എസ്.എഫ്.ഐയുടെ പുല്‍വാമ അനുസ്മരണത്തിന് സമാന്തരമായി കെ.എസ്.യുവിന്റെ തീറ്റമത്സരം; എറണാകുളം ലോ കോളജില്‍ സംഘര്‍ഷം

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/02/372806/clash.jpg

കൊച്ചി: എറണാകുളം ലോ കോളജില്‍ സംഘര്‍ഷം. കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം. എസ്.എഫ്.ഐ കോളജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്ന് പുല്‍വാമ അനുസ്മരണം സംഘടിപ്പിച്ചിരുന്നു. ഇതേസമയം തന്നെ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ തീറ്റ മത്സരവും സംഘടിപ്പിച്ചു.

രണ്ട് പരിപാടികള്‍ ഒരേ സമയം സംഘടിപ്പിച്ചതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കെ.എസ്.യു പുറത്തുനിന്നുള്ളവരെ ക്യാംപസില്‍ എത്തിച്ച് ആക്രമിച്ചുവെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഇരു ഭാഗത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരെ എറണാകുളം ജനറല്‍ ആശുപത്രിയിലും കെ.എസ്.യു പ്രവര്‍ത്തകരെ ഇന്ദിരാ ഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് ലോ കോളജ് പത്ത് ദിവസത്തേക്ക് അടച്ചു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.