ആള്, ആരവം, കെട്ടിമേളം...പ്രണയദിനത്തില്‍ ഒരു കുതിരക്കല്ല്യാണം

https://www.mathrubhumi.com/polopoly_fs/1.4528762.1581689359!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image. ANI

ബെംഗളൂരു: പ്രണയദിനം മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും പ്രണയം സാഫല്യമാക്കാനുള്ള ദിനമാണ്. അത്തരത്തില്‍ പ്രണയം സാഫല്യമായ ഒരു കുതിരക്കല്ല്യാണത്തിനാണ് ബെംഗളുരുവിലെ കബ്ബണ്‍ പാര്‍ക്ക് സാക്ഷ്യം വഹിച്ചത്. ബംഗളൂരുവിലെ രാജ-റാണി എന്ന രണ്ടു കുതിരകളാണ് വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതരായത്. 

കന്നഡ വതല്‍ പാര്‍ട്ടി ചെയര്‍മാന്‍ വതല്‍ നാഗരാജിന്റെ കാര്‍മികത്വത്തിലാണ് വിവാഹം നടന്നത്. നാഗസ്വരത്തിന്റെയും തകിലിന്റെയും അകമ്പടിയോടുകൂടി പരമ്പരാഗതരീതിയിലുള്ള വിവാഹമായിരുന്നു. വരന്‍ മുണ്ടും വധു സാരിയും താലിമാലയും വിവാഹവേളയില്‍ ധരിച്ചു. നിരവധി ആളുകളാണ് കുതിരക്കല്ല്യാണത്തില്‍ പങ്കെടുത്തത്.

ഇതിനുമുമ്പും നാഗരാജ് ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ട് ചെമ്മരിയാടുകളെയാണ് നാഗരാജ് വിവാഹം ചെയ്തു കൊടുത്തത്.

പ്രണയിക്കുന്നവര്‍ക്ക് വിവാഹം കഴിക്കാന്‍ സഹായിക്കുന്നതിനായി ഒരു ലക്ഷം രൂപയും 50,000 രൂപയും നല്‍കണമെന്ന് നാഗരാജ് കേന്ദ്രസര്‍ക്കാരിനോടും കര്‍ണാടക സംസ്ഥാന സര്‍ക്കാറുകളോടും അഭ്യര്‍ത്ഥിച്ചിരുന്നു.

Content Highlights: Horse wedding on Valentines day in Bengaluru