https://www.doolnews.com/assets/2020/02/jammu-399x227.jpg

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍; 'നിര്‍ദ്ദേശം സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി'

by

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ദ്രുതഗതിയില്‍ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍. വെള്ളിയാഴ്ച കശ്മീരില്‍ നടത്തിയ ഒടുവിലത്തെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് പിന്നാലെ 2019 ഓഗസ്റ്റുമുതല്‍ പ്രദേശത്ത് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍നിന്നടക്കം 25 രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ശ്രീനഗറിലും ജമ്മുവിലും രണ്ടുദിവസത്തെ സന്ദര്‍ശനം നടത്തിയത്. പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ജമ്മു കശ്മീരിലെ നിലവിലെ അവസ്ഥയെക്കുറിച്ച് പഠിക്കാനായിരുന്നു സന്ദര്‍ശനം.

‘സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. അവശേഷിക്കുന്നവ ദ്രുതഗതിയില്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ചില രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും അവിടെ തടങ്കലിലാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്’, യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.