https://janamtv.com/wp-content/uploads/2019/12/cpm-1.jpg

റോഡ് റീ ടാറിംഗ് ചെയ്തിട്ട് 30 വര്‍ഷം; വര്‍ക്കലയിലെ സിപിഎം നഗരസഭയ്‌ക്കെതിരെ സമരം പ്രഖ്യാപിച്ച് പാര്‍ട്ടി കൗണ്‍സിലര്‍

by

കൊല്ലം: വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ ഇടത്പക്ഷത്തിന്റെ തമ്മിലടി. 5-ാം വാര്‍ഡ് കൗണ്‍സിലറും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണും തമ്മിലുള്ള പോര് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി 17ന് (തിങ്കളാഴ്ച) ചെയര്‍പേഴ്‌സണായ ബിന്ദു ഹരിദാസിനെതിരെ 5-ാം വാര്‍ഡ് കൗണ്‍സിലര്‍ എ.ശിശുപാലന്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കരുനിലക്കോട് ലക്ഷംവീട് പുത്തന്‍പൂങ്കാവ് ക്ഷേത്രത്തിലേക്കുള്ള റോഡ് കഴിഞ്ഞ 30 വര്‍ഷത്തോളമായി റീടാറിംഗ് ചെയ്യാത്തതിലും പിള്ളവീട് കല്ലാഴി റോഡ് റീടാറിംഗ് ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് സമരം. ഇതിനു പുറമെ, ലക്ഷംവീട് കോളനിയിലെ 2 കുളങ്ങള്‍ ഉള്‍പ്പെടെയുള്ള ആറ് കുളങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാത്തതിലും തണ്ണീര്‍ത്തടങ്ങളും നീര്‍ച്ചാലുകളും സംരക്ഷിക്കാത്തതിലും ശിശുപാലന്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

സത്യാഗ്രഹ സമരവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്റെ അവഗണനയെക്കുറിച്ചും പറയുന്നുണ്ട്. 17ന് രാവിലെ 9 മണിക്ക് ലക്ഷംവീട് കോളനിയിലേക്കുള്ള കവാടത്തിലാണ് ശിശുപാലന്റെ സത്യാഗ്രഹ സമരം നടക്കുക. 11 മണിക്ക് റോഡിലൂടെ ഉരുണ്ടുകൊണ്ടുള്ള പ്രതിഷേധവും ഉണ്ടായിരിക്കുമെന്ന് നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.