൾ

ലോക്ക് ഡൗണിൽ ലോഡ്ജുകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ പലരും കേബിൾ കണക്ഷനും, ജീവനക്കാരെയും ഒഴിവാക്കിയിരുന്നു. എന്നാൽ നിരീക്ഷണത്തിനായി ലോഡ്ജുകൾ റവന്യൂ വകുപ്പ് പിടിച്ചെടുത്ത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് താക്കോൽ കൈമാറുകയായിരുന്നു

കണ്ണൂർ: കോവിഡ്  19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിൽ നിന്നും, വിദേശത്തു നിന്നും എത്തുന്നവർക്കായി നിരീക്ഷണത്തിൽ കഴിയുന്നതിനായി അധികൃതർ പിടിച്ചെടുത്ത സ്വകാര്യ ലോഡ്ജുകൾക്ക്  പണം നൽകാനാവില്ലെന്ന അധികൃതരുടെ നിലപാട് ലോഡ്ജ്ജ് ഉടമകൾക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും.

ലോക്ക് ഡൗണിൽ ലോഡ്ജുകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ പലരും കേബിൾ കണക്ഷനും, ജീവനക്കാരെയും ഒഴിവാക്കിയിരുന്നു. എന്നാൽ നിരീക്ഷണത്തിനായി ലോഡ്ജുകൾ റവന്യൂ വകുപ്പ് പിടിച്ചെടുത്ത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് താക്കോൽ കൈമാറുകയായിരുന്നു.

ജില്ലയിൽ ഈ രീതിയിൽ നിരവധി ലോഡ്ജുകൾ പിടിച്ചെടുത്തിട്ടുണ്ട്. അടച്ചിട്ടാൽ വൈദ്യൂതി ,വെള്ളം നിരക്കുകൾ മിനിമം നിരക്ക് മാത്രമാണ് വരിക. എന്നാൽ സർക്കാർ മുറികളിൽ  നിരിക്ഷണത്തിലുള്ള ആളുകളെ താമസിപ്പിച്ചതോടെ  വൈദുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗം വർദ്ധിച്ച് ഭീമമായ സംഖ്യ വരുമെന്ന് ലോഡ്ജ് ഉടമകൾ പറയുന്നു.ഇതിൽ ചിലർ ലോഡ്ജ് ഉടമകളിൽ നിന്ന് മാസവാടകയ്ക്ക് നടത്താൻ എടുത്തവരും ഉണ്ട്.

വാടക നൽകുന്നില്ലെങ്കിലും കേബിൾ ടിവി, വെള്ളം,വൈദ്യുതി ചാർജ്ജ് എന്നിവ നൽകണമെന്ന ആവശ്യമുന്നയിച്ച് ലോഡ്ജുടമകൾ അധികൃതരെ സമീപിച്ചെങ്കിലും നിരിക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകുവാനുള്ള ഉത്തരവ് മാത്രമെയുള്ളുവെന്ന് അറിയിച്ച് കൈ മലർത്തുകയാണ് ഉണ്ടായത്.

നിരിക്ഷണത്തിൽ ഉള്ളവർ ഓരോ പതിനാലു ദിവസം കഴിയുമ്പോഴും മാറി മാറി വരുകയും, 24 മണിക്കൂറും ഉപകരണങ്ങൾ പ്രവർത്തിക്കുന്നതും ലോഡ്ജ് ഉടമകളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഈ കാര്യത്തിൽ അടിയന്തിരമായി ഒരു തീരുമാനമെടുത്തില്ലെങ്കിൽ വൈദ്യുതിയും ,വെള്ളവും വിഛേദിച്ച് പ്രതിഷേധിക്കുവാൻ ഒരുങ്ങുകയാണ് ലോഡ്ജ് ഉടമകൾ.